ചെന്നൈ: തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ റേഷൻ കടകൾ വഴി തക്കാളി വിൽക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. ചെന്നൈയിലെ റേഷൻ കടകളിൽ നിന്നും തക്കാളി 60 രൂപയ്ക്ക് ഇന്നുമുതൽ വിൽക്കും. മാർക്കറ്റിൽ 1 കിലോ തക്കാളിയ്ക്ക് 160 രൂപയാണ് വില. തമിഴ്നാട് സഹകരണ മന്ത്രി കെ.ആർ പെരിയകറുപ്പൻ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം അറിയിച്ചത്.
കൂടുതൽ വാർത്തകൾ: LPG സിലിണ്ടറിന് വീണ്ടും വില ഉയർന്നു; പുതിയ നിരക്കുകൾ അറിയാം..
ചെന്നൈയിലെ 82 റേഷൻ കടകളിലൂടെയാണ് തക്കാളി വിൽക്കുന്നത്. ഉയരുന്ന പച്ചക്കറി വില കുറയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും നാല് ദിവസത്തിനുള്ളിൽ തക്കാളിവില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യം. തമിഴ്നാട്ടിൽ പ്രവർത്തിക്കുന്ന ഫാം ഫ്രഷ് വെജിറ്റബിൾ ഔട്ട്ലെറ്റുകൾ വഴി വിപണി വിലയുടെ പകുതി നിരക്കിൽ തക്കാളി വിൽക്കാനും യോഗത്തിൽ തീരുമാനമായി.
കനത്ത മഴമൂലം കൃഷിനാശം സംഭവിച്ചതോടെയാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തക്കാളി വരവ് കുറഞ്ഞത്. ദീർഘനാൾ സൂക്ഷിച്ചു വയ്ക്കാൻ സാധിക്കാത്തതും കൃത്യസമയത്ത് മാർക്കറ്റുകളിൽ എത്തിക്കാൻ സാധിക്കാത്തതും മറ്റൊരു തിരിച്ചടിയാണ്. കഴിഞ്ഞ ദിവസങ്ങളിലായി തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തക്കാളി വില കുതിച്ചുയരുകയാണ്. ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് തക്കാളി ഇറക്കുമതി ചെയ്യുന്നത്.
പിന്നാലെ ഉള്ളിയും പച്ചമുളകും..
വിലക്കയറ്റത്തിൽ തക്കാളിയ്ക്ക് പിന്നാലെ കുതിക്കുകയാണ് ചെറുയുള്ളിയും പച്ചമുളകും. കോയമ്പേട് മാർക്കറ്റിൽ 1 കിലോ ചെറിയുള്ളിയ്ക്ക് 100 രൂപയും പച്ചമുളകിന് 70 രൂപയുമാണ് വില. തക്കാളിയ്ക്ക് വില കൂടുന്ന സാഹചര്യത്തിലും രുചിയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല തമിഴ്നാട്ടുകാർ. വാളൻപുളിയും നാരങ്ങയുമാണ് ഇപ്പോൾ തക്കാളിയ്ക്ക് പകരക്കാരായി അടുക്കളയിൽ സ്ഥാനം പിടിച്ചത്.