കേരളത്തിൽ സീസൺ കഴിഞ്ഞിട്ടും കോഴിയിറച്ചി വില കുതിക്കുന്നു. ബ്രോയിലർ കോഴിയിറച്ചി 1 കിലോ 250 രൂപയ്ക്കാണ് ഇപ്പോൾ വിൽക്കുന്നത്. ഇറച്ചി വില ഉയരുന്ന സാഹചര്യത്തിൽ വിൽപന നിർത്തേണ്ടി വരുമെന്ന് ചിക്കൻ വ്യാപാരി വ്യവസായി സമിതി അറിയിച്ചു.
കൂടുതൽ വാർത്തകൾ: ക്ഷേമപെൻഷൻ വിതരണം ജൂൺ 8 മുതൽ; 1 മാസത്തെ കുടിശിക ലഭിക്കും
ചൂട് ഉയരുന്നതുമൂലം കോഴികളുടെ ഉൽപാദനം കുറഞ്ഞത് കൊണ്ടാണ് വില വർധിപ്പിക്കുന്നതെന്നാണ് കോഴി ഫാം ഉടമകൾ പറയുന്നത്. എന്നാൽ ഇത്തരം നിലപാടുകൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് സമിതി പറഞ്ഞു. വില വർധനവിൽ പ്രതിഷേധിച്ച് ഈ മാസം 14 മുതൽ കോഴിക്കോട് ജില്ലയിലെ കച്ചവടക്കാർ അനശ്ചിതകാല കടയടപ്പുസമരം നടത്തുമെന്ന് സമിതി ജില്ലാ പ്രസിഡന്റ് കെ.വി റഷീദ് പറഞ്ഞു.
ഉൽപാദനം കുറഞ്ഞതും തീറ്റവില ഉയർന്നതുമാണ് വില കൂടാൻ കാരണമെന്ന് കോഴിക്കർഷകർ പറയുന്നു. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് കോഴിത്തീറ്റ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത്.
വിപണി നിയന്ത്രിച്ച് തമിഴ്നാടൻ ഫാമുകൾ..
കേരളത്തിലെ ചിക്കൻ വില നിർണയിക്കുന്നതിൽ തമിഴ്നാടൻ ഫാമുകളുടെ പങ്ക് വളരെ വലുതാണ്. കേരളത്തിലെ ഫാമുകളിലേക്ക് കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത് തമിഴ്നാട്ടിൽ നിന്നാണ്. കേരളത്തിൽ ഉൽപാദനം കൂടിയാലും തമിഴ്നാട്ടിൽ നിന്നുമെത്തുന്ന കോഴിയ്ക്ക് വില കുറയ്ക്കും. ഈ സാഹചര്യത്തിൽ വില കുറച്ച് വിൽക്കാൻ മാത്രമെ കേരളത്തിലെ കോഴിക്കർഷകർക്ക് സാധിക്കൂ.
കൊവിഡ് മൂലം നിരവധി പൗൾട്രി ഫാമുകൾ പൂട്ടിയത് സംസ്ഥാനത്തെ കോഴി ഉൽപാദനത്തെ ബാധിച്ചു. ഇതിനുമുമ്പ് കേരളത്തിലേക്ക് ആവശ്യമായ കോഴിയിറച്ചിയുടെ പകുതി ശതമാനവും തദ്ദേശീയമായാണ് ഉൽപാദിപ്പിച്ചിരുന്നത്. ഈ സാഹചര്യത്തിൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾക്കും വില ഉയരുകയാണ്.