തിരുവനന്തപുരം: പാരമ്പര്യ അറിവുകളും പാരമ്പര്യ വിജ്ഞാനവും നാട്ടറിവുകളും സംരക്ഷിച്ച് അടുത്ത തലമുറയ്ക്കായി കൈമാറണമെന്ന് മന്ത്രി ആന്‍റണി രാജു.
പടിഞ്ഞാറേക്കോട്ട മിത്രനികേതൻ സിറ്റി സെന്‍ററിൽ വൈദ്യമഹാസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ സംസ്ഥാന നാട്ടുവൈദ്യ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാരമ്പര്യ വൈദ്യം വെല്ലുവിളികൾ നേരിടുകയാണ്. ജനോപകാരപ്രദമായ പ്രവർത്തനം നടത്തിയാൽ സമൂഹം അംഗീകരിക്കും. വിജയിപ്പിക്കുന്ന ചികിത്സാ മാർഗങ്ങളെ ലോകം ഏറ്റെടുക്കും. കോവിഡ് പോലുള്ള മഹാമാരികൾക്കെതിരായ മരുന്നുകൾ ജനങ്ങൾക്ക് ഉപകാരപ്രദമായാൽ സമൂഹം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരത സംസ്ക്കാരത്തിന്റെയും വിജ്ഞാനത്തിന്റേയും ഭാഗമായ പാരമ്പര്യ ചികിത്സാ രീതികൾ കൂടുതൽ പേരിലേക്ക് പകർന്നു നൽകണമെന്ന് അനുഗ്രഹ പ്രസംഗത്തിൽ കോലാപ്പൂർ കനേരി സിദ്ധഗിരിമഠം മഠാധിപതി സ്വാമി അദൃശ്യകാട് സിദ്ധേശ്വര പറഞ്ഞു.
2023 ഫെബ്രുവരി 20-26 വരെ കനേരി മഠത്തിൽ നടക്കുന്ന സുമംഗളം പഞ്ചമഹാഭൂത് മഹോത്സവത്തോട് അനുബന്ധിച്ച് വൈദ്യ മഹാസഭയുമായി സഹകരിച്ച് 3 ദിവസം ദേശീയ നാട്ടറിവ് - നാട്ടുവൈദ്യ സംഗമം നടത്തുമെന്നും സ്വാമിജി അറിയിച്ചു.
മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ സ്വാമി വിശ്രുതാനന്ദ, ഗുരു യോഗി ശിവൻ, കെ.ജി. മുരളീധരൻ ഉണ്ണിത്താൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ന് (31.12.22) രാവിലെ 8.30-ന് ചെറുധാന്യ ക്യാമ്പെയിൻ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും.
ഇന്നത്തെ പരിപാടി
31-12-2022
പടിഞ്ഞാറേകോട്ട മിത്രനികേതൻ സിറ്റി സെന്‍ററിൽ നബാർഡിന്റെ സഹായത്തോടെ ശാന്തിഗ്രാം , വൈദ്യമഹാസഭ, കപില ഫൗണ്ടേഷൻ സംയുക്താഭിമുഖ്യത്തിൽ ആരംഭിക്കുന്ന ചെറുധാന്യ ക്യാമ്പെയിൻ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 8.30-ന് മന്ത്രി ജി.ആർ. അനിൽ. ഉച്ചയ്ക്ക് 1 മുതൽ 2.30. വരെ മില്ലറ്റ് ലഞ്ച്.