1. കേരളത്തിലെ കര്‍ഷകര്‍ക്ക് സഹായവുമായി ലോകബാങ്ക്. കർഷകരെ കാലാവസ്ഥാവ്യതിയാനത്തോട് പൊരുത്തപ്പെടുത്തുന്നതിന് സഹായിക്കുന്നതിനും കാർഷിക സംരംഭകരെ മൂല്യവർധിത ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനുമുളള പദ്ധതിക്ക് ലോകബാങ്കിൻ്റെ അംഗീകാരം. അഗ്രി-ഫുഡ് ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (എസ്.എം.ഇ.കൾ), പ്രത്യേകിച്ച് വനിതാ സംരഭകര്‍ക്ക് 75.72 കോടി രൂപ (9 മില്യൺ ഡോളർ) ധനസഹായം ഉറപ്പാക്കുന്നതാണ് പദ്ധതി. കാലാവസ്ഥാവ്യതിയാനത്തെ നേരിടുക എന്ന ലക്ഷ്യത്തോടെ രൂപം നല്‍കിയ കേര പദ്ധതിയുടെ ആദ്യ ഗഡുവായി 1655 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 4 ലക്ഷം കർഷകർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. കാപ്പി, ഏലം, റബ്ബർ എന്നിവയുടെ കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഇനങ്ങളെ പ്രോത്സാഹിപ്പിക്കുക, കേരളത്തിലെ “ഫുഡ് പാർക്കുകൾ” ഗ്രാമീണ മേഖലകളിലേക്ക് വ്യാപിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. കർഷകരും കാർഷിക ബിസിനസുകളും തമ്മിൽ കൂടുതല്‍ ഉത്പാദനപരമായ കൂട്ടുകെട്ടുകള്‍ രൂപീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കൂടാതെ അഗ്രി-ടെക് സ്റ്റാർട്ടപ്പുകളെ പരിപോഷിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
2. കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള മണ്ണുത്തിയിലെ തൃശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ BSc അഗ്രിക്കൾച്ചർ പഠിച്ചവർക്ക് ഫാം മാനേജ്മെന്റിൽ 15 ദിവസം നീളുന്ന നൈപുണ്യ പരിശീലനം നൽകുന്നു. 4,500 രൂപയാണ് പരിശീലന ഫീസ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയങ്ങളിൽ 9400483754 എന്ന ഫോൺ നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
3. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാല്‍ ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ചക്രവാതച്ചുഴികളുടെ സ്വാധീനത്തിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.