1. റബ്ബർ ആവർത്തനക്കൃഷിക്കുള്ള സബ്‌സിഡി പുനരാരംഭിച്ച് റബ്ബർ ബോർഡ്. തോട്ടത്തിലെ പ്രായമായ റബ്ബർ മരങ്ങൾ മുറിച്ച് പുതിയ തൈകൾ നടുന്നതിന് ഹെക്ടറിന് 40,000 രൂപയാണ് ഈ വർഷം ആനുകൂല്യം ലഭിക്കുക. 2017-ൽ നിർത്തി വച്ച സബ്‌സിഡിയാണ് വർഷങ്ങൾക്കു ശേഷം ഇപ്പോൾ പുനഃസ്ഥാപിച്ചിട്ടുള്ളത്. കേന്ദ്രസർക്കാരിന്റെ സർവീസ് പ്ലസ് പോർട്ടൽ വഴി ഒക്ടോബർ 31 വരെ കർഷകർക്ക് സ്വയം അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ ഫീൽഡ് ഓഫീസർമാരെ കാണിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തി അപ്‌ലോഡ് ചെയ്യുന്നതാണ് ഉത്തമമെന്നും റബ്ബർ ബോർഡ് അറിയിച്ചു.
2. കണ്ണൂർ കക്കാട് റോഡിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ 20-ാം തീയതി രാവിലെ 10.15 മുതൽ വൈകുന്നേരം അഞ്ച് മണി വരെ കാട വളർത്തലിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ സെപ്റ്റംബർ 19-ാം തീയതി വൈകുന്നേരം നാല് മണിക്കകം പരിശീലന കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0497 2763473 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്നും നാളെയും വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ടെന്നും അറിയിപ്പിൽ പറയുന്നു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.