1. ആഗോള ലൈവ്സ്റ്റോക്ക് കോൺക്ലേവിന്റെ വെബ്‌സൈറ്റും ബ്രോഷറും കൊച്ചിയിൽ ഔദ്യോഗികമായി പുറത്തിറക്കി. കന്നുകാലി-ക്ഷീര കാർഷിക മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കൊണ്ട് യുവജനതയെ ഈ മേഖലയിലേക്ക് ആകർഷിക്കുക ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൃഗസംരക്ഷണം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേരള വെറ്റിനറി സര്‍വകലാശാല ആഗോള ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. വെബ്‌സൈറ്റിൻ്റെ പ്രകാശനം കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) വൈസ് ചാൻസലർ ഡോ. പ്രദീപ് കുമാറും ബ്രോഷറിൻ്റെ പ്രകാശനം കുഫോസ് രജിസ്ട്രാർ പ്രൊഫ. ഡോ. ദിനേശ് കൈപ്പുള്ളിയും നിർവഹിച്ചു. കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ പ്രൊഫസർ ഡോ. പി.സുധീർ ബാബു, അക്കാദമിക് ആന്റ് റിസേര്‍ച്ച് ഡയറക്ടര്‍ പ്രൊഫസര്‍ ഡോ. സി ലത, ഡയറക്ടര്‍ ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് പ്രൊഫസര്‍. ഡോ. ടി എസ് രാജീവ് എന്നിവരും ചടങ്ങിൽ സംസാരിച്ചു. രാജ്യത്തെ ഏറ്റവും വലിയ ആഗോള ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് ഡിസംബര്‍ 20 മുതല്‍ 29 വരെ വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ വച്ചാണ് സംഘടിപ്പിക്കുന്നത്.
2. തിരുവനന്തപുരം, വെള്ളായണി കാര്‍ഷിക കോളജിലെ പോസ്റ്റ്ഹാര്‍വെസ്റ്റ് മാനേജ്മെന്‍റ് വിഭാഗത്തില്‍ വച്ച് ‘പഴം – പച്ചക്കറി സംസ്കരണം’ എന്ന വിഷയത്തില്‍ നവംബർ 7-ാം തീയതി ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 500/- രൂപയാണ് പരിശീലന ഫീസ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കായിരിക്കും പരിശീലനത്തിന് അവസരം ലഭിക്കുക. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ പ്രവൃത്തി സമയങ്ങളില്‍ 9995766982 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
3. സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ 8 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരം, തെക്കന്‍ തമിഴ്‌നാട് തീരം, കന്യാകുമാരി, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പിൽ പറയുന്നു.