1. ഫിഷറീസ് വകുപ്പ് 2025-26 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതി, ഇന്‍സുലേറ്റഡ് ഫിഷ് ബോക്സ്, സ്‌ക്വയര്‍ മെഷ് കോഡ് എന്‍ഡ്, സീ സേഫ്റ്റി കിറ്റ് എന്നിവ വിതരണം ചെയ്യുന്ന പദ്ധതികളിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാൻ അവസരം. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനുമായി അതത് മത്സ്യഭവനുമായി ബന്ധപ്പെടെണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0477 2251103 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
2. തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ വിഷയങ്ങളിലായി കര്‍ഷകര്‍ക്ക് പരിശീലനപരിപാടികൾ സംഘടിപ്പിക്കുന്നു. ജൂലൈ 9-ാം തീയതി: താറാവ് വളര്‍ത്തല്‍, 15-ാം തീയതി: ആട്‌വളര്‍ത്തല്‍, 22-ാം തീയതി: പോത്ത് വളര്‍ത്തല്‍, 29-ാം തീയതി: കാട വളര്‍ത്തല്‍ എന്നയടിസ്ഥാനത്തിൽ രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയായിരിക്കും പരിശീലനം സംഘടിപ്പിക്കുക. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 0469 2965535 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ജാർഖണ്ഡിന് മുകളിലായി ന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. വരുംദിവസങ്ങളിൽ വടക്കൻ ജില്ലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യതയുള്ളത്. ഇതിന്റെയടിസ്ഥാനത്തിൽ 5-ാം തീയതി വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശനിയാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനെ തുടർന്ന് തീരദേശ മേഖലയിൽ കടൽക്ഷോഭ സാധ്യതയുമുള്ളതിനാൽ തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.