സ്വന്തമായി ബിസിനസ് തുടങ്ങാൻ മിക്കവര്‍ക്കും ആഗ്രഹമുണ്ടെങ്കിലും മൂലധനമാണ് പ്രധാന തടസം. ബിസിനസുകൾക്കായി മുതൽ മുടക്കാൻ ലക്ഷങ്ങൾ ഒന്നും കൈയിൽ ഇല്ലെന്ന് പറയുന്നവരും ധാരാളം. എന്നാൽ ഇച്ഛാശക്തിയുണ്ടെങ്കിൽ കാര്യമായ യാതൊരു മുതൽമുടക്കും ഇല്ലാതെ തന്നെ ബിസിനസ് തുടങ്ങി വിജയിപ്പിക്കാം. ചെറിയ നിക്ഷേപത്തിൽ തുടങ്ങി വിജയിപ്പിക്കാവുന്ന ബിസിനസുകളുമുണ്ട്
ഡ്രോപ്ഷിപ്പിങ് (Dropshipping business) പരീക്ഷിക്കാം
ഒരു ഉൽപ്പന്നം വിൽക്കാൻ കടയിൽ സ്റ്റോക്ക് സൂക്ഷിക്കേണ്ട. ഉപഭോക്താവിൻെറ ഓര്‍ഡറനുസരിച്ച് ഉൽപ്പന്നം വാങ്ങി നേരിട്ടെത്തിക്കാം. ഉത്പന്നം നേരിട്ട് കൈകാര്യം ചെയ്യാതെ തന്നെ ആവശ്യക്കാരിൽ എത്തിക്കുന്ന ഈ ബിസിനസ് മോഡൽ പരീക്ഷിച്ച് വിജയിച്ച നിരവധി പേരുണ്ട്. പ്രമുഖ ഇ-കൊമേഴ്സ് പോര്‍ട്ടലുകൾ നോക്കിയാൽ എത്രയോ ഉൽപ്പന്നങ്ങളാണ് കമ്പനികൾ നേരിട്ട് വിറ്റഴിക്കുന്നത്.
ഒട്ടേറെ മെച്ചങ്ങൾ!
ഈ ബിസിനസിന് ഒട്ടേറെ മെച്ചവുമുണ്ട്. വെയര്‍ഹൗസുകൾക്കായി പണം മുടക്കേണ്ടതില്ല. നേരിട്ട് ഉൽപ്പന്നങ്ങൾ വാങ്ങി സൂക്ഷിക്കുന്ന തലവേദനയുമില്ല.റീട്ടെയ്ൽ സ്റ്റോറുകളെ അപേക്ഷിച്ച് ചെലവും കുറയും. തുടക്കത്തിൽ വീട്ടിൽ ഇരുന്ന് തന്നെ ഈ ബിസിനസ് തുടങ്ങാം. ഇതിനായി ഉപഭോക്താക്കളുടെ ചില്ലറവിൽപ്പനക്കാരുടെയും ഒരു നെറ്റ്‍വര്‍ക്ക് രൂപീകരിക്കുകയാണ് ആദ്യം വേണ്ടത്. തുടക്കത്തിൽ ഒരു ലാപ്‌ടോപ്പും പ്രോഡക്ട് ഡെലിവറി ചെലവുകളും ഒക്കെ മാത്രമാണ് വേണ്ടി വരിക. വളരുന്തോറും, ഈ ചെലവുകൾ വർദ്ധിക്കുമെങ്കിലും പരമ്പരാഗത ബിസിനസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ചെലവ് കുറവായിരിക്കും. വിജയിക്കാൻ ഒട്ടേറെ സാധ്യതകളുമുണ്ട്
കൊറിയറുകൾ എത്തിക്കാം
ഉപഭോക്താക്കളിൽ നിന്ന് സാധനങ്ങൾ സ്വീകരിച്ച് വിവിധ ഇടങ്ങളിൽ കൊറിയര്‍ ചെയ്യുന്ന കമ്പനികൾക്ക് നിരവധി സാധ്യതകളുണ്ട്. പ്രത്യേകിച്ച് ഓൺലൈൻ ബിസിനസുകൾ വളരുന്ന ഈ സാഹചര്യത്തിൽ. പ്രമുഖ കൊറിയര്‍ കമ്പനികളുടെ ഫ്രാഞ്ചൈസികൾ ഏറ്റെടുത്തും ബിസിനസ് നടത്താം. ഫ്രാഞ്ചൈസികൾ ആണ് ഏറ്റെടുക്കുന്നതെങ്കിൽ മാര്‍ക്കറ്റിങ്ങിനായി വലിയ തുക ചെലവഴിക്കേണ്ടി വരില്ല എന്ന മെച്ചവുമുണ്ട്.
തീരെ മൂലധനം ആവശ്യമില്ലാത്ത ബിസിനസ് അല്ലിത്. ഫ്രാഞ്ചൈസി ഫീസായും പ്രാരംഭ മൂലധനമായും ഒക്കെ കമ്പനികളുടെ നിബന്ധനക്ക് അനുസരിച്ച് തുക ചെലവഴിക്കേണ്ടി വരും. എന്നാൽ പുതിയ സംരംഭം പടുത്തുയര്‍ത്താൻ ഉള്ള പെടാപ്പാടുകൾ വേണ്ടി വരില്ല. കമ്പനിയുടെ വിൽപ്പനക്ക് അനുസരിച്ച് ആനുപാതികമായ ലാഭവും പ്രതീക്ഷിക്കാം.
ഓൺലൈൻ ബേക്കറി തുടങ്ങിയാലോ?
വിജയിക്കാൻ ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ളതും എല്ലാവരും കൈവക്കുന്നതുമായ ഒരു മേഖലയാണ് ഫൂഡ് ബിസിനസ്. കൊവിഡ് കാലത്ത് വീട്ടിലിരുന്ന് കേക്ക് ബേക്ക് ചെയ്ത് നൽകി മികച്ച പ്രതിമാസ വരുമാനം നേടിയവരുണ്ട്. ബേക്കിങ് ഇഷ്ടമാണെങ്കിൽ, അല്ലെങ്കിൽ ഈ രംഗത്ത് അഭിരുചിയുണ്ടെങ്കിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങാം. ഓൺലൈൻ ഓര്‍ഡര്‍ അനുസരിച്ച് ഉപഭോക്താക്കളിൽ ഉത്പന്നങ്ങൾ എത്തിക്കാം.
കേക്കുകളും, മഫിൻസും, ബര്‍ഗറും പിസയുമെല്ലാം ഇങ്ങനെ വിൽക്കാനാകും. മികച്ച ഗുണമേൻമ നിലനിര്‍ത്തണം എന്നു മാത്രം. തുടക്കത്തിൽ വീടിൻെറ സുരക്ഷിതത്വത്തിൽ തന്നെ ബിസിനസ് തുടങ്ങാം എന്ന മെച്ചവുമുണ്ട്.
ഓൺലൈൻ ബിസിനസ് ആണ് എന്നതിനാൽ മറ്റ് തലവേദനകളും കുറവ്. നിങ്ങളുടെ സിഗ്നേച്ചര്‍ വിഭവങ്ങളുടെ അടിപൊളി ചിത്രങ്ങൾ പങ്കുവെച്ചു പോലും ഉപഭോക്താക്കളെ നേടാം.