കൊച്ചി: കൃഷി, കർഷക ക്ഷേമ മന്ത്രാലയം, നാളികേര വികസന ബോർഡുമായി സഹകരിച്ച് 2023 നവംബർ 2, 3 തീയതികളിൽ കൊച്ചി നെടുമ്പാശ്ശേരിയിലെ മാരിയേറ്റ് ഹോട്ടലിൽ ഹോർട്ടികൾച്ചർ മേഖലയെ സംബന്ധിച്ച ദ്വിദിന പ്രാദേശിക ശിൽപശാല സംഘടിപ്പിക്കുന്നു. കേന്ദ്ര കൃഷി കർഷകക്ഷേമ മന്ത്രാലയം, എംഐഡിഎച്ച്, ജോയിന്റ് സെക്രട്ടറി ശ്രീ. പ്രിയ രഞ്ജൻ ദാസ് ഐഎഫ്ഒഎസ് ശിൽപശാല നവംബർ 2-ാം തീയതി രാവിലെ ഉദ്ഘാടനം ചെയ്യും. നാളികേര വികസന ബോർഡ് സിഇഒ ഡോ. പ്രഭാത് കുമാർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച് ഡയറക്ടർ ഡോ. എസ്. കെ. സിംഗ്, സി.പി.സി.ആർ.ഐ ഡയറക്ടർ ഡോ. കെ. ബി. ഹെബ്ബാർ എന്നിവർ സന്നിഹിതരായിരിക്കും.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്ര ഭരണ പ്രദേശങ്ങൾ, ഐസിഎആർ ഇൻസ്റ്റിറ്റ്യൂട്ടുകൾ, സെന്റേഴ്സ് ഓഫ് എക്സലൻസ്, ദക്ഷിണ മേഖലയിൽ സ്ഥാപിതമായ ഹോർട്ടികൾച്ചർ ക്ലസ്റ്ററുകൾ, കേന്ദ്ര ഏജൻസികൾ തുടങ്ങി ഹോർട്ടികൾച്ചർ മേഖലയുമായി പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ് ശിൽപശാലയിലൂടെ ലക്ഷ്യമാക്കുന്നത്.
കൃഷി മന്ത്രാലയം, ദക്ഷിണേന്ത്യയിലെ ഐസിഎആർ ഇൻസ്റ്റിറ്റ്യൂട്ടുകൾ. ഹോർട്ടികൾച്ചർ മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് (എംഐഡിഎച്ച്) ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ, ദക്ഷിണേന്ത്യൻ ഹോർട്ടികൾച്ചർ മേഖലയിൽ നിന്നുള്ള 100 ഓളം പ്രതിനിധികൾ ഈ ശിൽപശാലയിൽ പങ്കെടുക്കും.
ശിൽപശാലയിൽ പങ്കെടുക്കുന്നവർക്ക് ബന്ധപ്പെട്ട എജൻസികളിലെയും ഐസിഎആർ ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും സംസ്ഥാന ഹോർട്ടികൾച്ചർ മിഷനുകളിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി സംവദിക്കാൻ അവസരമുണ്ടാകും. ഹോർട്ടികൾച്ചർ മേഖലയിലെ പ്രശ്നങ്ങളുടെ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുക, ആശയങ്ങൾ പ്രോത്സാഹിപ്പിക്കുക. തെക്കൻ മേഖലയിലെ ഹോർട്ടികൾച്ചർ മേഖലയുടെ പുരോഗതിക്ക് ഊന്നൽ നൽകുക തുടങ്ങിയവയാണ് ശിൽപശാലയിലൂടെ ലക്ഷ്യമിടുന്നത്.