1. മഞ്ഞള്‍പ്പൊടിക്ക് അനുയോജ്യമായ ഇളംനിറത്തിലുള്ള മഞ്ഞള്‍ ഇനം പുറത്തിറക്കി ചെലവൂരിലെ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം (ഐസിഎആര്‍ - ഐഐഎസ്ആര്‍). അത്യുത്പാദനശേഷിയും പ്രത്യേക സുഗന്ധമുള്ള 'ഐ.ഐ.എസ്.ആര്‍ സൂര്യ' എന്ന പുതിയ ഇനം മഞ്ഞളാണ് ഗവേഷണ കേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത്. ശാസ്ത്രജ്ഞരായ ഡോ. ഡി. പ്രസാദ്, ഡോ. എസ്. ആരതി, ഡോ. എന്‍.കെ. ലീല, ഡോ. എസ്. മുകേഷ് ശങ്കര്‍, ഡോ. ബി. ശശികുമാര്‍ എന്നിവരടങ്ങിയ സംഘം ക്ലോണൽ സെലക്ഷൻ വഴി പത്തുവര്‍ഷത്തോളമെടുത്താണ് പുതിയ ഇനത്തിന്റെ ഗവേഷണം നടത്തിയത്. മൈദുകൂര്‍, സേലം ലോക്കല്‍ തുടങ്ങിയവയാണ് നിലവില്‍ പ്രചാരത്തിലുള്ള ഇളംനിറത്തിലുള്ള മഞ്ഞള്‍ ഇനങ്ങൾ. ഈ രണ്ടിനങ്ങളെ അപേക്ഷിച്ച് വിളവിൽ 20 മുതല്‍ 30 ശതമാനം വര്‍ധനവുള്ള ഇനമാണ് 'ഐ.ഐ.എസ്.ആര്‍ സൂര്യ'.
2. റബ്ബർ ബോർഡിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിംഗ് (എൻഐആർടി) മെയ് 01, 02 തീയതികളിൽ കോട്ടയത്തെ എൻ.ഐ.ആർ.ടി.യിൽ റബ്ബർ ഷീറ്റ് സംസ്കരണത്തിലും ഗ്രേഡിംഗിലും ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലന ഉള്ളടക്കത്തിൽ ലാറ്റക്സ് ശേഖരണം, ഷീറ്റ് റബ്ബറിലേക്കുള്ള സംസ്കരണം, സ്മോക്ക് ഹൗസ്, ഗ്രേഡിംഗ് തുടങ്ങിയവയും ഉൾപ്പെടുന്നു. വിശദവിവരങ്ങൾക്ക്, ഫോൺ: 04812353127 അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് 04812353201 ഇ-മെയിൽ: training@rubberboard.org.in ബന്ധപ്പെടാവുന്നതാണ്.
3. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിൽ മൂന്നു ദിവസം കൂടി മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, വടക്കൻ ജില്ലകളിൽ പകൽ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പാലക്കാട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശ്ശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയർന്നേക്കും. പകൽ 11 മുതൽ മൂന്നു വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.