മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇന്ത്യൻ ഗ്രാമീണ ജനതയുടെ സാമ്പത്തിക ക്രയവിക്രയത്തിലുണ്ടാക്കിയ ഉണർവ് ലോക ശ്രദ്ധയാകർഷിച്ചതാണ്. കുടുംബത്തിന് 100 ദിനംവരെ തൊഴിൽ ഉറപ്പാക്കി പണം നേരിട്ട് താഴെ തട്ടിലേക്കെത്തിച്ച് ധനവിനിമയത്തിനും വികസന പ്രക്രിയക്കും വേഗംകൂട്ടാൻ കഴിയുന്ന പദ്ധതിയാണിത്. കാര്യക്ഷമമായും ഭാവനാപൂർണമായും നടപ്പാക്കാൻ കഴിഞ്ഞാൽ വർധിതനേട്ടം കൈവരിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ഇതുൾക്കൊണ്ട് തൊഴിലുറപ്പ് പദ്ധതിയെ സമീപിച്ചതു കൊണ്ടാണ് 2021-22 സാമ്പത്തിക വർഷത്തിൽ തിരുവള്ളൂർ ഗ്രാമപഞ്ചായത്തിന് സമാനതകളില്ലാത്ത മുന്നേറ്റം നടത്താൻ കഴിഞ്ഞത്.
ബന്ധപ്പെട്ട വാർത്തകൾ: തൊഴിലുറപ്പ് പദ്ധതിയിലെ വേതനമായി നൽകിയത് 104.70 കോടി രൂപ - 40,78,802 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു
2019 -20 വർഷത്തിൽ 73527 ഉം 2020-21 ൽ 122125 ഉം ആയിരുന്നു ലഭ്യമായ തൊഴിൽ ദിനങ്ങളെങ്കിൽ 2021-22 ൽ 201815 തൊഴിൽ ദിനങ്ങളിലേക്ക് കുതിച്ചുയരുകയായിരുന്നു. 2019 -20 ൽ 12 പേരും 2020-21 ൽ 100 പേരുമായിരുന്നു 100 തൊഴിൽദിനം ലഭ്യമാകുക എന്ന ലക്ഷ്യത്തിലേക്ക് എത്തിയതെങ്കിൽ 2021-22 ൽ 745 പേരായി ഉയർന്നു. ഈ രീതിയിലുള്ള മുന്നേറ്റം ഉണ്ടായപ്പോൾ 2019 -20 ൽ രണ്ടര കോടിക്കടുത്തുണ്ടായിരുന്ന തൊഴിലുറപ്പ് പദ്ധതിയിലെ ധനവിനിയോഗം ഏഴു കോടിയിലേക്കാണ് വർധിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: ക്ഷീര കർഷക പാർലമെന്റ് സംഘടിപ്പിച്ചു: ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ശബ്ദമുയർത്തും:
സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ രാമച്ചം കൊണ്ടുള്ള കനാൽ സുരക്ഷ, തീറ്റപ്പുൽ കൃഷിയിലെ വൻവർധന ഉൾപ്പെടെ ഈ പദ്ധതിയിൽ വിവിധ മേഖലകളിലായി ശ്രദ്ധേയ മുന്നേറ്റം നടത്താൻ പഞ്ചായത്തിനു കഴിഞ്ഞു. കൂടാതെ, കഴിഞ്ഞ സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 63 റോഡുകളും നിർമിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: പശുവളർത്തലും തീറ്റപ്പുൽ കൃഷിയും
നിലവിൽ നടത്താൻ കഴിഞ്ഞ മുന്നേറ്റം പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരുടെ അധ്വാനത്തിന്റേയും, ജനപ്രതിനിധികളുടെ ഏകോപന പ്രവർത്തനത്തിന്റേയും ഫലമാണ്. പ്രവൃത്തികൾ കണ്ടെത്തി രൂപപ്പെടുത്തി തൊഴിൽ ലഭ്യമാക്കിയെടുക്കാൻ ഉദ്യോഗസ്ഥർ അത്യധ്വാനം ചെയ്യുന്നതോടൊപ്പം ലഭ്യമാകുന്ന തൊഴിൽ ദിനങ്ങൾ പൂർണ്ണമായും വിനിയോഗപ്പെടുത്താൻ തൊഴിലാളികൾ കൂടി തയ്യാറായാൽ ഇനിയും വലിയ നേട്ടങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയുമെന്ന ഉറപ്പിലാണ് പഞ്ചായത്ത് അധികൃതർ.