തിരുവനന്തപുരം: ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഊരുകളിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരുടെ സേവനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലവിൽ 11 ജില്ലകളിലായി 536 ഊരുമിത്രങ്ങൾ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവരുടെ രണ്ട് ഘട്ട പരിശീലനവും പൂർത്തിയാക്കി. ഊരുമിത്രം (ഹാംലെറ്റ് ആശ) പദ്ധതി കൂടുതൽ ശക്തമായി നടപ്പിലാക്കുന്നതിനുള്ള നടപടികളാണ് നടന്നു വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഊരുകളിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരുടെ സംഗമമായ ‘ഹാംലൈറ്റ് ആശ സംഗമം’ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിൽ വീടുകളിലെ പ്രസവങ്ങളും മാതൃ, ശിശുമരണ നിരക്കും കുറയ്ക്കാൻ ഏറ്റവുമധികം പങ്കുവഹിച്ചവരാണ് ഹാംലെറ്റ് ആശമാർ. വകുപ്പ് നടപ്പാക്കുന്ന പദ്ധതികൾ കൃത്യമായി ആദിവാസി മേഖലയിലെ ഗുണഭോക്താളിൽ എത്തിക്കുക പലപ്പോഴും ശ്രമകരമായ ജോലിയാണ്.
ഊരുമിത്രം പദ്ധതി നടപ്പാക്കിയ ശേഷം ആദ്യമായാണ് ആശമാരുടെ ഇത്ര വലിയ സംഗമം നടക്കുന്നത്. അവരവവരുടെ ഊരിലെ ആരോഗ്യ പ്രശ്നങ്ങൾ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കാൻ ആശമാർക്ക് കഴിയും. പ്രത്യേകിച്ചും സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഹാംലെറ്റ് ആശമാർക്ക് കൃത്യമായി മനസിലാക്കാനാകും. പ്രവർത്തന മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും അവസരം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: മാനസിക ആരോഗ്യം നേടുവാനും, രോഗങ്ങൾ അകറ്റുവാനും എല്ലാവർക്കും ഇത് ശീലമാക്കാം
ഹാംലെറ്റ് ആശ മൊഡ്യൂൾ മൂന്നിന്റെ പ്രകാശനവും വീഡിയോ പ്രകാശനവും, ആശ ഐഇസി കിറ്റ്, ആശമാരുടെ പ്രഥമശുശ്രൂക്ഷാ കിറ്റായ കരുതൽ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. വിവിധ ജില്ലകളിൽ നിന്നെത്തിയ ആശമാർ തനത് വേഷത്തിലും ഭാഷയിലും കലാപരിപാടികൾ അവതരിപ്പിച്ചു. മന്ത്രി വീണാ ജോർജ് അവരോടൊപ്പം ഒത്തുചേർന്നു.
ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനായി. എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ മൃൺമയി ജോഷി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ ഡോ. ഷിബുലാൽ, എൻഎച്ച്എം സോഷ്യൽ ഡെവലപ്മെന്റ് ഹെഡ് കെ.എം. സീന എന്നിവരും പങ്കെടുത്തു.