ലോകമൊട്ടാകെ ജൈവമരുന്ന് എന്ന നിലയില്‍ വലിയ സ്വീകാര്യത നേടിവരുകയാണ് ആയുര്‍വേദം.കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സും ചേര്‍ന്നു നടത്തിയ സര്‍വ്വെയില്‍ 2025 ഓടെ ഇന്ത്യന്‍ ആയുര്‍വേദ മാര്‍ക്കറ്റ് 16 ശതമാനം വളര്‍ച്ച നേടും എന്നാണ് പറയുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് മുപ്പതിനായിരം കോടി രൂപയുടേതാണ്. ഇപ്പോള്‍ 77 ശതമാനം ഇന്ത്യന്‍ വീടുകളിലും ആയുര്‍വ്വേദ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. 2015 ല്‍ ഇത് 69 ശതമാനം ആയിരുന്നു. ആഗോളവിപണി 3.4 ബില്യണ്‍ ഡോളറാണ്. ഇത് 2022 ഓടെ 9.7 ബല്യണാകും.
ഈ സാഹചര്യത്താലാണ് ആയുര്‍വ്വേദത്തിന്റെ പേരിലുള്ള തട്ടിപ്പ് പ്രസക്തമാകുന്നത്. ആധികാരികതയൊന്നുമില്ലാത്തതും ശരിയായ ടെസ്റ്റുകള്‍ കഴിഞ്ഞിട്ടില്ലാത്തവയുമായ അനേകം മരുന്നുകള്‍ ഓണ്‍ലൈനായും പത്രപരസ്യങ്ങള്‍ വഴിയും കമ്പോളത്തില്‍ എത്തുന്നുണ്ട്. ഇതില്‍ പലതിലും ലെഡ്,മെര്‍ക്കുറി,ആര്‍സനിക് എന്നിവയുടെ സാന്നിധ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവ മാരകവിഷങ്ങളുമാണ്. കേരളത്തിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ഈ വിഷയത്തില്‍ ഗൗരവമേറിയ അന്വേഷണം തുടങ്ങിയിട്ടുണ്ട.
കേരളത്തിലെ വിപണിയില്‍ എത്തുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധന കര്‍ശനമാക്കാനാണ് വകുപ്പ് നിശ്ചയിച്ചിട്ടുള്ളത്. കേരള വിപണിയില്‍ വില്‍ക്കുന്ന എല്ലാ ആയുര്‍വേദ -പ്രകൃതിദത്ത ഉത്പ്പന്നങ്ങളുടെയും ഉള്ളടക്കവും നിര്‍മ്മാണവും സംബ്ബന്ധിച്ച വിശദാംശങ്ങള്‍ കൈമാറാന്‍ കമ്പനികളോട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സോപ്പ്, ഷാംപൂ,ടൂത്ത് പേസ്റ്റ് തുടങ്ങിയവയാണ് ആയുര്‍വ്വേദ ഉത്പ്പന്നം എന്ന നിലയില്‍ ഏറ്റവുമധികം വിറ്റുപോകുന്നത്. ഇവയുടെ കേരള മാര്‍ക്കറ്റു തന്നെ പ്രതിവര്‍ഷം 2000 കോടി വരും.
ഇന്ത്യയ്ക്കും അതില്‍തന്നെ കേരളത്തിനും വലിയതോതില്‍ ശോഭിക്കാവുന്ന ഒരു മേഖലയാണ് ആയുര്‍വ്വേദം. 36000 പരമ്പരാഗത മരുന്നുകളുടെ ശേഖരമാണ് നമുക്കുള്ളത്. ബയോപൈറസി തടയാനും അന്യായമായ അന്തര്‍ദേശീയ പേറ്റന്റുകള്‍ക്ക് തടയിടാനും ഈ ശേഖരം സഹായിക്കുന്നു. ഔഷധ സസ്യങ്ങളെകുറിച്ചും അവയുടെ ഉപയോഗ രീതിയെകുറിച്ചുമുള്ള അറിവ് അമേരിക്ക, യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പേറ്റന്റ് അതോറിറ്റിക്ക് പരിശോധിക്കാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. മഞ്ഞളിന്റെ മുറിവുണക്കാനുള്ള കഴിവിനെ അമേരിക്കയിലെ ഒരു കമ്പനി പേറ്റന്റ് ചെയ്ത അനുഭവം നമുക്കുളളതാണല്ലൊ.സിഎസ്‌ഐആര്‍ വലിയ നിയമയുദ്ധം നടത്തിയാണ് അത് റദ്ദാക്കിച്ചത്.ഇനി ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനുള്ള കരുതലാണ് ഇപ്പോള്‍ എടുത്തിട്ടുള്ളത്. പൊതുവെ ഇന്ത്യയുടെ പരമ്പരാഗത മരുന്നുകളെകുറിച്ച് ലോകരാഷ്ട്രങ്ങള്‍ക്ക് അറിവ് കുറവാണ്. ജൈവകൃഷി,ജൈവ ഔഷധം അങ്ങിനെ എന്തിനും ഏതിനും പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ മനുഷ്യര്‍ കൊതിക്കുന്ന പുതിയ ലോകക്രമത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെ ഗുണമേന്മയുള്ള ആയുര്‍വേദം ലോകത്തിന് ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ ഈ മേഖലയുടെ കുത്തക ഇന്ത്യയ്ക്ക് തന്നെയാകും എന്നതില്‍ സംശയമില്ല.