ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങുന്നത് സംബന്ധിച്ച് 2019ൽ പുറപ്പെടുവിച്ച വിശദീകരണത്തിൽ റവന്യു രേഖകളിൽ പുരയിടം എന്ന് രേഖപ്പെടുത്തിയിട്ടുള്ള വസ്തു മാത്രമേ വാങ്ങാവൂ എന്നും വെറ്റ് ലാന്റ്, തണ്ണീർത്തടം, നിലം എന്നിവ വാങ്ങാൻ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിയമസഭയിൽ പറഞ്ഞു.
ഇത്തരം സ്ഥലങ്ങൾ ലൈഫ് പദ്ധതിയ്ക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വാങ്ങുന്നതിനോ, ഗുണഭോക്താക്കൾക്ക് ധനസഹായം നൽകുന്നതിനോ ഉള്ള അനുമതിക്കായി റവന്യു, കൃഷി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥർ ചേർന്ന് പരിശോധിച്ച് തീരുമാനമെടുക്കാൻ നിർദേശം നൽകുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ബന്ധപ്പെട്ട വാർത്തകൾ: EPFO Latest: 6 കോടി ജീവനക്കാർക്ക് തിരിച്ചടി, PF പലിശനിരക്ക് വെട്ടിക്കുറച്ചു
സംസ്ഥാനത്തെ ഭൂരഹിതരും ഭവനരഹിതരുമായ കുടുംബങ്ങൾക്ക് മാന്യവും സുരക്ഷിതവുമായ ഭവനങ്ങളും ജീവനോപാധികളും ലഭ്യമാക്കുന്നതിനാണ് ലൈഫ് സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കൾക്ക് ഭൂമിയും ഭവനവും നൽകുന്നതിനുവേണ്ടി ലൈഫ് മൂന്നാം ഘട്ടത്തിൽ സ്വീകരിക്കാവുന്ന പ്രവർത്തന രീതികൾ സംബന്ധിച്ചുള്ള മാർഗ്ഗരേഖ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഭവനങ്ങൾ നിർമിക്കുന്നതിനുള്ള ഭൂമിയുടെ അളവ് പരിഗണിക്കുമ്പോൾ ഭവന സമുച്ചയങ്ങൾക്ക് തന്നെയാണ് പ്രഥമ പരിഗണന നൽകേണ്ടത്. വളരെ കുറഞ്ഞ ഗുണഭോക്താക്കൾ ഉള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, ഭൂമി കണ്ടെത്താൻ കഴിയാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഗുണഭോക്താക്കൾ സ്വന്തമായി ഭൂമി ആർജ്ജിക്കുന്ന രീതിയും തദ്ദേശ സ്ഥാപനങ്ങൾ ഭൂമി വാങ്ങി നൽകുന്ന രീതിയും അവലംബിക്കാവുന്നതാണെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ഭവന സമുച്ചയങ്ങളുടെ നിർമാണ ചെലവ് കണക്കിലെടുക്കുമ്പോൾ വൻതോതിൽ ഏറ്റെടുക്കുന്നതിന് സാധിക്കില്ല. അതുകൊണ്ട് ഭുരഹിത ഭവനരഹിതർക്കായി സംഭാവനയായും സ്പോൺസർഷിപ്പിലൂടെയും ഭൂമി കണ്ടെത്തുന്നതിന് കഴിഞ്ഞമാസം മനസ്സോടിത്തിരി മണ്ണ് എന്ന ക്യാമ്പയിൻ ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു. മനസ്സോടിത്തിരി മണ്ണിന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: Pradhan Mantri Ramban Suraksha Yojana; യുവാക്കൾക്ക് 4000 രൂപ, മുന്നറിയിപ്പുമായി കേന്ദ്രം
ലൈഫ് പദ്ധതി പ്രകാരമുള്ള ഭവനങ്ങളുടെ നിർമാണത്തിനും കെട്ടിട നിർമ്മാണ അനുമതി ലഭിക്കുന്നതിനും കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ അല്ലെങ്കിൽ കേരള മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ബാധകമാണ്. നിലം, നികത്ത് പുരയിടം, വെള്ളക്കെട്ട് സ്ഥലം എന്നിങ്ങനെയുള്ള ഭൂമിയിൽ മേൽപറഞ്ഞ ചട്ട പ്രകാരം നിർമ്മാണ അനുമതി ലഭിക്കാൻ പ്രതിബന്ധങ്ങളുണ്ട്.
2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിലുള്ള നെൽവയലുകൾ, തണ്ണീർത്തടങ്ങൾ, 1998 ന് ശേഷം നികത്തപ്പെട്ട സ്ഥലങ്ങൾ എന്നിവയ്ക്ക് ബാധകമായതിനാൽ ഇത്തരം സ്ഥലങ്ങൾ ലൈഫ് ഭവന പദ്ധതിക്കായി വാങ്ങുന്നതിന് അനുമതി നൽകുന്നതിന് നിയമപരമായി സാധിക്കില്ല.
ബന്ധപ്പെട്ട വാർത്തകൾ: യുദ്ധത്തേക്കാൾ വലിയ ഭീഷണി കാലാവസ്ഥ വ്യതിയാനം; കൃഷി മന്ത്രി
2018 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി പ്രകാരം റവന്യു രേഖകളിൽ നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും 2008 ന് മുമ്പ് നികത്തപ്പെട്ടതുമായ സ്ഥലത്ത് വീട് നിർമ്മിക്കുന്നതിനായി ഭൂമിയുടെ തരം മാറ്റലിന് റവന്യു ഡിവിഷണൽ ഓഫീസർക്ക് അപേക്ഷ സമർപ്പിച്ച് അനുമതി ലഭ്യമാക്കി ഭവന നിർമ്മാണം നടത്താവുന്നതാണ്. ആ ആനുകൂല്യം ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്കും ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് മന്ത്രി സബ്മിഷനുള്ള മറുപടിയിൽ വ്യക്തമാക്കി.