Updated on: 19 February, 2022 7:00 PM IST
Vadavukode Block Panchayat gives importance to agriculture

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കില്‍ സ്ഥിതിചെയ്യുന്ന ബ്ലോക്ക് പഞ്ചായത്താണ് വടവുകോട്. ആറോളം ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് കൂടുതല്‍ പ്രധാന്യം നല്‍കിവരുന്നതു കൃഷിക്കാണ്. ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കി വരുന്ന പദ്ധതികളെയും വികസനപ്രവര്‍ത്തനങ്ങളെയും കുറിച്ച് പ്രസിഡന്റ് വി.ആര്‍ അശോകന്‍ സംസാരിക്കുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍

കഴിഞ്ഞ വര്‍ഷം ഒരു സുവര്‍ണകാലം ആയിരുന്നു. 98 ശതമാനം പദ്ധതികളും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്. ചുരുക്കം പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. ബ്ലോക്കില്‍ പ്രധാനമായുള്ളതു കൃഷി തന്നെയാണ്. കൃഷി ഇല്ലാതായാല്‍ അതു ജനങ്ങളെ ബാധിക്കുമെന്നതിനാല്‍ ബ്ലോക്കിനു കീഴിലുള്ള ആറ് പഞ്ചായത്തിലും കൃഷിക്ക് പ്രാധാന്യം നല്‍കിയുള്ള പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ചെറുകിട മേഖലയിലെ പത്തു പദ്ധതികളില്‍ ഒന്‍പതും നടപ്പാക്കാന്‍ സാധിച്ചു. കോവിഡ് സമയത്ത് ആരോഗ്യമേഖലയിലും കൂടുതല്‍ തുക അനുവദിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ രണ്ടാം സ്ഥാനത്തുള്ള ബ്ലോക്കിനെ ഒന്നാമതെത്തിക്കാനുള്ള തീവ്രമായ ശ്രമത്തിലാണു ഭരണസമിതി.

കോഴിവളം കൃഷിക്ക് ഉപയോഗിക്കാൻ പാടില്ല. എന്താണ് യഥാർത്ഥ്യം.

കൃഷിക്ക് കൂടുതല്‍ പ്രാധാന്യം

ബ്ലോക്കിലെ കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട്, പൂത്തൃക്ക, തിരുവാണിയൂര്‍, വടവുകോട് - പുത്തന്‍കുരിശ് തുടങ്ങി ആറ് പഞ്ചായത്തുകളിലും കൃഷിക്ക് ആവശ്യമായ സബ്‌സിഡികള്‍ അനുവദിച്ചിട്ടുണ്ട്. ഏറ്റവും ഗുണപ്രദമായ രീതിയില്‍ കൃഷി ചെയ്യാന്‍ ആവശ്യമായ വിത്ത്, വളം കൃഷിക്ക് ആവശ്യമായ ചെലവുകള്‍ എന്നിവ ഒരുക്കാനായി. കഴിഞ്ഞ വര്‍ഷം ഏകദേശം 40 ലക്ഷം രൂപയാണ് ഇതിനുവേണ്ടി മാറ്റിവച്ചത്. ഇത്തവണ ഏതാണ്ട് 35 ലക്ഷം രൂപ കൃഷിക്ക് വേണ്ടി മാത്രം മാറ്റിവയ്ക്കുന്നുണ്ട്. ഇതുകൂടാതെ കൂട്ടമായി പച്ചക്കറികൃഷിയും മറ്റും ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പയര്‍, കപ്പ എന്നിവ കൃഷി ചെയ്യുന്നവരെ സഹായിക്കുന്നതിനായുള്ള ഫണ്ടുമുണ്ട്.

ക്ഷീരകര്‍ഷകര്‍ക്കും കൈത്താങ്ങ്

വളരെയധികം ക്ഷീരകര്‍ഷകര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുണ്ട്. 50 ലക്ഷം രൂപയോളം ക്ഷീരകര്‍ഷക മേഖലയ്ക്കായി മാറ്റിവച്ചിരുന്നു. ഫണ്ട് പൂര്‍ണമായും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ലഭിക്കുന്ന പാലിന്റെ അളവും കര്‍ഷകരുടെ എണ്ണവും കന്നുകുട്ടികളുടെ എണ്ണവും ഇതിലൂടെ കൂടിയിട്ടുണ്ട്.  അടുത്ത തവണയും ഇതേരീതിയില്‍ പദ്ധതി നടപ്പാക്കുകയാണു ലക്ഷ്യം.

ആരോഗ്യരംഗത്തും പ്രത്യേക ശ്രദ്ധ

ബ്ലോക്കിനു കീഴില്‍ രണ്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളാണുള്ളത്. കോവിഡ് സമയത്ത് ബ്ലോക്കിലെ ആശുപത്രികള്‍ക്കു വേണ്ടി 38 ലക്ഷം രൂപ അനുവദിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കുന്നതിനു പുറമെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമമാണു നടത്തുന്നത്. കോവിഡ് അതിരൂക്ഷമായിരുന്ന സമയത്ത് ബ്ലോക്കിന് കീഴിലുള്ള ഏഴു പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ എല്ലാ നഴ്‌സുമാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും പിപിഇ കിറ്റ് നല്‍കിയിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എട്ടു ലക്ഷം രൂപയോളം ആശുപത്രികള്‍ക്കു നല്‍കിയിരുന്നു. ബ്ലോക്കില്‍ നിന്നുള്ള തുകയ്ക്ക് പുറമെ സിഎസ്ആര്‍ ഫണ്ടുകള്‍ ഉള്‍പ്പെടെ മറ്റു സഹായങ്ങളും ഇതിനായി ലഭിച്ചിരുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

എല്ലാ പഞ്ചായത്തുകളും ഒന്നും രണ്ടും വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തിയിരുന്നു. 90 ശതമാനം ആളുകള്‍ക്കും നിലവില്‍ രണ്ടു ഡോസ് വാക്‌സിനും നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസ് നല്‍കാനായി കാത്തിരിക്കുകയാണ്. കൂടാതെ 23 സ്‌കൂളുകളിലേക്കായി സാനിറ്റൈസര്‍ മെഷീനുകളും വാങ്ങിനല്‍കി.

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്

കഴിഞ്ഞ വര്‍ഷം അഞ്ചു കുടിവെള്ള പദ്ധതികളാണ് നടപ്പിലാക്കിയത്. ബ്ലോക്കിനു കീഴിലെ കുന്നത്തുനാട് പഞ്ചായത്ത്  ജില്ലയിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്ഥലങ്ങളില്‍ ഒന്നാണ്. ജനസാന്ദ്രതയും കൂടുതലാണ്. ഇവിടെ വെള്ളമെത്തിക്കുക എന്നത് ചെലവേറിയ കാര്യമാണ്. ഇവിടങ്ങളില്‍ കുഴല്‍കിണര്‍ സ്ഥാപിച്ച് വെള്ളമെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കുടിവെള്ളത്തിനായി ബുദ്ധിമുട്ടിയിരുന്ന പല പട്ടികജാതി കുടുംബങ്ങളിലും പദ്ധതിവഴി വെള്ളമെത്തിക്കാന്‍ കഴിഞ്ഞു.

ക്ഷീരകർഷകർ പശുവളർത്തലിൽ പരാജയപ്പെടുന്നത് എന്തുകൊണ്ട് ? കാരണങ്ങൾ അറിയാം

സ്മാര്‍ട്ട് അങ്കണവാടികള്‍

ജില്ലയില്‍ ഏറ്റവും കൂടുതല്‍ അങ്കണവാടികള്‍ ഉള്‍പ്പെടുന്ന ബ്ലോക്കാണ് വടവുകോട് ബ്ലോക്ക്. എല്ലാ അങ്കണവാടികളും സ്മാര്‍ട്ട് ആക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. എട്ട് അങ്കണവാടികള്‍ സ്മാര്‍ട്ടാക്കി കഴിഞ്ഞു. കൂടാതെ അങ്കണവാടികള്‍ വഴി കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ചെറിയ പെണ്‍കുട്ടികള്‍ക്കുമായുള്ള പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, കൂടാതെ പഠന സ്‌കോളര്‍ഷിപ്പുകളും നല്‍കുന്നുണ്ട്.

കടമ്പ്രയാര്‍ സംരക്ഷണം 

കുന്നത്തുനാട് ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്തുകൂടെയാണ് കടമ്പ്രയാര്‍ ഒഴുകുന്നത്. കടമ്പ്രയാര്‍ മാലിന്യമുക്തമാക്കാനും നീരൊഴുക്കു സുഗമമാക്കാനും അരിക് കെട്ടി സംരക്ഷിക്കാനുമുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്കായി വിശ്രമകേന്ദ്രങ്ങളും മറ്റും നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. കുന്നത്തുനാട് പഞ്ചായത്തും ടൂറിസം വകുപ്പുമായി ചേര്‍ന്നു പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ പദ്ധതിക്കായി സര്‍ക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും അറിയിച്ചിരുന്നു.

മാലിന്യസംസ്‌കരണത്തിന് പദ്ധതികള്‍

മാലിന്യസംസ്‌കരണം കൂടുതലും കൈകാര്യം ചെയ്യുന്നത് പഞ്ചായത്തുകളാണ്. എല്ലാ പഞ്ചായത്തുകളിലും ഹരിത കര്‍മ്മസേന സജീവമാണ്. പഞ്ചായത്ത് മാലിന്യം ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്നു സംസ്‌കരിക്കുന്നുണ്ട്. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വടവുകോട് ബ്ലോക്ക് പഞ്ചായത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നാണു സ്ഥിതി ചെയ്യുന്നതെങ്കിലും അവിടെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ അനുമതിയില്ല. അതിനാല്‍ എല്ലാ പഞ്ചായത്തുകളും മാലിന്യസംസ്‌കരണത്തിനു സ്വന്തമായി വഴി കണ്ടെത്തുകയാണ്. അതിനായി പദ്ധതികളും തയ്യാറാക്കുന്നുണ്ട്.

ഭാവിയിലെ സ്വപ്നപദ്ധതികള്‍

വരുവര്‍ഷം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഒരു ഷോപ്പിംഗ് കോപ്ലക്‌സ് എന്നത്. കൂടാതെ, പട്ടിമറ്റത്ത് മിനി സ്റ്റേഡിയം നിര്‍മ്മാണം പ്രാരംഭഘട്ടത്തിലാണ്. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഒരു കോടി രൂപ ആവശ്യമാണ്. സ്‌പോട്‌സ് കൗണ്‍സിലും പി.വി ശ്രീനിജിന്‍ എംഎല്‍എയും സഹായിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ എത്രയുംവേഗം അതുപൂര്‍ത്തിയാക്കണമെന്നും ഉദ്ദേശിക്കുന്നുണ്ട്.

English Summary: Vadavukode Block Panchayat gives importance to agriculture
Published on: 19 February 2022, 05:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now