വൈഗ 2023 കേരളത്തിലെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ് പകരുമെന്ന് കൃഷിമന്ത്രി ശ്രീ പ്രസാദ് മാധ്യമ സമ്മേളനത്തിൽ പറയുകയുണ്ടായി. ഇന്ന് വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഇതിന്റെ ഔദ്യോഗികപരമായ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
2021-22 കാലയളവിൽ കേരളത്തിൽ 4.6 ശതമാനം വർദ്ധനവ് കാർഷിക മേഖലയിൽ ഉണ്ടായി. 25,000 കൃഷിക്കൂട്ടങ്ങൾ വിവിധ പഞ്ചായത്തുകളിലായി രൂപപ്പെട്ടു.
80 ശതമാനം കൃഷിക്കൂട്ടങ്ങൾ ഉൽപാദനത്തിലും 20% സംവരണത്തിനുമാണ് ശ്രദ്ധിക്കുന്നത്. പക്ഷേ കർഷകന് വരുമാനം കൂടണമെങ്കിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളിലേക്ക് തിരിഞ്ഞാലേ കഴിയൂ എന്ന് കൃഷിമന്ത്രി അഭിപ്രായപ്പെട്ടു.
Kerala Agro എന്ന ബ്രാൻഡ്
ഓരോ കൃഷിഭവന്റെ പരിധിയിലും ഒരു മൂല്യവർദ്ധിത ഉൽപ്പന്നം എന്ന ലക്ഷ്യമാണ് കൃഷി വകുപ്പ് പരിപാടി ഇടുന്നത്. 1026 ഓളം വരുന്ന കൃഷിഭവനകളിൽ 506 കൃഷിഭവൻ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കി കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വൈഗകൾ നടത്തിയതിന്റെ പരിണിതഫലമായി സിറ്റി. സി. ആർ. ഐ, കേരള കാർഷിക സർവകലാശാല, നിസ്റ്റ് എന്നിവർ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ വേണ്ട പരിശീലനങ്ങൾ നൽകി തുടങ്ങി. 150 ഓളം സ്റ്റാർട്ടപ്പുകൾക്ക് പത്തനംതിട്ട കെ വി കെ നേതൃത്വം നൽകി. അട്ടപ്പാടി ട്രൈബൽ പാക്കേജും ഇതിന്റെ ഭാഗമായിട്ടാണ് ഉണ്ടായത്. കഴിഞ്ഞവർഷം 100 കേര ഗ്രാമങ്ങൾ ഉണ്ടായി. ഈ വർഷവും അത് തന്നെയാണ് ലക്ഷ്യമിടുന്നത്.
കൃഷിക്കൂട്ടങ്ങൾ വഴി മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ സർക്കാർ പദ്ധതിയിടുന്നു. സർക്കാരിന്റെ 11 വകുപ്പുകൾ ഒരുമിച്ച് നിന്നാണ് ഒരു കർഷകനെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്നത്. അതിനായി value added agriculture mission എന്ന ഒരു പദ്ധതിക്ക് രൂപം കൊടുക്കുകയുണ്ടായി. 2109 കോടി രൂപ ഇതിനായി വേൾഡ് ബാങ്കിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. Kerala Agro business company (kabco) കേരള സർക്കാരിന്റെ നൂറു ദിന പരിപാടിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യുന്നതായിരിക്കും. Kerala Agro എന്ന ബ്രാൻഡിലാണ് ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുക. കൃഷിവകുപ്പിന്റെ ഫാമുകളിൽ നിന്നുള്ള നൂറോളം ഉൽപ്പന്നങ്ങൾ മാർച്ച് 31നകം ഓൺലൈൻ വിപണിയിൽ എത്തിക്കാൻ പരിപാടി ഇട്ടിട്ടുണ്ട്.
സംരംഭകർക്ക് വഴികാട്ടി
ഇത് കൂടാതെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് എന്ന സ്ഥാപനവുമായി ചേർന്ന് ഉൽപ്പന്നങ്ങൾക്ക് സുസ്ഥിരമായ ഒരു പാക്കേജിങ് സംവിധാനം രൂപപ്പെടുത്തിയെടുക്കാനും പദ്ധതിയിടുന്നു. സിയാൽ മോഡലിൽ കേരള അഗ്രോ ബിസിനസ് കമ്പനി രൂപപ്പെടുത്തിയെടുക്കാനാണ് പദ്ധതിയിടുന്നത്.
കേന്ദ്രസർക്കാരിന്റെ ഇൻഫ്രസ്ട്രക്ചർ ഫണ്ട് ഉപയോഗിച്ച് പരമാവധി രണ്ട് കോടി വരെ വായ്പ എടുക്കാവുന്നതും 1% പലിശയും ഉള്ള പദ്ധതി കേരളത്തിൽ വളരെ വിരളമാണ്. അതിനാൽ സംരംഭകർക്ക് ഇതുമായി ബന്ധപ്പെട്ട പ്രോജക്ട് പ്ലാനുകൾ ഉണ്ടാക്കാൻ സഹായിക്കാൻ ഡിപിആർ ക്ലിനിക്കുകൾ തുടക്കമിട്ടു. അമ്പതോളം സംരംഭകർക്ക് വഴികാട്ടിയായി ഈ ക്ലിനിക്കുകൾ.
ഇത്തരം വിവിധ പദ്ധതികൾ ആണ് കേരള സർക്കാർ കർഷകരുടെ ഉന്നമനത്തിനായി മുന്നോട്ടുവെക്കുന്നതെന്ന് കൃഷിമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.