കാർഷിക മൂല്യവർദ്ധനവിന്റെ വാതായനങ്ങൾ തുറന്ന വൈഗ 2023 ഇന്ന് സമാപിക്കും. കാർഷിക മേഖലയിൽ മൂല്യ വർദ്ധനവിന്റെ അനന്തസാധ്യതകളെ കർഷകർക്കും സംരംഭകർക്കും പൊതുജനത്തിനും പരിചയപ്പെടുത്തുന്ന വൈഗയുടെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് 4 മണിക്ക് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷനാകുന്ന യോഗത്തിൽ കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും.
അന്താരാഷ്ട്ര നാളികേര സമൂഹത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജൽഫിന സി. അലൗ വിശിഷ്ടാതിഥിയാകും. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഡി. പി. ആർ. ക്ലിനിക്കിൽ തയ്യാറാക്കിയ പ്രൊജക്ടുകളുടെ പ്രകാശനം നിർവഹിക്കും. മന്ത്രിമാരായ അഡ്വ. ആന്റണി രാജു, കെ. രാജൻ, എം. ബി. രാജേഷ്, വി. ശിവൻകുട്ടി, അഡ്വ. ജി. ആർ. അനിൽ, അഡ്വ. പി. എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ വിവിധ മത്സര ഇനങ്ങളിലെ വിജയികളായവർക്കുള്ള സമ്മാനങ്ങളും വൈഗ ഔദ്യോഗിക ബാങ്കിംഗ് പാർട്ണറായ ബാങ്ക് ഓഫ് ബറോഡയ്ക്കുള്ള അംഗീകാരവും നൽകും. മേയർ ആര്യ രാജേന്ദ്രൻ, എംപിമാരായ ശശി തരൂർ, അഡ്വ. അടൂർ പ്രകാശ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ എന്നിവർ മുഖ്യാതിഥികളാവും. എം.എൽ.എ.മാർ, മറ്റു ജനപ്രതിനിധികൾ, പൊതുമേഖലാ സ്ഥാപന മേധാവികൾ, കർഷകർ തുടങ്ങിയവർ പങ്കെടുക്കും.
സംരംഭകരുടെയും ശാസ്ത്രജ്ഞരുടെയും കർഷകരുടെയും നവാഗതരുടേയും പൊതു സമൂഹത്തിന്റെയും പങ്കാളിത്തം കൊണ്ട് വൈഗയുടെ ഈ ആറാമത് പതിപ്പ് ശ്രദ്ധേയമായി. സംരംഭകരുടെയും നവാഗതരുടെയും ആശയങ്ങളെ വായ്പാ ബന്ധിതമാക്കുന്നതിനുതകുന്ന ബാങ്കുകളുടെ മാനദണ്ഡങ്ങൾ അനുസരിചുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള ഡി. പി. ആർ. ക്ലിനിക് വൈഗയുടെ ശ്രദ്ധ കേന്ദ്രമായിരുന്നു.
കേരളത്തിന്റെ പരാമ്പരാഗത ഉത്പന്നങ്ങൾ, ഭൗമ സൂചിക പദവി ലഭിച്ച ഉത്പന്നങ്ങൾ, സംസ്കരിച്ച മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവയുടെ മെച്ചപ്പെട്ട വിപണനം ഉറപ്പാക്കുന്നതിനുള്ള ബി2ബി മീറ്റ് വൈഗ 2023ന്റെ മറ്റൊരു മുഖമുദ്രയായിരുന്നു .
കാർഷിക മേഖലയിലെ വിവിധ പ്രശ്നങ്ങൾ അവലോകനം ചെയ്യുന്നതിനും പരിഹരിക്കുന്നതിനും ഉപയുക്തമായ രീതിയിൽ സംഘടിപ്പിച്ച 'വൈഗ - അഗ്രിഹാക്കും" വൈഗ 2023 ലെ പ്രമുഖ പരിപാടിയായി മാറി.
കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ, വിജയഗാഥകൾ, ഭൗമ സൂചകങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന 250ലേറെ സ്റ്റാളുകൾ, ആശയ സമ്പന്നമായ സെമിനാറുകൾ എന്നിവ വൈഗയുടെ എടുത്തു പറയത്തക്ക പ്രത്യേകതകളായിരുന്നു. കർഷകർക്കും കാർഷിക സംരംഭകർക്കും വൈഗയുടെ തുടർ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന ഉറപ്പോടുകൂടിയാണ് വൈഗയ്ക്ക് തിരശ്ശീല വീഴുന്നത്.