ഇന്ത്യയിലെ കാര്‍ഷിക മേഖല വന്‍ പ്രതിസന്ധിയിലാണെന്നും കൃഷി രക്ഷപെടാന്‍ ഉത്പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവ് അനിവാര്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. വൈഗ 2020 ലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.ഉത്പ്പാദന ചിലവ് വര്‍ദ്ധിക്കുകയും വരുമാനം കുറയുകയും ചെയ്യുന്നതിനാല്‍ ഓരോ അരമണിക്കൂറിലും ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്ന ദുസ്ഥിതിയിലാണ് ഭാരതം എത്തി നില്‍ക്കുന്നത്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. കൂലി ചിലവ് വര്‍ദ്ധിക്കുന്നു, രാസവള വില കൂടുന്നു, ഉത്പ്പന്നത്തിന് നല്ല വില കിട്ടുന്നില്ല, കാര്‍ഷിക വൃത്തിയുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണുളളത്.
റബ്ബര്‍ വില താണു.ചൈനയില്‍ നിന്നും റബ്ബര്‍ ഉത്പ്പന്നങ്ങളും റബ്ബര്‍ പാലുപോലും ഇറക്കുമതി ചെയ്യുന്നു. വിയറ്റ്‌നാമില്‍ നിന്നും കുരുമുളക് വരുന്നു. എല്ലാ നാണ്യവിളകളുടെയും സ്ഥിതി ഇതാണ്.മറ്റു വിളകളും ആശങ്കയിലാണ്. നെല്‍കൃഷി ആദായകരമല്ലാത്ത അവസ്ഥ, നെല്ല് എടുക്കാനും കൃത്യമായി പണം കൊടുക്കാനും കഴിയുന്നില്ല. ബാങ്ക് വായ്പയുടെ മൊറട്ടോറിയം നീട്ടിയെങ്കിലും എല്ലാ ബാങ്കുകളും ഇതനുസരിക്കുന്നില്ല. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ഒരു ബദല്‍ ആവശ്യമാണ് എന്നതിലേക്കാണ്. അത് മൂല്യവര്‍ദ്ധനവാണ് താനും. പുതിയ സാങ്കേതിക വിദ്യകള്‍ വരണം, അത് കര്‍ഷകരിലെത്തണം. കര്‍ഷകര്‍ക്ക് പരിശീലനം നല്‍കണം. പരമ്പരാഗത കൃഷി രീതികള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണം. കേന്ദ്ര സര്‍ക്കാര്‍ ആര്‍സിഇപി കരാര്‍ ഒപ്പിടുന്നതിനെ കേരള നിയമസഭ ഒന്നടങ്കം എതിര്‍ത്തത് കര്‍ഷകരുടെ കാര്യത്തില്‍ രാഷ്ട്രീയമില്ല എന്നതിന്റെ ഉദാഹരണമാണ്. എങ്കിലും പലവിധത്തില്‍ കരാറുകള്‍ വരും. അതിനെ അതിജീവിക്കാന്‍ കര്‍ഷകരെ പ്രപ്തരാക്കാന്‍ വൈഗ പോലുളള സംരംഭങ്ങള്‍ക്ക് കഴിയും എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എല്ലാ വീട്ടിലും പച്ചക്കറി ഉത്പ്പാദിപ്പിക്കുന്ന ഹരിതം ഹരിപ്പാട് പദ്ധതി തന്റെ മണ്ഡലത്തില്‍ വിജയകരമായി നടപ്പിലാക്കിയ കാര്യം രമേശ് ഓര്‍മ്മിപ്പിച്ചു. നബാര്‍ഡ് അഞ്ചരകോടി രൂപ നല്‍കിയ പദ്ധതിയുടെ ആകെ മുടക്കുമുതല്‍ 28 കോടിയാണ്. പ്രളയം വന്നില്ലായിരുന്നെങ്കില്‍ ഹരിപ്പാട് കഴിഞ്ഞ വര്‍ഷം തന്നെ തരിശ് രഹിത നിയോജക മണ്ഡലമായേനെ എന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം പ്രഖ്യാപനമുണ്ടാവുമെന്നും രമേശ് പറഞ്ഞു. യോഗത്തില്‍ കൃഷി മന്ത്രി അധ്യക്ഷത വഹിച്ചു. ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയായിരുന്നു.