സുസ്ഥിര മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ ആസൂത്രണ സമിതി, കില, ഗുരുവായൂർ നഗരസഭ എന്നിവയുടെ നേതൃത്വത്തിൽ സെമിനാറും മാതൃകാവതരണങ്ങളും ഗുരുവായൂർ ബായോപാർക്കിൽ നടന്നു. ഉദ്ഘാടനം റവന്യു വകുപ്പു മന്ത്രി അഡ്വ. കെ രാജൻ നിർവ്വഹിച്ചു.
മാലിന്യത്തിൽ നിന്ന് വരുമാനം കണ്ടെത്തുന്ന ഗുരുവായൂർ നഗരസഭ വലിയ മാതൃകയാണെന്ന് റവന്യൂ മന്ത്രി അഡ്വ.കെ. രാജൻ പറഞ്ഞു. മാലിന്യ നിർമാർജ്ജനം നമ്മുടെ വീട്ടിൽ തന്നെ തുടങ്ങണം എന്നാലെ സമൂഹത്തിൽ മാറ്റമുണ്ടാകൂ എന്ന് റവന്യൂ മന്ത്രി കൂട്ടിചേർത്തു. ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കുന്നത് ഗുരുവായൂർ വലിയ പാഠമാണ് നൽക്കുതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച എം.എൽ.എ എൻ.കെ. അക്ബർ വ്യക്തമാക്കി
മാലിന്യ സംസ്ക്കരണം കേരളത്തിൽ ഇന്ന് പ്രധാന വിഷയമായി മാറിയിരിക്കുകയാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ പറഞ്ഞു. ചർച്ചകളിൽ നിന്ന് നടപടികളിലേക്ക് മാറേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് പി.കെ. ഡേവിസ് മാസ്റ്റർ അഭിപ്രായപെട്ടു. മാലിന്യ സംസ്കരണം ശാസ്ത്രീയാടിസ്ഥാനത്തിൽനടത്തിയതിന്റെ നേട്ടമാണ് ഗുരുവായൂർ ബയോപാർക്ക് എന്ന് വിഷയാവതരണം ചെയ്തു കൊണ്ട് ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.
ഗുരുവായൂർ പോലെ ധാരാളം തീർത്ഥാടക്കാർ എത്തുന്ന സ്ഥലത്ത് സുസ്ഥിര മാലിന്യ സംസ്കരണ പദ്ധതികളുടെ ആവശ്യകത ഏറെയാണെന്ന് സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം എം.ആർ.അനൂപ് കിഷോർ പറഞ്ഞു. നഗരവത്കരണത്തിന്റെ ഭാഗമായി ഉപഭോഗ സംസ്കാരം ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് കേരളം നേരിടുന്നതെന്ന് കിലയുടെ അർബൻ ഫെല്ലോ ഡോ.രാജേഷ് എം.ആർ പറഞ്ഞു. തുടർന്ന് നഗരസഭ സെക്രട്ടറി ബീന.എസ്.കുമാർ ഗുരുവായൂരിലെ മാലിന്യ സംസ്കരണത്തെ പറ്റി അവതരണം നടത്തി, രാജീവ് കുമാർ, രേഷ്മ ജി, ബാബു പറമ്പത്ത്, സേവിയർ അല്ലസി എന്നിവർ വിവിധ മാലിന്യ നിർമാർജ്ജന പവർപോയിന്റ് അവതരണങ്ങൾ നടത്തി.
ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനിഷ്മ എം. പി, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമിറ്റി ചെയർമാൻ എ.വി.വല്ലഭൻ, ഗുരുവായൂർ നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമിറ്റി ചെയർമാൻ എ.എസ്.മനോജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ടി.വി.സുരേന്ദ്രൻ, വാർഡ് കൗൺസിലർ സിന്ധു ഉണ്ണി, ജില്ല പ്ലാനിംഗ് ഓഫീസർ എൻ.കെ.ശ്രീലത എന്നിവർ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: കാര്‍ഷികാവശിഷ്ടങ്ങളില്‍ നിന്നും സസ്യജന്യ തുകല്‍- സാങ്കേതികവിദ്യാ കൈമാറ്റത്തിന് ധാരണാപത്രം ഒപ്പിട്ട് സിഐഎസ്ആര്‍-എന്‍ഐഐഎസ്ടി