മൂവാറ്റുപുഴ : കോടികൾ മുടക്കി ഇറക്കുമതി ചെയ്ത വിദേശ നിർമ്മിത യന്ത്രങ്ങൾ തുരുമ്പെടുത്ത് പോകാൻ വഴിവെക്കാതെ വാഴക്കുളം അഗ്രോ പ്രോസസിങ് കമ്പനി വീണ്ടും പൂർവ സ്ഥിതിയിലേക്ക് .
നടുക്കര അഗ്രോ ഫുഡ് പ്രോസസിങ് കമ്പനിയുമായുള്ള കോടതി വ്യവഹാരങ്ങൾമൂലം ഇതുവരെ ഉപയോഗിക്കാൻ സാധിക്കാതിരുന്ന നാലുകോടിയോളം രൂപയും ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്ന മൂന്നു കോടിയോളം രൂപയും കൈവശമെത്തുന്നതോടെ മൂലധനമില്ലായ്മ മൂലം ബുദ്ധിമുട്ടിയിരുന്നു കമ്പനിക്ക് കരകയറാൻ കഴിഞ്ഞേക്കും.
2012 ലാണ് നടുക്കര കമ്പനി സർക്കാർ ഏറ്റെടുത്ത് വെജിറ്റൽ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന് കീഴിലാക്കിയത്. പ്രവർത്തനക്ഷമമല്ലാതെ കിടന്ന യന്ത്രങ്ങൾ നന്നാക്കിയതോടെ ഉത്പാദനം നന്നായി കൊണ്ടുപോകാമെന്നും നഷ്ട്ടപ്പെട്ട വിപണി തിരികെപ്പിടിക്കാമെന്ന പ്രതീക്ഷയിലുമാണ് കമ്പനി. ഫെബ്രുവരി രണ്ടാം വാരത്തോടെ കമ്പനി പൂർണ്ണമായും പ്രവർത്തനം നടത്തും.
ടെട്രാപ്പാക്ക് ഉത്പന്നങ്ങളായ ജൈവ് പഞ്ച് ,മംഗോ മിക്സ്, ജൈവ് ജൂസി , ഫണ്ടു മംഗോ, ഫണ്ടു ആപ്പിൾ , കുട്ടികൾ ഏറെ ഇഷ്ടപെടുന്ന ജൈവ് ജിഞ്ചർ കാൻഡി എന്ന നമ്മുടെ സ്വന്തം ഇഞ്ചി മിട്ടായി എന്നിവയ് ക്കൊപ്പം പുതിയ പെറ്റ് ബോട്ടിൽ ഉത്പന്നങ്ങളും വിപണിയിലെത്തും . ഇതിനായി നിർമ്മിച്ച പുതിയ പെറ്റ് ബോട്ടിൽ പ്ലാന്റ് കൃഷി മന്ത്രി വി എസ് സുനിൽകുമാർ ഉദാഘാടനം ചെയ്യും.
കൃത്യമായ തിയതി തീരുമാനിച്ചിട്ടില്ലെങ്കിലും ഫെബ്രുവരി രണ്ടാം വാരമാകും ഉദ്‌ഘാടനം നടക്കുക. പുതിയ മിനറൽ വാട്ടർ പ്ലാന്റും ഇതോടൊപ്പം പ്രവർത്തനമാരംഭിക്കും. പ്രയോജനശൂന്യമായി കിടക്കുന്ന കമ്പനി വക നാലേക്കർ ഭൂമി പൈനാപ്പിൾ കൃഷിക്കായി പാട്ടത്തിന് നൽകാനും ശ്രമമുണ്ട്.
ഇതൊക്കെയെങ്കിലും കമ്പനി നഷ്ടത്തിലായിരുന്ന കാലത്തെ തൊഴിലാളികളിൽ ചിലരുടെ ശമ്പളം ഇപ്പോഴും കുടിശ്ശിക ഉണ്ട് കമ്പനിയുടെ നല്ല കാലത്ത് തങ്ങളുടെ കാര്യം പരിഗണിക്കാൻ അധികൃതർ ശ്രദ്ധിക്കും എന്ന് തൊഴിലാളികൾ ശുഭാപ്തി വിശ്വാസത്തിലാണ് .
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പ്രമേഹം: സങ്കീർണമായ രോഗാവസ്ഥ - പരിഹാരം അക്യുപങ്ചറിൽ