ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ പ്രളയ ബാധിത മേഖലകളെ സംരക്ഷിക്കാനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച വാഴമന നീർത്തട സംരക്ഷണ പദ്ധതി യാഥാർഥ്യമാകുന്നു.
വാഴമന കൊടിയാട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പദ്ധതി അവലോകന യോഗവും പദ്ധതി പ്രഖ്യാപനവും സി.കെ. ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. മൂന്നുഘട്ടമായി നടപ്പാക്കുന്ന പദ്ധതി കൃഷി, ജലസേചനം, ടൂറിസം വകുപ്പുകളുടെയും, തദ്ദേശ സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് നടപ്പാക്കുക.
ആവർത്തിച്ച് വരുന്ന പ്രളയത്തിൽ ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ 7,8,9 വാർഡുകളിലെ തെക്ക് കിഴക്കൻ മേഖലയിലെ ആയിരത്തി മുന്നൂറോളം ഏക്കർ വരുന്ന പാടശേഖരങ്ങളിലെ കൃഷി നാശവും മറ്റും തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കുക. ഇതിനായി കരിയാറിന്റെ തീരത്ത് 15 കിലോമീറ്റർ ദൂരത്തിൽ ആറ്റുബണ്ട് നിർമ്മിക്കും.
ആറ്റിലേയും, സമീപത്തെ നിർച്ചാലുകളിലേയും നീരൊഴുക്കു സുഗമമാക്കുന്നതിനായി ആഴംകൂട്ടൽ, ഷട്ടർ സ്ഥാപിക്കൽ മുതലായ നടപടികൾ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. മൂന്നുവർഷം കൊണ്ട് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കാനാണ് പഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളത്.
ആദ്യ ഘട്ടത്തിൽ കൃഷി യോഗ്യമാക്കുന്ന പാടശേഖരങ്ങളിലും, കൃഷി ഭൂമിയിലും മറ്റും ജൈവ നെൽകൃഷിയും പച്ചക്കറികൃഷിയും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ലക്ഷ്യം.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിർമിക്കുന്ന ആറ്റുബണ്ടിനെയും വൈക്കം നഗരത്തേയും തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് 25 കിലോമീറ്റർ ദൈർഘ്യത്തിൽ സൈക്കിൾ പാത നിർമാണമാണ് പദ്ധതിയുടെ മൂന്നാം ഘട്ടം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും, വിവിധ വകുപ്പുകളുടേയും, എം.എൽ.എ, എം.പി, നബാർഡ് മുതലായവരുടെ ഫണ്ടുകൾ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.
പദ്ധതി പ്രഖ്യാപനത്തോടനുബന്ധിച്ചു പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പദ്ധതിപ്രദേശങ്ങളിൽ സന്ദർശനം നടത്തി.
ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ പുഷ്‌കരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ് പുഷ്പമണി, ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുലോചന പ്രഭാകരൻ, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പി.കെ ആനന്ദവല്ലി, ജില്ലാ പ്ലാനിങ് ഓഫിസർ ലിറ്റി മാത്യു, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഡോ. വിജിത്ത്, പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി ആശാറാണി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.