1. എലിക്കുളം പഞ്ചായത്തിൽ 5ാം വാർഡിൽ കൃത്യതാ കൃഷി രീതിയിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട 'ഭൂമിക' കൃഷിക്കൂട്ടത്തിൻ്റെ ആഭിമുഖ്യത്തിലാണ് കൃത്യതാ കൃഷി രീതിയിൽ പച്ചക്കറി കൃഷി ആരംഭിച്ചത്. 50 സെന്റ് സ്ഥലത്ത് 1000 ഹൈബ്രിഡ് വെണ്ടയാണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്യുന്നത്. ഇത് ഒരേക്കർ കൃഷിയിടത്തിലേക്ക് വ്യാപിപ്പിക്കാനാണ് സംഘത്തിന്റെ അടുത്ത് ലക്ഷ്യം. 4 അടി അകലത്തിൽ 2 അടി ഉയരത്തിൽ തയാറാക്കിയ ബെഡിൽ അടിവളമായി ധാരാളം ജൈവവളം ചേർത്ത ശേഷം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പുതയിട്ട് തുള്ളി നനയിലൂടെ വെള്ളവും വളവും കൃത്യമായ അളവിൽ കൃത്യമായ സമയത്ത് നൽകുന്നതാണ് കൃത്യതാ കൃഷിയുടെ സാങ്കേതികത. എലിക്കുളം വലിയ മുണ്ടക്കൽ പുരയിടത്തിൽ നടന്ന വിത്തിടീൽ മഹോത്സവത്തിൽ കൃഷി ഓഫീസർ പ്രവീൺ കെ, വാർഡ് മെമ്പർ ദീപാ ശ്രീജേഷ് , ഭൂമിക കൃഷിക്കൂട്ടം അംഗങ്ങളായ ബൈജു കൊടിപ്പറമ്പിൽ, ഷിജു വി നായർ, എം ജി എം യു പി. സ്കൂൾ മാനേജർ രഘു, കെ ആർ രമേഷ് കണ്ണമുണ്ടയിൽ, ബി. ശശിധരൻ നായർ, ശ്രീജേഷ്, അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
2. വിലങ്ങാട് ഉരുള്‍പൊട്ടല്‍: കൃഷി നാശത്തിന് ഓണ്‍ലൈന്‍ അപേക്ഷ നൽകുന്നതിനുള്ള സമയപരിധി നീട്ടി.
വിലങ്ങാട് ഉരുള്‍പൊട്ടലിനെ തുടർന്ന് പ്രദേശത്തെ കര്‍ഷകര്‍ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിഞ്ഞിരുന്ന സാഹചര്യത്തില്‍ കൃഷി നാശത്തിന് AIMS പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 15 വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഉരുള്‍പൊട്ടലില്‍ കൃഷിനാശം സംഭവിച്ച പ്രദേശത്തുള്ള കര്‍ഷകരിൽ ഇനിയും അപേക്ഷ നൽകാത്തവര്‍ കൃഷിഭവനുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9383471893 എന്ന നമ്പറിൽ ബന്ധപ്പെടുക.
3. ന്യൂനമർദം ചക്രവാതചുഴിയായി ശക്തി കുറഞ്ഞു. ഇന്ന് എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആന്ധ്രാ - ഒഡിഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം ഛത്തീസ്ഗഡിന് മുകളിൽ ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞതിനാൽ ഇന്ന് ഒരു ജില്ലകളിലും പ്രത്യേക ജാഗ്രതാ മുന്നറിയിപ്പുകളില്ല. എന്നാൽ സെപ്റ്റംബർ 29, 30 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ചിലയവസരങ്ങളിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണം. തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിപ്പു നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.