കോഴിക്കോട് : കോവിഡ് രണ്ടാം ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ തിരിച്ചടിയിലായി പച്ചക്കറി കയറ്റുമതി.വിഷു വിപണിയിൽ സജീവമായി നിന്ന ശേഷമാണ് പെട്ടന്ന് തിരിച്ചടി വന്നിരിക്കുന്നത്.
അതിനാൽ തോട്ടങ്ങളിൽ വിലകൊടുത്ത് ഉറപ്പിച്ച ഉത്പന്നങ്ങൾ എന്ത് ചെയ്യും എന്നറിയാതെ നിൽക്കുകയാണ് വ്യാപരികളും. കൊച്ചി, തിരുവനന്ത്പുരം, കോഴിക്കോട് , കണ്ണൂർ വിമാനത്താവളങ്ങളിലായി പ്രതിദിനം ശരാശരി 150 ടണ്ണോളം പഴങ്ങളും പച്ചക്കറികളുമാണ് കയറ്റുമതി ചെയ്തിരുന്നത്.
2020 ൽ കൊച്ചിവിമാനത്താവളം വഴിയുള്ള ഈയിനം ചരക്ക് കയറ്റുമതി മുൻവർഷത്തെ 116 ടണ്ണിൽ നിന്ന് 66.3 ടണ്ണിലേക്ക് കുറഞ്ഞിരുന്നു.
2021 ൽ ഇതിനകം തന്നെ കയറ്റുമതി 83.7 ടണ്ണിലേക്ക് കരകയറി. ഇതിനിടെയാണ് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ച് വിവിധ രാജ്യങ്ങളുടെ വിമാന വിലക്ക് എത്തിയത് .യു എ ഇ , സൗദി അറേബ്യ, ഒമാൻ , ബഹ്‌റൈൻ , കുവൈറ്റ് എന്നിവയാണ് കേരളത്തിൽ നിന്നുള്ള പഴം പച്ചക്കറികളുടെ പരമ്പരാഗത വിപണി.
ഇന്ത്യയിലേക്ക് ചരക്ക് വരുന്നതും കുറഞ്ഞതിനാൽ കാർഗോ വിമാനങ്ങളുടെ കുറവും കയറ്റുമതിക്കാരെ വലയ്ക്കുന്നുണ്ട്. കാർഗോ വിമാനങ്ങളിൽ 60 -75 ടൺ വരെ ചരക്ക് കയറ്റാനാകും.
യാത്ര വിമങ്ങളുടെ ചരക്ക് നീക്ക ശേഷി 30 -35 ടണ്ണാണ്. പ്രത്യേക യാത്ര വിമാനങ്ങൾ ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നുണ്ട്. എന്നാൽ ഇവ ചരക്ക് നീക്കാൻ ഇപ്പോൾ മൂന്നിരട്ടി ഫീസാണ് ഈടാക്കുന്നത്