1. ഹൈറേഞ്ചിൽ പച്ചക്കറി വില കുതിച്ചുയരുന്നു. ഉൽപാദനത്തിലുണ്ടായ കുറവും മണ്ഡല കാലവുമാണ് പച്ചക്കറി വില കൂടുന്നതിന് കാരണം ആയിരിക്കുന്നത്. മണ്ഡല കാലത്ത് പച്ചക്കറിയുടെ ഉപഭോഗം വർധിച്ചതാണ് പ്രധാന കാരണം. തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്കുള്ള പച്ചക്കറികൾ അധികവും എത്തുന്നത്. ചേന, വെളുത്തുള്ളി, ഉള്ളി എന്നിവയുടെ വിലയാണ് കുതിച്ചുയരുന്നത്.
2. കൊല്ലം ജില്ലാ പഞ്ചായത്തിൻ്റേയും ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ചേനമത് കുറുങ്ങള്‍ പാടശേഖരത്തിലെ ഒന്നാം വിളയായ നെല്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു. ജനകീയാസൂത്രണം 2023-24 വര്‍ഷത്തിലെ ''സമഗ്ര നെല്‍ കൃഷി വികസനം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 34 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്തത്. കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു . ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ദിജു ചടങ്ങിന് അധ്യക്ഷത വഹിച്ചു.
3. എറണാകുളം സീപോർട്ട് - എയർപോർട്ട് റോഡിൽ കാക്കനാട് ദൂരദർശൻ കേന്ദ്രത്തിന് സമീപമായി പ്രവർത്തനമാരംഭിച്ച സർക്കാർ സ്ഥാപനമായ ഹോർട്ടികോർപ്പിന്റെ പുതിയ സംരംഭമായ ഹോർട്ടികോർപ്പ് പ്രീമിയം നാടൻ വെജ് & ഫ്രൂട്ട് സൂപ്പർ മാർക്കറ്റിൽ ശനിയാഴ്ച്ച ചന്ത ആരംഭിക്കുന്നു. കർഷകരിൽ നിന്നും കർഷക സംഘങ്ങളിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികളും പഴ വർഗ്ഗങ്ങളും ഇറക്കുമതി ചെയ്ത പഴങ്ങളും കൂടാതെ ഹോർട്ടികോർപ്പ് തേൻ, കുട്ടനാടൻ മട്ട അരി, കേര വെളിച്ചെണ്ണ, മിൽമ ഉത്പന്നങ്ങൾ, മറ്റ് സർക്കാർ ഉത്പന്നങ്ങൾ, കർഷക ഉത്പാദക കമ്പനികളുടെ ഉത്പന്നങ്ങൾ, കേരള ഗ്രോ ബ്രാന്റ് ഉത്പന്നങ്ങളും സ്റ്റാളിൽ പൊതു ജനങ്ങൾക്ക് ലഭിക്കും. ആഴ്ചയിലെ ഏറ്റവും വിലക്കുറവിലാണ് "സാറ്റർഡേ മാർട്ട് " എന്ന പേരിലെ ശനിയാഴ്ച്ച ചന്തയിൽ ഉത്പന്നങ്ങൾ ഒരുക്കിയിരിക്കുന്നത്. വിവരങ്ങൾക്ക് ഫോൺ : 62826 51345.
4. സംസ്ഥാനത്തെ കാലികളുടെ സമഗ്ര വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ പദ്ധതിക്ക് രൂപം നല്‍കിയതായി മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പു പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പ്രളയത്തിലും മറ്റും നഷ്ടപ്പെട്ടുപോകുന്ന കാലികളെ തിരിച്ചറിയാന്‍ പ്രയാസമുണ്ടാവില്ല. പാലുത്പാദനത്തില്‍ വലിയ കുതിച്ചുചാട്ടം നടത്താന്‍ ഇത്തരം വിവരങ്ങള്‍ ഉപകാരപ്രദമാകും. മൃഗസംരക്ഷണ മേഖലയില്‍ ഭാവനാപൂര്‍ണമായ പദ്ധതികള്‍ ആവിഷ്‌കരിക്കുവാന്‍ ഇത് ഉപകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.