1. കഴിഞ്ഞ കുറച്ച് മാസങ്ങളായി കുടുംബ ബജറ്റിനെ താളം തെറ്റിച്ച പച്ചക്കറി വില കുറഞ്ഞു. പച്ചക്കറിയുടെ ലഭ്യത ഉയർന്നതും ആഘോഷ ദിവസങ്ങൾ കഴിഞ്ഞതുമാണ് പച്ചക്കറി വില കുറയാൻ കാരണമായിരിക്കുന്നത്. പച്ചക്കറികൾക്ക് 25 രൂപ വരെയാണ് കിലോയ്ക്ക് വില കുറഞ്ഞത്. വില കുറഞ്ഞതോടെ പച്ചക്കറി കിറ്റുകൾക്ക് ആവശ്യക്കാരേറി. പച്ചക്കറി വില കുറഞ്ഞപ്പോൾ അരിയുടെ വിലയും വെളുത്തുള്ളിയുടെ വിലയും വർധിച്ചിരിക്കുകയാണ്.അരിക്ക് കിലോയ്ക്ക് വില 8 രൂപ വരെ കൂടിയപ്പോൾ വെളുത്തുള്ളിക്ക് വില 280 നും 300 നും ഇടയിലാണ്.
കൂടുതൽ അറിയുന്നതിന്: https://www.youtube.com/watch?v=3umFm4sYM5c
2. വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ജൈവ നെൽകൃഷിയിൽ നൂറുമേനി വിളവ്. പഞ്ചായത്തിലെ കോട്ടേപ്പാടത്താണ് ജൈവ നെൽകൃഷിയിലൂടെ മികച്ച വിളവ് സാധ്യമായത്. സമഗ്ര നെൽകൃഷി പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹായത്തോടെയായിരുന്നു കൃഷി. കൃഷിയ്ക്കായി രണ്ട് ലക്ഷത്തിൽ പരം രൂപയുടെ സഹായം കൃഷിവകുപ്പും പഞ്ചായത്തും ലഭ്യമാക്കി. കൃഷിയുടെ തുടക്കത്തിൽ വെള്ളം കയറിയത് മൂലം നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും മികച്ച പരിപാലനത്തിലൂടെ അതിനെ മറികടക്കുകയായിരുന്നു കർഷകർ. വിളവെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച കൊയ്ത്തുത്സവം വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. പരമാവധി പ്രദേശങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും ജൈവകൃഷിക്ക് പ്രത്യേക പ്രാധാന്യം നൽകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
3. സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഫെബ്രുവരി 2, 8 തീയതികളിൽ കർഷകരുടെ സിറ്റിങ് നടത്തും. രണ്ടിനു തിരുവനന്തപുരം കമ്മീഷൻ ആസ്ഥാനത്തും, വേൾഡ് മാർക്കറ്റ് കോമ്പൗണ്ടിലെ കോൺഫറൻസ് ഹാളിലും 8ന് പാലക്കാട് സർക്കാർ അതിഥി മന്ദിരത്തിലുമാണ് സിറ്റിങ്. സിറ്റിങ്ങിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ.അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. രാവിലെ 10ന് സിറ്റിങ് ആരംഭിക്കും. സിറ്റിങ്ങിനു ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൽ സഹിതം കൃത്യ സമയത്ത് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
4. കഴിഞ്ഞ മൂന്ന് വർഷത്തിനകം ഫിഷറീസ് വിഷയത്തിൽ വി.എച്ച്.എസ്.ഇ കോഴ്സ് പൂർത്തിയാക്കിയവർക്ക് രണ്ട് മാസത്തെ കരിമീൻകൃഷി പരിശീലനം സൗജന്യമായി നൽകുന്നു. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ സഹിതം 31ന് രാവിലെ 10ന് നീണ്ടകരയിലുള്ള എ.ഡി.എ.കെ റീജിയണൽ ഓഫീസിൽ അഭിമുഖത്തിനെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 8289925683