എറണാകുളം: ഓണത്തിന് സുലഭമായി പച്ചക്കറി വിളയിക്കുവാനായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ 22 വാർഡുകളിലും പച്ചക്കറികൃഷി തുടങ്ങി. കോട്ടുവള്ളി കൃഷിഭവനിൽ നടന്ന തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഷാജി നിർവഹിച്ചു.
കൃഷിയിടങ്ങളിൽ നടാൻ ആവശ്യമായ വെണ്ടക്ക, തക്കാളി, വഴുതന, പച്ചമുളക്, പാവൽ, പടവലം, പീച്ചിങ്ങ,ചുരക്ക, വെള്ളരി, പയർ എന്നി പച്ചക്കറി തൈകൾ കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം സൗജന്യമായി വിതരണം ചെയ്തു.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച 48 കൃഷിക്കൂട്ടങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ പച്ചക്കറി കൃഷിചെയ്യും.കോട്ടുവള്ളി കൃഷിഭവനു കീഴിൽ പ്രവർത്തിക്കുന്ന കൃഷിമിത്ര എക്കോഷോപ്പിന്റെ നേതൃത്വത്തിലാണ് തൈകൾ വിതരണം ചെയ്തത്.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടുവളപ്പിലെ പച്ചക്കറി കൃഷി: അറിയേണ്ടതെല്ലാം
പഞ്ചായത്തിൽ കൃഷിയിടമൊരുക്കൽ പ്രവർത്തനങ്ങൾ വിജയകരമായി പുരോഗമിക്കുന്നുണ്ട്. കൂടാതെ 50000 പച്ചക്കറി തൈകളാണ് ഓണക്കാല കൃഷിക്ക് മുന്നോടിയായി വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സെബാസ്റ്റ്യൻ തോമസ് ഗ്രാമപഞ്ചായത്തംഗം സതീഷ് മണുമത്ര, കൃഷി അസിസ്റ്റന്റ്മാരായ കെ. എസ് ഷിനു, എ.എ അനസ്, എം.എ സൗമ്യ, കാർഷിക വികസനസമിതി അംഗങ്ങളായ എൻ.സോമസുന്ദരൻ, കെ.ജി രാജീവ്, സജീവ് കുമാർ, എൻ. എസ് മനോജ്. കർഷകർ തുടങ്ങിയവർ സന്നിഹിതരായി.