സ്‌ക്രാപേജ് പോളിസിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അംഗീകാരം. 15 വർഷത്തിൽ അധികം പഴക്കമുള്ള സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള സ്‌ക്രാപേജ് പോളിസി 2022ൽ നിലവിൽ വരും.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്കും ഈ നിർദ്ദേശം ബാധകമായിരിക്കുമെന്നാണ് റിപ്പോർട്ട്.
മലിനീകരണം തടയുന്നതിന് പ്രതിജ്ഞാബദ്ധമായ സർക്കാർ എന്ന നിലയിൽ സ്‌ക്രാപേജ് പോളിസി നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. കൊറോണ മഹാമാരിയെ തുടർന്ന് വാഹന മേഖലയ്ക്ക് ഉണ്ടായ പ്രതിസന്ധി മറികടക്കാൻ പോളിസി സഹായിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു.
രാജ്യത്ത് പഴക്കമുള്ള പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങൾ പൊളിക്കാൻ നിയമം കൊണ്ടുവരണമെന്നും ഇത് ഉൾപ്പെടെ മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യണമെന്നും കഴിഞ്ഞ ജൂലൈയിലാണ് സർക്കാർ നിർദ്ദേശം കൊണ്ടുവരുന്നത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയെ സുപ്രധാന ഓട്ടോമൊബൈൽ ഹബ്ബായി ഉയർത്താൻ സാധിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.