കേരള സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ (SHM) ആരംഭിച്ച വെർട്ടിക്കൽ മാതൃകയിലുള്ള പച്ചക്കറി കൃഷിയ്ക്കായുള്ള പദ്ധതിയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. സംസ്ഥാനത്തെ നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും ഭൂരഹിത കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഹോർട്ടികൾചർ മിഷൻ വെർട്ടിക്കൽ കൃഷിയ്ക്ക് പ്രോത്സാഹനം നൽകുന്നത്. ഒപ്പം, പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നതും വിഷരഹിത പച്ചക്കറി ഉൽപാദനം ഉറപ്പുവരുത്തുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
സബ്സിഡി ആനുകൂല്യത്തോടെ വെർട്ടിക്കൾ കൃഷി ചെയ്യാൻ താൽപ്പര്യമുള്ളവർ മാർച്ച് 1നകം ഓൺലൈനായി അപേക്ഷ അയക്കണം.
പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ
ഒരു ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സ്ഥാപിക്കാൻ കഴിയുന്ന നാല് അടുക്കുകളുള്ള അർക്ക വെർട്ടിക്കൽ ഗാർഡൻ സ്ട്രച്ചറിനൊപ്പം 16 ചെടിച്ചട്ടികൾ, ഐ.ഐ.എച്ച്.ആർന്റെ 80 കിലോഗ്രാം പരിപോഷിപ്പിച്ച നടീൽ മാധ്യമം (ചകിരിച്ചോർ) എന്നിവ പദ്ധതിയുടെ ഭാഗമായി ലഭിക്കും. ചീര, മുളക്, പാലക്ക്, മല്ലി, കത്തിരിക്ക, തക്കാളി, ബീൻസ് എന്നീ വിളകളുടെ വിത്തുകളും, സസ്യ പോഷണ-സംരക്ഷണ പദാർഥങ്ങളും 25 ലിറ്റർ സംഭരണശേഷിയുള്ള തുള്ളിനന സൗകര്യവും ലഭിക്കുന്നുണ്ട്. സൂര്യപ്രകാശ ലഭ്യതയ്ക്കനുസരിച്ച് സ്ഥാനം മാറ്റുന്നതിനായി ചക്രങ്ങൾ ഘടിപ്പിക്കുന്ന രീതിയിലുള്ള സൗകര്യങ്ങളും ലഭിക്കുന്നതാണ്.
കേരളത്തിൽ പദ്ധതി ആനുകൂല്യം ലഭിക്കുന്നത് ആർക്കെല്ലാം?
2021-22 മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഓഫ് ഹോർട്ടിക്കൾച്ചർ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പദ്ധതിയാണിത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ താമസക്കാരായ ഗുണഭോക്താക്കൾക്കായി 330 യൂണിറ്റുകൾ 75 ശതമാനം ധനസഹായത്തോടെ നൽകും. യൂണിറ്റൊന്നിന് 23,340 രൂപയാണ് കണക്കാക്കിയിട്ടുള്ളത്.
ബന്ധപ്പെട്ട വാർത്തകൾ: സ്റ്റൈലാക്കാം ബാൽക്കണി ഗാർഡൻ; ഇതാ ചില പൊടിക്കൈകൾ
17,505 രൂപ സംസ്ഥാന ഹോർട്ടിക്കൾചർ മിഷൻ വിഹിതവും, 5,835 രൂപ ഗുണഭോക്തൃ വിഹിതവുമായി ലഭിക്കും.
www.shm.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും ഇതിലൂടെ ലഭിക്കും.
മാർച്ച് 1 ആണ് അപേക്ഷ അയക്കേണ്ട അവസാന തീയതി. അപേക്ഷ ലഭിക്കുന്നതിന് അനുസരിച്ച് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്ന ഗുണഭോക്താക്കളെയും തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ-കേരളത്തിൽ ഗുണഭോക്തൃ വിഹിതമായ 5835/- രൂപ (മൊത്തം ചെലവിന്റെ 25 ശതമാനം) മുൻകൂറായി അടയ്ക്കണം.