സി.വി.ഷിബു.
ആരോഗ്യമേഖലയിലേതുപോലെ മൃഗസംരക്ഷണ മേഖലയിലും വെറ്ററിനറി ഡോക്ടർമാരെ സഹായിക്കാൻ നഴ്സിംഗ് തസ്തികക്ക് സമാനമായ രീതിയിൽ നഴ്സിംഗ് തസ്തിക വേണമെന്നും ഇവർക്ക് പരിശീലനം നൽകാൻ വെറ്റിറിനറി നഴ്സിംഗ് കോളേജ് ആരംഭിക്കുമെന്നും ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.
കേരള ആനിമൽ ആൻ്റ് വെറ്ററിനറി സർവ്വകലാശാലയിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രി മാധ്യമങ്ങളെ ഇക്കാര്യമറിയിച്ചത്. ഉടൻ തന്നെ ഇതിനുള്ള നടപടി തുടങ്ങുമെന്നും ആലോചന നടന്നു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 152 ബ്ലോക്കുകളിലും വെറ്റിറിനറി ഡോക്ടർമാരുടെ രാത്രി കാല സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മൃഗസംരക്ഷണ മേഖലയിൽ പുതിയ വാക്സിൻ ഉല്പാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വെറ്ററിനറി സർവ്വകലാശാലയുടെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാൻ തീരുമാനമായതായും അവർ അറിയിച്ചു. വയനാട് ജില്ലയിലെ വിവിധ പരിപാടികളിലും മന്ത്രി ജെ.ചിഞ്ചുറാണി പങ്കെടുത്തു.
സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. എം.ആർ. ശശീന്ദ്രനാഥ്, രജിസ്ട്രാർ ഡോ:സുധീർ ബാബു, കൽപ്പറ്റ എം.എൽ.എ ടി . സിദ്ദീഖ് തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.