1. കൺസ്യൂമർ ഫെഡിൻ്റെ വിഷു ചന്തകൾ സംസ്ഥാനത്ത് ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങും. 10 കിലോ അരിയുൾപ്പെടെയുള്ള 13 ഇനം അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നതിനാണ് തീരുമാനം. ഇന്ന് ഉച്ച മുതൽ 300 വിഷുചന്തകൾ പ്രവർത്തിച്ച് തുടങ്ങുമെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ് അറിയിച്ചു. സംസ്ഥാനത്ത് റംസാൻ- വിഷു വിപണികൾ തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും തെരഞ്ഞെടുപ്പിൻ്റെ സാഹചര്യത്തിൽ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് വിപണി തുറക്കുന്നതിന് അവസരം ഒരുങ്ങിയത്.
2. കിഴങ്ങു കൃഷി പഠനത്തിനായി ആഫ്രിക്കൻ ശാസ്ത്രജ്ഞർ ചെങ്കൽ ഗ്രാമപഞ്ചായത്തിലെ വ്ളാത്താങ്കരയിലെ രാജൻ പൂവക്കുടിയുടെ കൃഷിയിടത്തിലെത്തി.കേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി കൃഷിചെയ്യുന്നത് തിരുവനന്തപുരത്താണ്. തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ കിഴങ്ങുവർഗ്ഗവിളകൾ കൃഷിചെയ്യുന്ന കാർഷികഗ്രാമമാണ് ചെങ്കൽ.ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം പാറശ്ശാല ബ്ലോക്കിൽ നടത്തുന്ന പരീക്ഷണങ്ങൾ നേരിട്ട് കണ്ട് മനസിലാക്കാനായി ആഫ്രിക്കയിലെ കാമറൂൺ, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നും മൂന്ന് ശാസ്ത്രജ്ഞരാണ് ചെങ്കൽ കൃഷിയിടങ്ങൾ സന്ദർശിച്ചത്. പാറശാല ബ്ലോക്ക് പഞ്ചായത്ത് സന്ദർശിച്ച് പ്രസിഡന്റ് അഡ്വ. എസ്സ്. കെ. ബെൻ ഡാർവിനുമായി ചർച്ച നടത്തി. ചെങ്കൽ കൃഷി ഭവൻ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗിരിജ, കൃഷി ഓഫീസർ രഞ്ജിത്ത് കൃഷ്ണൻ എന്നിവർ സംസാരിച്ചു.
3. തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനായ എസ്.വി സുജിത്തിൻ്റെ കൃഷിയിടത്തിൽ വിളഞ്ഞ കണിവെള്ളരി വിളവെടുപ്പ് നടത്തി. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമപഞ്ചായത്താണ് കഠിനംകുളം. തുമ്പ St. സേവ്യേഴ്സ് കോളേജിലെ മണൽ മണ്ണിലാണ് എസ്.വി സുജിത്ത് കണിവെള്ളരി കൃഷി ചെയ്തത്. ഹൈടെക് കർഷകനായ സുജിത്ത് സംസ്ഥാന കർഷക അവാർഡ് ജേതാവ് കൂടിയാണ്.
4. മീനമ്പത്ത് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മൃഗസംരക്ഷണ വകുപ്പ് 5 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തി. പി.പി.ആര്‍ വൈറസ് രോഗമാണ് ആടുവസന്ത. വായ്പുണ്ണ്, മൂക്കിലൂടെയുള്ള ശ്രവം, ചുമ, വയറിളക്കം എന്നിവയില്‍ തുടങ്ങി ന്യൂമോണിയ ബാധിച്ച് ആടുകള്‍ ഒരാഴ്ചക്കുള്ളില്‍ മരിക്കുന്നതാണ് പതിവ്. അടുത്ത് ഇടപഴകുന്നവരുമായുള്ള ബന്ധവും ചെരിപ്പുകളിലൂടെയുമൊക്കെയാണ് രോഗവ്യാപനം. മീനമ്പലം, കരുമ്പാലൂര്‍, കുളത്തൂര്‍, പാമ്പുറം, ഏഴിപ്പുറം, പാരിപ്പള്ളി, ചാവര്‍കോട്, പുതിയപാലം, ചിറക്കര എന്നിവിടങ്ങളില്‍ ആയിരത്തോളം ആടുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. പത്തില്‍ കൂടുതല്‍ ആടുകളെ വളര്‍ത്തുന്നവര്‍ കല്ലുവാതുക്കല്‍ മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ല മൃഗാശുപത്രി മേധാവി ഡോ. ഡി.ഷൈന്‍കുമാര്‍ അറിയിച്ചു.