വിവിധ വായ്പാ പദ്ധതികളുമായി വനിതാ സംരംഭകർക്ക് കൈത്താങ്ങായി കേരള ബാങ്ക്. സ്ത്രീകൾക്ക് തൊഴിലവസരം ഉറപ്പാക്കുന്നതോടൊപ്പം വരുമാനം വർധിപ്പിക്കുന്നതിനും വായ്പാ പദ്ധതികൾ സഹായകമാകുന്നു. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത വനിതകളിലൂടെ ഉറപ്പാക്കുന്നതിനായി കേരള ബാങ്കിന്റെ എം എസ് എം ഇ , കെ സി.സി വായ്പകൾ ഉൾപ്പെടെയുള്ള 45 ലധികം പദ്ധതികളാണ് ബാങ്ക് നൽകുന്നത്. കൂടാതെ 10 ൽ അധികം വായ്പകളാണ് വനിതകൾക്ക് മാത്രമായുള്ളത്.
സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായുള്ള ഇരുചക്ര വാഹന വായ്പയാണ് ഷീ ടു വീലർ. കുടുംബശ്രീ അംഗങ്ങൾ, വിദ്യാർത്ഥിനികൾ ഉദ്യോഗസ്ഥർ, കുടുംബിനികൾ തുടങ്ങി എല്ലാ വനിതകൾക്കും വായ്പയുടെ പ്രയോജനം ലഭ്യമാണ്. ഇതുവഴി ഇലക്ട്രിക് ഉൾപ്പെടെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നു. കേവലം 9.75 ശതമാനം പലിശയിൽ ഏഴു വർഷത്തെ തിരിച്ചടവ് കാലാവധി ഈ വായ്പ പദ്ധതിയുടെ പ്രത്യേകതയാണ്. വാഹന വിലയുടെ 90 ശതമാനം വരെ വായ്പ അനുവദിക്കുന്നു. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസ തിരിച്ചടവ് 1648 രൂപ മാത്രമാണ്. വരുമാനം ഇല്ലാത്ത സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും സ്ഥിര വരുമാനമുള്ള അച്ഛന്റെയോ ഭർത്താവിന്റെയോ അമ്മയുടെയോ വരുമാന സംബന്ധമായ രേഖകൾ ഹാജരാക്കിയാലും വായ്പ ലഭിക്കും. പദ്ധതി പ്രകാരം 79 വനിതകൾക്കാണ് കഴിഞ്ഞ മാസം അത്തോളി കേരള ബാങ്ക് ശാഖയിലൂടെ ടൂ വീലർ നൽകിയത്.
വനിതാ പ്ലസ് ബിസിനസ് വായ്പ പദ്ധതി പ്രകാരം കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വനിതാ സംരംഭകർക്കും പരമാവധി 5 ലക്ഷം രൂപ വരെ സംരംഭങ്ങൾ ആരംഭിക്കുവാൻ വായ്പ ലഭിക്കുന്നു. 18 മുതൽ 65 വയസ്സ് വരെയുള്ള വനിതകൾക്കാണ് 9.75 ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാവുക. വനിതകൾക്ക് ബ്യൂട്ടിപാർലർ, തയ്യൽ, ട്യൂഷൻ സെന്റർ, ഡേ കെയർ തുടങ്ങിയ സംരംഭങ്ങൾ തുടങ്ങുന്നതിനും ഇതിലൂടെ വായ്പ ലഭിക്കുന്നു. ഈടുകളില്ലാതെതന്നെ വായ്പ ലഭ്യമാകുന്നുവെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
ജില്ലയിൽ ഇതുവരെ ഷീ ടൂവീലർ വായ്പ പദ്ധതിയുടെ ഭാഗമായി 181 പേർക്കായി 2 കോടി 11 ലക്ഷം രൂപയുടെ വായ്പയാണ് അനുവദിച്ചത്. വനിതാ പ്ലസ് വായ്പ പദ്ധതിയിലൂടെ സംരംഭക പദ്ധതികൾക്കായി 1584 പേർക്ക് 26 കോടി 48 ലക്ഷം രൂപയുടെ വായ്പയും അനുവദിച്ചു. കേരള ബാങ്ക് ശാഖകളിൽ എത്തുന്ന കൂടുതൽ അന്വേഷണങ്ങളും ഈ രണ്ടു പദ്ധതികളെക്കുറിച്ചാണെന്ന് കേരള ബാങ്ക് ജില്ലാ പിആർഒ സഹദ് പറയുന്നു.
സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭക പദ്ധതി ആരംഭിച്ച് ചുരുങ്ങിയ കാലയളവിൽ 35,000-ൽ അധികം സ്ത്രീകൾ സംരംഭക ലോകത്തേയ്ക്ക് പ്രവേശിച്ചു കഴിഞ്ഞു. ഫുഡ് പ്രോസസിങ്ങ്, ബയോടെക്നോളജി, ഐ.ടി. ഇലക്ട്രോണിക്സ്, വ്യാപാര മേഖല, ഹാൻഡ് ലൂം, ഹാൻഡി ക്രാഫ്റ്റ് തുടങ്ങിയ മേഖലകളിലാണ് കൂടുതലും സംരംഭങ്ങൾ. സംരംഭക വർഷം പദ്ധതിയിൽ പല മേഖലകളിലും 30 ശതമാനത്തിലധികം രജിസ്റ്റർ ചെയ്തത് സ്ത്രീകളാണ്.