കൊച്ചി: സുസ്ഥിരമായ ഗതാഗതം എന്ന കാഴ്ചപ്പാടിൻ്റെ സാക്ഷാത്കാരമായി വാട്ടർ മെട്രോ മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നത്. അതിൽ ഏറ്റവും പ്രധാനം നഗര ഗതാഗതത്തിൻ്റെ പുത്തൻ അടയാളമായി മാറിയ കൊച്ചിമെട്രോയാണ്.
കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ റൂട്ടിൻ്റെയും ടെർമിനലുകളുടെയും ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നഗര ഗതാഗത സംവിധാനത്തിൽ ജലഗതാഗതം സുഗമമാക്കൽ വളരെ പ്രധാനമാണ്. വാട്ടർ മെട്രോയ്ക്ക് കാര്യക്ഷമമായ ഹരിത ഗതാഗത സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്.
യാത്രയ്ക്ക് എയർകണ്ടീഷൻ ബോട്ടുകളാണ് ഉപയോഗിക്കുന്നത്. ഫ്ലോട്ടിങ് ജെറ്റുകളാണ് അവ തരിപ്പിക്കുന്നത്.കൊച്ചി മെട്രോയിൽ ആകെ 78 ബോട്ടുകളും 38 ടെർമിനലുകളുമാണുള്ളത്. ആദ്യ ഘട്ടത്തിൽ 16 ടെർമിനലുകളാണ് നിർമിക്കുക. വൈറ്റിലയിലെയും കാക്കനാട്ടെയും ടെർമിനലുകളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
ഇതിലൂടെ രാജ്യത്ത് ആദ്യമായി ഭിന്നശേഷി സൗഹൃദമായ ഗതാഗത സംവിധാനമായി വാട്ടർ മെട്രോ മാറുകയാണ്. പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ ഫോസിൽ ഇന്ധനങ്ങൾ വഴി ഉണ്ടാകുന്ന പാരിസ്ഥിതിക നാശവും പരിഹരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയുടെ സമീപത്തെ 10 ദ്വീപുകളെയാണ് പദ്ധതിയുമായി ബന്ധിപ്പിക്കുന്നത്. ദ്വീപുകളെ നഗര ഹൃദയവുമായി ബന്ധിപ്പിക്കുന്നതിലൂടെ വിനോദ സഞ്ചാര മേഖലയിൽ വലിയ കുതിച്ച് ചാട്ടമാണ് ഉണ്ടാകുന്നത്. ഇതിലൂടെ ദ്വീപ് നിവാസികളുടെ ജീവിത തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.