ഈണങ്ങളുടെ ഇന്ദധനസ്സുമായി,ചന്ദ്രകളഭം ചാർത്തിയുറങ്ങുന്ന അതിമനോഹരമായ തീരഭൂമിയിലൂടെ ,സ്വർണ്ണച്ചാമരം വീശിയെത്തി മലയാളികളുടെ മനസ്സകങ്ങളിൽ സർഗ്ഗസംഗീതത്തിന്റെ പാലാഴിതീർത്ത കവിയും ഗാനരചയിതാവുമായിരുന്നു അനശ്വരനായ വയലാർ രാമവർമ്മ !.
മലയാളിപ്പെണ്ണിന് കുളിച്ചുകയറാൻ പനിനീർപ്പൂഞ്ചോലയും ,മുടിമിനുക്കാൻ ഞാറ്റുവേലയും ഉടുത്തൊരുങ്ങാൻ വെള്ളപ്പുടവയും നൽകിയ പാട്ടെഴുത്തുകാരൻ !
വയലാറിൻറെ ഗാനസാഹിത്യത്തിൻറെ അഥവാ കാവ്യസംസ്‌കൃതിയുടെ ചുവടുപിടിച്ചുകൊണ്ട് എഴുതിത്തുടങ്ങിയ മലയാള ഗാനരചയിതാക്കളിൽ ഏറെ ശ്രദ്ധയനായിരിക്കുന്നു രാജൻ ബത്തേരി എന്ന കവി അല്ലെങ്കിൽ ഗാനരചയിതാവ് .
പണമോ പ്രശസ്‌തിയോ അംഗീകാരമോ ആദരവോ ഒന്നുമാഗ്രഹിക്കാതെ എന്തിനെഴുതുന്നു എന്ന ചോദ്യത്തിന് ലളിതവും വ്യക്തവുമായ അദ്ദേഹത്തിൻറെ പതിവ് മറുപടി '' എൻറെ മനഃസ്സന്തോഷത്തിനുവേണ്ടി .കൃഷിക്കൊപ്പം ഒരു തമാശ ''
കേരളത്തെയും കർണ്ണാടകത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധന ത്തർക്കം വയനാട്ടിൽ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം .
യുവജനങ്ങളുടെ അനിശ്ചിത കാല സമരം .ബഹുജനധർണ്ണ .നിരാഹാരസമരമുറകളുമായി സമരപ്പന്തലുകളിൽ സഹനസമര നായകന്മാർ.
വയനാട്ടിലെ ജനങ്ങൾ ഇളകിമറിഞ്ഞുനിൽക്കുന്ന സമയം .
സഹനസമരത്തിന്റെ പോരാളികൾക്ക് അഭിവാദ്യങ്ങളർപ്പിച്ചുകൊണ്ടും ആദിവാസികളടക്കമുള്ള യുവജനങ്ങളിൽ സമരവീര്യം കാറ്റ് കൊടുങ്കാറ്റായി മാറിയ നിലയിലെത്തിക്കുവാനും ലക്ഷ്യമിട്ട്കൊണ്ട് രാജൻ ബത്തേരി എന്ന കവി തൂലിക പടവാളാക്കി എഴുതിത്തയ്യാറാക്കിയ വയനാടിൻറെ സമരഗാഥയ്ക്ക് സംഗീതം പകർന്നത് സ്റ്റാർ ഇന്റർ നേഷണൽ ഷോർട്ട് ഫിലിം പശ്ചാത്തല സംഗീത അവാർഡ് ജേതാവും കുന്നുമ്മക്കര സ്വദേശിയുമായ സലാം വീരോളി .
വയനാടിന്റെ രോദനം ''സ്‌പന്ദനം '' എന്ന പേരിലുള്ള കവിതയിലൂടെ അഥവാ പാണൻപാട്ടിൻറെ പഴമയുടെ തുടിതാളത്തിലൂടെ '' ദിക്കുകൾ പൊട്ടിത്തെറിക്കുമാറുച്ചത്തിൽ ''-സാധാരണക്കാരുടെ ചുണ്ടുകളിൽവരെ ഏറ്റുപാടാൻ പാകത്തിലായിരുന്നു ഈ ഗാനത്തിൻറെ രചന രാജൻ ബത്തേരി നിർവ്വഹിച്ചത് .
ഈണം പകർന്നതാവട്ടെ അതിലേറെ ശ്രദ്ധാപൂർവ്വം .
പ്രമുഖ ഗായകൻ രഞ്ജിത്ത് രാമചന്ദ്രൻ ആലപിച്ച ഈ ജനപ്രിയ ഗാനത്തിൻറെ അണിയറ ശിൽപ്പികൾ അഡ്വ ,വിജി വർഗ്ഗീസ് കീരിക്കാട്ടിൽ ,അനിൽകുമാർ മഞ്ഞാ൦ കുഴിയിൽ ,ആൻറണി ചീരാൽ .
ആർട് വിഷൻ വയനാട് സമർപ്പിച്ച ഈ സംഗീത ആൽബത്തിൻറെ ദൃശ്യവിസ്‌മയം ഏറ്റുവാങ്ങിയ സംഗീത പ്രേമികളും എണ്ണത്തിൽ കുറവല്ല .
പ്രകൃതിയുടെ വരദാനമായ വയനാട്ടിലെ കുന്നും മലകളും കതിരണിഞ്ഞ നെൽപ്പാടങ്ങളും കിളികളും കാട്ടരുവികളും കൂട്ടത്തിൽ ദേശാടനപ്പക്ഷികളും കാട്ട് താറാവുകളും കാപ്പിത്തോട്ടങ്ങളിലെ ചിത്രശലഭങ്ങളും കർക്കിടകത്തിലെ തോരാമഴയും ചിനുങ്ങി ചിനുങ്ങി പെയ്യുന്ന ചിങ്ങത്തിലെ ചാറ്റൽ മഴപോലുള്ള പ്രകൃതിദൃശ്യങ്ങളും രാജൻ ബത്തേരിയുടെ മനസ്സിലുണരുന്ന കാൽപ്പനികഭാവങ്ങൾക്ക് വളർന്ന് പടർന്നു കയറാനുള്ള കൂടുതൽ വളക്കൂറുള്ള മണ്ണായി മാറുകയായിരുന്നു പ്രകൃതി മനോഹരമായ വയനാടെന്ന് വേണം കരുതാൻ .
1990 കാലഘട്ടങ്ങളിൽ പ്രകൃതിയോടുള്ള കടുത്ത ആരാധനയുമായി പലനേരങ്ങളിൽ പലകാലങ്ങളിലായി ഒരുപാട് വരികൾ അദ്ദേഹം എഴുതിക്കൂട്ടി .
വെറുതെ ഒരു നേരമ്പോക്കിന്,മനസ്സുഖത്തിന് .അത്രമാത്രം .
രാജൻ ബത്തേരിയുടെ മരുമകൻ അശോകൻ വട്ടോളി എന്ന ആൾ തികച്ചും യാദൃശ്ചികമായാണ് ഈ എഴുത്തുപുസ്തകം ആ കാലത്ത് കാണാനിടയായത് .
തുടർന്നെഴുതാൻ പ്രേരിപ്പിക്കുക മാത്രമല്ല ആവശ്യമായ പ്രോത്സാഹനങ്ങളും അശോകൻ വട്ടോളി നൽകുകയുണ്ടായി .
ആ കാലയളവിൽ രാജൻ ബത്തേരി എഴുതിയ കൃഷ്ണഭക്തിഗാനം സംഗീത അദ്ധ്യാപകനായ സജീവൻ ഏറാമലയും നളിനാക്ഷൻ കണ്ണൂക്കരയും ചേർന്ന് ചിട്ടപ്പെടുത്തി ആലപിക്കാനും അശോകൻ വട്ടോളി അവസരമൊരുക്കി .
ഈ അവസരത്തിൽ തന്നെ സജീവൻ മാസ്റ്ററുടെ സംഗീതക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി രാജൻ ബത്തേരി അമ്മ എന്നപേരിൽ ഒരു കവിത എഴുതിക്കൊടുക്കുകയും പലവേദികളിലും കുട്ടികൾ ആ ഗാനം മത്സരിച്ച് പാടുകയും പലരും വിജയികളായിത്തീരുകയുമുണ്ടായിട്ടുണ്ട് .പരിസ്ഥിതിസ്നേഹത്തിന്റെ ഭാഗമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനെതിരെയും പ്ളാസ്റ്റിക്ക് മാലിന്യങ്ങൾക്കെതിരെയും തൂലികചലിപ്പിച്ചുകൊണ്ട് ഇദ്ദേഹം എഴുതിയ അന്തകൻ എന്ന ഗാനത്തിനും ആസ്വാദകരേറെ
ഓത്തുപള്ളിയും കോന്തലക്കൽ കെട്ടിയ നെല്ലിക്കയുംപോലെ അക്ഷരമുറ്റത്തെ നെല്ലിമരവുമെല്ലാം എത്രയോ തവണ പാടിപ്പഴകിയ പാട്ടുകൾ.
കാലത്തിന്റെ ഗതിവേഗങ്ങൾ ഒരുപാട് മുന്നോട്ട് പോയെങ്കുലും ഗൃഹാതുരത്വമുണർത്തുന്ന ഇത്തരം ഗാനങ്ങൾ കാതോർക്കുന്നതിൽ അശേഷം വിമുഖത കാണിക്കാത്തവരാണ് നമ്മൾ മലയാളികൾ .
കണ്ണിമാങ്ങച്ചീളും ഉപ്പും മുളകും കൈവെള്ളയിലൊതുക്കിപ്പിടിച്ച് കൂട്ടുകാരന്റെ കാലൊച്ച കേൾക്കാൻ കാത്തിരിക്കുന്ന പെൺകുട്ടിയുടെ ഓർമ്മപ്പുസ്തകത്തിലെ മയിൽപ്പീലിയായിമാറുന്നു ചിലനേരങ്ങളിൽ കവി രാജൻ ബത്തേരി .
ഉച്ചവെയിലേറ്റ് ചാഞ്ഞുതളർന്ന വയനാട്ടിലെ നെൽപ്പാടങ്ങളിലെ ഒറ്റവരമ്പിലൂടെ അന്തിമുല്ലച്ചെടിയുടെ ചെറു ചില്ലയും വീശിക്കൊണ്ട് കാലുതെറ്റാതെ നടന്നുപോയ കളിക്കൂട്ടുകാരി.
അവളുടെ മുടിച്ചുരുളുകളിൽ പിന്നിയിട്ട തുളസിക്കതിരിൻറെ നൈർമ്മല്യവും നെറ്റിയിൽ തൊട്ട ചന്ദനക്കുറിയുടെ ചാരുതയും ഗന്ധവും എല്ലാം ഓർത്തോർത്ത് ഒമനിക്കുന്നു കവി കാലങ്ങൾക്ക് ശേഷവും .
നിഷ്ക്കളങ്കമായ , പേരറിയാത്ത പ്രണയത്തിൻറെ ഉൽക്കുളിരേറ്റുവാങ്ങിയ ബാല്യ കാലത്തിൻറെ ഓർമ്മക്കാഴ്ചകളുടെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങിക്കൊണ്ടാണ് ''എൻറെ ബാല്യകാലം '' എന്ന കവിത എഴുതിയതെന്നുവേണം കരുതാൻ .
പോയ ബാല്യകാലം ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നുറപ്പുണ്ടായിട്ടും വെറുതെ ,വെറുതെ മോഹിക്കുന്ന പലരിൽ ഒരാളായി കവിയും മാറിയിരിക്കുന്നു.
ഗൃഹാതുരത്വമുണർത്തുന്ന മനോഹരമായ ഈ ഗാനം സംഗീതം നൽകി ആലപിച്ചത് സജീവൻ ഏറാമല .
പ്രശസ്‌ത പിന്നണിഗായകൻ ബിജു നാരായണൻ ,ദേവരാജൻ മാസ്റ്ററുടെ ശിഷ്യനും ചലച്ചിത്രസംഗീത സംവിധായകനുമായ ജി .ദേവരാജൻ ,റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഡയറക്റ്റർ സതീഷ് രാമചന്ദ്രൻ ,ലൂപ്പർ പെഡൽ വേർഷൻ ഗിറ്റാറിസ്റ് പ്രഭൽ കോഴിക്കോട് തുടങ്ങിയവരുടെയെല്ലാം സഹായസഹകരണങ്ങൾ തൻറെ വളച്ചയുടെ ഉയരങ്ങളിലേക്കുള്ള പടിക്കെട്ടുകളായിരുന്നുവെന്നതും കൃതജ്ഞതാപൂർവ്വം കവി സ്‌മരിക്കുന്നു ,
രാജൻ ബത്തേരി രചിച്ച എണ്ണമറ്റ ഗാനങ്ങളിൽ തൊണ്ണൂറുശതമാനം ഗാനങ്ങൾക്കും സംഗീതം ചിട്ടപ്പെ ടുത്തിയത് അവാർഡ് ജേതാവ് കൂടിയായ സലാം വീരോളി .
ബിജുനാരായണൻ ,സിന്ധുപ്രേംകുമാർ ,ചെങ്ങന്നൂർ ശ്രീകുമാർ ,നിർമ്മൽ പാലാഴി ,സജീവൻ ഏറാമല ,അജേഷ് അരവിന്ദ് ( ഐഡിയ സ്റ്റാർ സിംഗർഫെയിം ,തിരുവനന്തപുരം ),പ്രഭൽ കോഴിക്കോട് ,ദാക്ഷായണി അമ്മ ( റേഡിയോ നിലയം ,കോഴിക്കോട് ,രഞ്ജിത്ത്ബത്തേരി ,അഭിലാഷ് ബത്തേരി ,ശ്രുതിലക്ഷ്മി ജയകുമാർ ,അമിത കൃഷ്ണ ,ഡോ .ജൻസ് ദേവ് കൊയിലാണ്ടി തുടങ്ങിയ പ്രശസ്ഥരായ എത്രയോ ഗായികാഗായകന്മാർ ഇതിനകം രാജൻ ബത്തേരിയുടെ വരികൾ ആലാപനം ചെയ്‌തിട്ടുണ്ട് .
പുതിയതലമുറക്കാർക്കായി ഈ അടുത്ത കാലത്ത് എഴുതിയ വേറിട്ട ശൈലിയിലുള്ള ഗാനം ആലപിച്ചത് പ്രസിദ്ധസിനിമാതാരം നിർമ്മൽപാലാഴി.
കോഴിക്കോട് കണ്ണൂർ ജില്ലകളിലെ കുറ്റിയാടി മാഹി പുഴകൾ ചേരുന്നിടത്ത് നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട 5 ഏക്കറിലധികം വിസ്‌തൃതിയിലുള്ള നടുത്തുരുത്തി എന്ന ഒരു ദ്വീപ് .
ഈ ദ്വീപിലെ താമസക്കാരിയായ ശോഭയാണ് രാജൻ ബത്തേരിയുടെ സഹധർമ്മിണി.പ്രകൃതി രമണീയമായ ഈ ദ്വീപിലിരുന്നാണ് പല കവിതകൾക്കും രാജൻ ബത്തേരി ജന്മം നൽകിയത് .രാജൻറെ മുത്തശ്ശന്റെ തറവാടുമായിരുന്നു ഈ വേറിട്ട ഭൂപ്രകൃതി .
ചരിത്ര പ്രസിദ്ധമായ എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന വയനാട്ടിലെ അമ്പുകുത്തി മലനിരകളുടെ താഴ്വാരത്തിൽ ഭക്തജനങ്ങൾ നൂറ്റാണ്ടുകളായി ആരാധിച്ചുവരുന്ന ശക്തിസ്വരൂപമായ മലവയൽ ശ്രീമഹാ ശിവക്ഷേത്രത്തിലെ ഭക്തജനങ്ങൾക്കായി 'ശ്രീശൈലവാസൻ' എന്നപേരിലും ഒരു ഭക്തിഗാനം അദ്ദേഹം രചിച്ചിരുന്നു .
' ചുടലഭസ്‌മം മെയ്യിൽ ചാർത്തി ചടുലനൃത്തമാടും ദേവാ ' -എന്ന് തുടങ്ങുന്ന ഈ ഗാനം DOUBLE 4 MEDIA യക്ക് വേണ്ടി രഞ്ജിത്ത് രാമചന്ദ്രനാണ് ആലപിച്ചത് .
കൃസ്‌തീയഭക്തിഗാനങ്ങളടക്കം നിരവധി ഭക്തിഗാനങ്ങൾ ഇദ്ദേഹത്തിന്റേതായി വേറെയുമുണ്ട് .കുരുന്നുകളുടെ പ്രവേശനോത്സവത്തിന് രചിച്ച ഗാനം ചില പ്രത്യേക സാഹചര്യത്തിൽ അവതരിപ്പിക്കാൻ പറ്റാതെ പോയി .
രാജൻ ബത്തേരിയുടെ അച്ഛൻ കൃഷ്‌ണൻ രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത വകയിൽ 1949 -50 കാലഘട്ടങ്ങളിൽ സുൽത്താൻ ബത്തേരിയിലെ പൂമല എന്ന സ്ഥലത്ത് സർക്കാർ വക സ്ഥലം പതിച്ചുകിട്ടിയിരുന്നു
ഈ കുടുംബത്തിന് വയനാടുമായി ബന്ധം തുടങ്ങുന്നതുമങ്ങിനെ .ഓർക്കാട്ടേരിക്കടുത്ത് ഏറാമലയിൽ ജനിച്ചുവളർന്ന രാജൻ 'രാജൻ ബത്തേരി ' യായതുമങ്ങിനെ .
.ഇലക്ട്രോണിക്‌സ് പഠിക്കാൻ മദ്രാസിൽ പോയെങ്കിലൂം രാജൻ ബത്തേരിക്ക് കവിത എഴുത്തിലായിരുന്നു കമ്പം .
പിൽക്കാലങ്ങളിൽ പ്രോത്സാഹനവുമായി ഭാര്യ ശോഭയും നീതുരാജ് ,മിതുരാജ് എന്ന രണ്ട് പെണ്മക്കളും രാജന് കരുത്തുപകർന്നുകൊണ്ട് കൂട്ടിനുണ്ട് .
ഒപ്പം ജാനു തമാശ ഫെയിം ജ്യോതിഷ് വടകര ,ഭാർഗ്ഗവൻതൊടുവക്കൽ ,
നിഖിൽചന്ത് ചക്കുളങ്ങര തുടങ്ങിയ നിരവധിസുഹൃത്തുക്കളുടെ കൂട്ടായ്‌മയും പ്രോത്സാഹനവും വേറെയും .രാജൻ ബത്തേരിയുടെ ഗാനങ്ങൾ വെള്ളിത്തിരയിലൂടെ കേൾക്കാൻ കൊതിക്കുന്നവരാണ് ആരാധകരിൽ ഏറെപ്പേരും .ചലച്ചിത്രനിർമ്മാതാക്കൾ അറിയാതെ പോകരുത് ഈ അത്ഭുത പ്രതിഭയെ .
ദിവാകരൻ ചോമ്പാല
Mob: 9895745432