വയനാടിനെ പച്ചക്കറി– പൂക്കൃഷി മേഖലയിൽ മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ ഒരുങ്ങുകയാണ് കൃഷിവകുപ്പ്. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ സ്ഥലം ഉപയോഗപ്പെടുത്തി പച്ചക്കറി-പൂക്കൃഷി മേഖലയുടെ സെന്റർ ഓഫ് എക്സലൻസ് ജില്ലയിൽ ഒരുക്കാനാണ് കൃഷി വകുപ്പ് പദ്ധതി. കേരളം സന്ദർശിച്ച നെതർലാൻഡ്സ് അംബാസഡറുടെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. നെതർലൻഡ്സിൽനിന്നുള്ള വിദഗ്ധ സംഘം അടുത്ത മാസം വയനാട്ടിൽ സന്ദർശനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കൃഷി വകുപ്പ്, കാർഷിക സർവകലാശാല,ഹോർട്ടികൾച്ചർ മിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി ജില്ലയിൽ.നടപ്പിലാക്കുക. നെതർലൻഡ്സിന്റെ സാങ്കേതിക വിദ്യ വയനാട്ടിലെ കൃഷിമേഖലയിൽ ഉപയോഗപ്പെടുത്തും. നെതർലൻഡ്സിൽനിന്നുള്ള വിദഗ്ധ സംഘം ഇതിനായി കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കു പരിശീലനവും നൽകും. നെതർലൻൻഡ്സ് സർക്കാരിന്റെ സഹായവും പദ്ധതി ലഭിക്കുമെന്നതിനാൽ പുതിയ പദ്ധതി ജില്ലയുടെ കാർഷിക മേഖലയിൽ മാറ്റം വരുമെന്നാണ് കൃഷി വകുപ്പിന്റെ പ്രതീക്ഷ...
പൂക്കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് വയനാട് ജില്ലയിലെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പൂക്കൃഷിയുടെ സാധ്യത പൂർണമായി ഉപയോഗപ്പെടുത്തിയിട്ടില്ല. നിലവിൽ പൂക്കൃഷിക്കുള്ള മികച്ച വിപണി സംസ്ഥാനത്തു തന്നെയില്ലയെന്നതാണു വാസ്തവം. പച്ചക്കറി മേഖലയിലും ജില്ലയിൽ വിപുലമായ കൃഷികൾ കർഷകർ നടത്തുന്നില്ല. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചെറിയ കൃഷികളും വിപണന കേന്ദ്രങ്ങളും.ഒഴിച്ചാൽ കേന്ദ്രീകൃത സംവിധാനം ജില്ലയിൽ ഇല്ല. ജൈവപച്ചക്കറി മേഖലയിലെ സാധ്യതകളെ ഉപയോഗപ്പെടുത്താനും കഴിഞ്ഞിട്ടില്ല.
പദ്ധതി നടപ്പിലാക്കുന്നതോടെ വയനാടിന്റെ കൃഷിമേഖലയിൽ പുതിയ ഉണർവുണ്ടാകുമെന്നാണു പ്രതീക്ഷ. സെന്റർ ഓഫ് എക്സലൻസ് ആക്കുന്ന പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കാൻ ആർഎആർഎസിന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.രണ്ടാഴ്ചയ്ക്കുള്ളിൽ പദ്ധതിക്കു തുടക്കം കുറിക്കാനാകും.