കേന്ദ്രകൃഷി മന്ത്രാലയവും സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനിയും സംയുക്തമായി നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ കര്‍ഷകര്‍ക്ക് അവസരം.
ഈ സീസണിലെ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഡിസംബര്‍ 31വരെ കര്‍ഷകര്‍ക്ക് ചേരാം. www.pmfby.gov.in എന്ന വെബ്സെറ്റ് വഴി ഓണ്‍ലൈനായും സി. എസ്.സി ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങള്‍, അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍ വഴിയും കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം.
പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ ആധാര്‍ കാര്‍ഡ്, നികുതി രസീത്, ബാങ്ക് പാസ്ബുക്ക്, പാട്ടത്തിന് കൃഷി ചെയ്യുന്നവരാണെങ്കില്‍ പാട്ടകരാര്‍ എന്നിവയുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷി ഭവന്‍, അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ റീജിയണല്‍ ഓഫീസ് നമ്പറായ 0471 2334493, ടോള്‍ ഫ്രീ നമ്പറായ 18004257064 ബന്ധപ്പെടുക.
പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വാഴയും മരച്ചീനിയും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നെല്ല്, വാഴ, കശുമാവ്, പച്ചക്കറി വിളകള്‍ (വള്ളിപയര്‍, പടവലം, പാവല്‍, കുമ്പളം, മത്തന്‍, വെള്ളരി, പച്ചമുളക്) എന്നിവയുമാണ് ജില്ലയില്‍ വിജ്ഞാപനം ചെയ്തിട്ടുള്ളത്.
വാഴ -300000, മരച്ചീനി (ശീതകാലം) - 125000, നെല്ല് (ശീതകാലം) - 80000, കശുമാവ് - 60000, പച്ചക്കറി വിളകള്‍ - 40000 എന്നിങ്ങനെയാണ് ഹെക്ടര്‍ അനുസരിച്ചുള്ള ഇന്‍ഷൂര്‍ തുക. പദ്ധതിയിന്‍ ഓരോ വിളകള്‍ക്കും പ്രീമിയത്തിന്റെ നിശ്ചിത ശതമാനം സബ്സിഡിയായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കും. ബാക്കി തുക കര്‍ഷകര്‍ അടയ്ക്കണം.
പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ അടിസ്ഥാനമാക്കി സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന വിള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെള്ളക്കെട്ട്, ആലിപ്പഴ മഴ, ഉരുള്‍പൊട്ടല്‍, ഇടിമിന്നല്‍ മൂലമുണ്ടാകുന്ന തീപിടുത്തം, മേഘവിസ്‌ഫോടനം എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുക.
കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഓരോ പഞ്ചായത്തിനും വിജ്ഞാപനം ചെയ്തിട്ടുള്ള കാലാവസ്ഥ നിലയത്തില്‍ രേഖപ്പെടുത്തുന്ന കാലാവസ്ഥ വിവരമനുസരിച്ച് വെള്ളപ്പൊക്കം, കാറ്റ് (വാഴ, കശുമാവ്), ഉരുള്‍പൊട്ടല്‍ എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങള്‍ക്കും നഷ്ടപരിഹാരം ലഭിക്കും. ഒരു സര്‍വേ നമ്പറില്‍ ഒരു വിള ഒന്നില്‍ കൂടുതല്‍ തവണ ഇന്‍ഷുര്‍ ചെയ്യാന്‍ സാധ്യമല്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള കര്‍ഷകര്‍ക്ക് അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന പദ്ധതിയില്‍ ചേരാവുന്നതാനെന്നും അധികൃതര്‍ വ്യക്തമാക്കി.
ബന്ധപ്പെട്ട വാർത്തകൾ: അക്കൗണ്ടില്‍ പണമില്ലെങ്കിലും 10,000 രൂപ വരെ പിന്‍വലിക്കാവുന്ന ഈ ബാങ്ക് അക്കൗണ്ടിനെ കുറിച്ചറിയാം