ഏപ്രിൽ മാസം കേരളത്തിൽ സജീവമായ വേനൽ മഴ ലഭിച്ചേക്കും. അതേസമയം പസാഫിക് സമുദ്രത്തിൽ എസ്‌നോ (ESNO) ന്യൂട്രൽ നിന്നും എൽനിനൊ (ELNINO) സാഹചര്യത്തിലേക്ക് കടന്നുതുടങ്ങി.
കേരളം ഉൾപ്പെടെ ഇന്ത്യയിൽ ഈ വർഷം കാലവർഷം കുറയാൻ ഇത് ഇടയാക്കിയേക്കാം. മധ്യ കിഴക്കൻ പാസഫിക് സമുദ്രഭാഗം ഉൾപ്പെടെയുള്ള വലിയ ഒരു പ്രദേശത്തെ ചൂട് സാധരണയിൽ കൂടുതൽ ആകുന്നതാണ് എൽനിനൊ എന്ന പ്രതിഭാസം. ഇത് ഇന്ത്യ അടക്കമുള്ള ചില രാജ്യങ്ങളിൽ കുറഞ്ഞ കാലവർഷ മഴയ്ക്ക് കാരണമാകാറുണ്ട്.
എന്നാൽ ഈ കാലവർഷകാലത്ത് ഇന്ത്യൻ ഓഷ്യൻ ഡയ്പ്പോൾ (IOD) പോസിറ്റീവ് ഘട്ടത്തിലേക്ക് കടക്കുന്നത് കാലാവർഷത്തിൽ അൽപ്പം ശുഭപ്രതീക്ഷയും നൽകുന്നു. അറബികടലും അതിനോട് ചേർന്ന് കിടക്കുന്ന ഇന്ത്യൻ മഹാസമുദ്രവും സാധരണയിൽ കൂടുതൽ ചൂട് പിടിക്കുന്ന സാഹചര്യത്തെ പോസിറ്റീവ് ഇന്ത്യൻ ഓഷ്യൻ ഡയപ്പോൾ (+IOD) എന്ന് പറയുന്നു. ഈ സാഹചര്യം നിലനിൽക്കുന്ന കാലവർഷ സമയം അറബികടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും കൂടുതൽ മേഘ രൂപീകരണം നടക്കുകയും കേരളം ഉൾപ്പെടെ പടിഞ്ഞാറൻ തീരങ്ങളിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാല രോഗങ്ങളെ ആയുർവേദത്തിലൂടെ എങ്ങനെ പ്രതിരോധിക്കാം?
എന്നാൽ കാലവർഷകാലത്ത് മഴ വർധിപ്പിക്കുന്ന പോസിറ്റീവ് IOD യും മഴയെ ദുർബലമാക്കുന്ന എൽനിനൊ പ്രതിഭാസവും ഈ കാലവർഷകാലത്ത് ഒരുമിച്ച് വരുമ്പോൾ ഇവയിൽ ഏതിനാണ് മുൻതൂക്കം എന്നതിനനുസരിച്ച് 2023 ലെ കാലവർഷത്തിലെ മഴ നിശ്ചയിക്കപ്പെടും.