സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റും ഇടിമിന്നലോടുകൂടിയ മഴയ്ക്കും, ഒറ്റപ്പെട്ടസ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും ചക്രവാതച്ചുഴി രൂപപ്പെട്ടു. മെയ് എട്ടിനു ന്യൂനമർദമായും മെയ് ഒൻപതോടെ തീവ്രന്യൂനമർദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്ക് ദിശയിലേക്ക് പ്രവഹിച്ച് മധ്യ ബംഗാൾ ഉൾകടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും : മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
മെയ് ഏഴ്, എട്ട് തിയതികളിൽ തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടൽ, തെക്ക് ആൻഡമാൻ കടലിൻറെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാല രോഗങ്ങളെ ആയുർവേദത്തിലൂടെ എങ്ങനെ പ്രതിരോധിക്കാം?
മെയ് ഒൻപത്, 10 തിയതികളിൽ തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടലിൽ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 80 കിലോമീറ്റർ വരെ വേഗതയിലും തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടൽ അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ഉൾക്കടൽ, മധ്യ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
ഈ സാഹചര്യത്തിൽ ഈ തിയതികളിൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.