ജൂലൈ 21-ഓട് കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലവര്‍ഷ സമയത്ത് വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദങ്ങള്‍ കേരളത്തിലെ മഴ ശക്തിപ്പെടുത്തുന്നവയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നമുക്ക് അതിതീവ്ര മഴ ലഭിച്ചത് ഇത്തരത്തില്‍ ന്യൂനമര്‍ദങ്ങളുണ്ടായ ഘട്ടങ്ങളിലായിരുന്നു. അതുകൊണ്ട് അതീവ ജാഗ്രത അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് ആവശ്യമാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ന്യൂനമര്‍ദ രൂപീകരണം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭ്യമാക്കാനാകും.
അതുകൊണ്ട് വരും ദിവസങ്ങളിലെ കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഗൗരവത്തോടെ കാണുക. ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര കാലവസ്ഥ വകുപ്പിന്‍റെ അടുത്ത 5 ദിവസത്തെ മഴ പ്രവചനം അനുസരിച്ച് കേരളത്തില്‍ അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ശക്തമായ മഴ തുടരുമ്പോഴും ആളുകള്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നത് മൂലം അപകടങ്ങളില്‍ പെടുന്ന സ്ഥിതി വിശേഷമാണുള്ളത്. മലയോര മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നത് കൊണ്ട് നദികളില്‍ പൊതുവെ ഒഴുക്ക് ശക്തമായിരിക്കും.
അതുകൊണ്ട് പുഴകളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനും മറ്റും ഇറങ്ങുന്നത് ഈ ദിവസങ്ങളിൽ പൂര്‍ണ്ണമായും ഒഴിവാക്കണം.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജൂലൈ 18 വരെ മല്‍സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര
കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉയര്‍ന്ന തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശ നിവാസികളും ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത തുടരണം.