ബുറേവി ചുഴലിക്കാറ്റ് ന്യൂനമർദ്ദം ആയി കടന്നുപോകാനുള്ള സാധ്യത പോലും കേരളത്തിലില്ല. ചുഴലിക്കാറ്റ് മന്നാർ കടലിടുക്കിൽ മുകളിൽ നിലയുറപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. കാറ്റ് ശ്രീലങ്ക കര തൊട്ട് മന്നാർ കടലിടുക്ക് വഴി തമിഴ്നാട്ടിൽ എത്തി പിന്നീട് കേരളത്തിലേക്ക് വരും എന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് റിപ്പോർട്ട് ചെയ്തിരുന്നത്.
എന്നാൽ സമുദ്രനിരപ്പിൽ നിന്ന് രണ്ടു മുതൽ നാലു കിലോമീറ്റർ വരെ ഉയരത്തിലുള്ള കാറ്റ് ബുറേവിക്ക് അനുകൂലം അല്ലായിരുന്നു. മന്നാറിലെ സവിശേഷ അന്തരീക്ഷമാണ് ചുഴലിക്കാറ്റിന് വേഗതയെ നിയന്ത്രിച്ചതിൽ പ്രധാന പങ്കുവഹിച്ചത്. അന്തരീക്ഷത്തിലെ അധി മർദ്ദ ബെൽറ്റുകൾ ബുറേവിയെ കൂടുതൽ സമയം മന്നാർ കടലിടുക്ക് മുകളിൽ തന്നെ നിർത്തിയതും ഒരു കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
തമിഴ്നാട്ടിൽ ശക്തമായ മഴ നൽകിയെങ്കിലും കേരളത്തിൻറെ അന്തരീക്ഷ സ്ഥിതിയിൽ കാര്യമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ബുറേവിക്ക് സാധിച്ചില്ല. എന്നാൽ കേരളത്തിലെ പല ജില്ലകളിലും പ്രത്യേകിച്ച് മധ്യ-തെക്ക് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. അന്തരീക്ഷം മേഘാവൃതം ആയിരിക്കും.