കൃഷിതെറ്റുകൾ
പ്രമോദ് മാധവൻ
എല്ലാവരെയും കൃഷിക്കാരാക്കാൻ ഉള്ള തത്രപ്പാടിലാണ് നമ്മൾ. അതിനായി സൗജന്യമായി വിത്തുകളും തൈകളും നൽകുന്ന തിരക്കിലാണ് ബന്ധപ്പെട്ടവർ. പക്ഷെ ഇതിന്റെ എത്ര ശതമാനം യഥാർത്ഥ ഉൽപ്പാദനത്തിലേക്കു നയിക്കുന്നു എന്ന് ആരും തിരക്കാറില്ല. കിട്ടിയാൽ കിട്ടി പോയാൽ പോയി.കിട്ടിത്തന്നെ ആകണം എന്ന വാശി ഉള്ളവർ കുറവ്.
മുകളിൽ കാണുന്ന ചിത്രം ഇന്നലെ സാമൂഹ്യ മാധ്യമത്തിൽ നിന്നും കിട്ടിയതാണ്. ഒരു കർഷകൻ പച്ചക്കറി തൈകൾ(vegetable seedlings) കൃഷിഭവനിൽ നിന്നും വളരെ താല്പര്യപൂർവ്വം വാങ്ങി, കയ്യോടെ കൊണ്ട് പോയി നട്ടു. വളരെ നല്ല കാര്യം.
എന്നാൽ അദ്ദേഹം ശ്രദ്ധിക്കാതെ പോയ കാര്യങ്ങൾ (Things unnoticed)
1.മണ്ണിന്റെ നിറം കണ്ടാൽ അറിയാം ഇരുമ്പിന്റെ (Fe)ആധിക്യം ഉള്ളതാണ് എന്ന്. ആയതിനാൽ തന്നെ പുളിപ്പ് കൂടുതലും. അത് ക്രമപ്പെടുത്താൻ കുമ്മായം /ഡോളോമൈറ്റ് ചേർത്തോ എന്നറിയില്ല. (ചേർത്തിട്ടുണ്ടാകാതിരിക്കാൻ ആണ് സാധ്യത ).
2.ചെടിയുടെ ശൈശവ -ബാല്യങ്ങൾക്കു കുതിപ്പും ഗതിവേഗവും നൽകുക എന്നതാണ് അടി (സ്ഥാന ) വളപ്രയോഗത്തിന്റെ ധർമ്മം.
അടി പിഴച്ചാൽ അടിമുടി പിഴച്ചു.
മാത്രമല്ല ഒരു ഗ്രോ ബാഗിനകത്തു 1:1:1 എന്ന സുവർണ അനുപാതത്തിൽ മണ്ണ് :മണൽ (ബദൽ വസ്തുക്കൾ, ചകിരി ചോറ് കമ്പോസ്റ്റ് /ഉമി /പെർലൈറ്റ് മുതലായവ ):അഴുകി പൊടിഞ്ഞ ചാണകപ്പൊടി എന്നിവ എങ്ങനെ ആണോ നിറയ്ക്കുന്നത് അതുപോലെ തന്നെ ആണ് തടങ്ങളിലും അവ നിറയ്‌ക്കേണ്ടത്. അത് ചെയ്യാത്തിടത്തോളം മണ്ണ് തറഞ്ഞു വേര് വളർച്ച പരിമിതപ്പെട്ടു പോകും. ഇവിടെ അത് ചെയ്തതായി തോന്നിയില്ല.
3.ഏറ്റവും വലിയ പിഴവ് ഈ മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കാൻ പാകത്തിൽ തടം എടുത്തതാണ്.
'കാലം നോക്കി കൃഷി, മേളം നോക്കി ചാട്ടം' എന്ന ബാലപാഠം പാടെ മറന്നു. അൽപപ്രാണികളായ വേരുകൾ അവിടെ കെട്ടി നിൽക്കാൻ പോകുന്ന വെള്ളത്തിൽപെട്ട് അഴുകി പോകാനാണ് സാധ്യത.
4.അതിലും വലിയ തെറ്റ് ആ ചെടികൾക്ക് നൽകിയ അകലം സംബന്ധിച്ചാണ്. (അദ്ദേഹം ഒരു അശുഭാപ്തി വിശ്വാസി ആണെന്ന് തീർച്ച).ഒരു തടത്തിൽ ഒന്നിലധികം ചെടികൾ. (സൗജന്യമായി കിട്ടിയതാകയാൽ, പോയാലും സങ്കടമില്ല എന്ന് വിവക്ഷ ).
ഒരു ചെടി വയ്ക്കുമ്പോൾ അതിന്റെ കാലുകളായ വേരുകൾ ദൂരങ്ങളിലും ആഴങ്ങളിലും പോകാനും എന്നാൽ മറ്റൊരു ചെടിയുടെ ഭക്ഷണം കവർന്നെടുക്കാതിരിക്കാനും, വളരുമ്പോൾ അതിന്റെ ഇലച്ചാർത്തുകൾ മറ്റൊരു വെളിച്ചാന്വേഷിയായ ഇലയെ മറച്ചു പീഡിപ്പിക്കാതിരിക്കാനും ആണ് ശരിദൂരം പാലിക്കണം എന്ന് പറയുന്നത്.
അധികം പടർന്നു വളരാത്ത മുളകിനം ആണെങ്കിൽ അത് ഒന്നര അടിയും പടർന്നു വളരുന്ന ഇനം ആണെങ്കിൽ രണ്ടു രണ്ടര അടിയുമാണ്.
തക്കാളിയിൽ അത് രണ്ടര അടി ആണ്. വഴുതനയിൽ അത് യഥാക്രമം രണ്ടര അടിയും മൂന്ന് അടിയും ആണ്. അല്പം ബഹുമാനം നമ്മൾ ഇക്കാര്യത്തിൽ കാണിക്കണം.
നിശ്ചയമായും ഈ കർഷകൻ, ഈ ചെടികളുടെ ഇടയിൽ കടന്നു കള പറിക്കാനും വളമിടാനും വിളവെടുക്കാനും (അതിനു കഴിയട്ടെ എന്ന് പ്രാർത്ഥന ) കുറച്ചു ബുദ്ധിമുട്ടും.
ചെറിയ ക്‌ളാസ്സുകളിൽ തന്നെ കൃഷിയുടെ ഇത്തരം ബാലപാഠങ്ങൾ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത ഈ ചിത്രം നമ്മോടു പറയുന്നു.
ആഴത്തിൽ കിളച്ചു
അമ്ലത കുറച്ചു
അടിവളം ചേർത്ത്
അകലത്തിൽ നടണം
ഇല്ലെങ്കിൽ.
Mike is yours.
പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ
കൊല്ലം