മൊബൈൽ ഫോണിൽ നമ്മൾ ഒരു ഫോട്ടോ എടുക്കുമ്പോൾ അതിനു പിന്നിൽ ഒരു മെറ്റാഡാറ്റ കൂടെ ശേഖരിക്കപ്പെടുന്നുണ്ട്. അതായത് ഫോട്ടോ എടുത്ത ഫോണിന്റെ മോഡൽ, ക്യാമറയുടെ സെറ്റിങ്സ്, തിയ്യതിയും സമയവും, ജി.പി.എസ് പ്രവർത്തിക്കുന്നുവെങ്കിൽ ഫോണിന്റെ ലൊക്കേഷൻ - തുടങ്ങിയ വിവരങ്ങൾ സേവ് ആകുന്നു. ഇത് തുറക്കുന്ന സാധ്യതകൾ വളരെ വലുതാണ്.
ഒരാൾ രാവിലെ നടക്കാൻ ഇറങ്ങുകയാണെന്ന് കരുതുക. പോകുന്ന വഴിയിൽ കാണുന്ന പൂമ്പാറ്റകളുടെ ഫോട്ടോകൾ ഫോണിൽ പകർത്തുന്നു. തിരികെ വന്ന ശേഷം ഈ പൂമ്പാറ്റകളെ തിരിച്ചറിയാൻ ശ്രമിക്കുന്നു. ഏതെങ്കിലും സുഹൃത്തിന് അയച്ചു കൊടുത്തോ, ബന്ധപ്പെട്ട വാട്സാപ് ഗ്രൂപ്പുകളിൽ പങ്കുവെച്ചോ, അതുമല്ലെങ്കിൽ പുസ്തകങ്ങളോ ഇന്റർനെറ്റോ പരതിയോ ചില പൂമ്പാറ്റകളെയെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടാവാം. ഇത്തരത്തിൽ മറ്റു പലരും മറ്റു പല സ്ഥലങ്ങളിൽ, പല സമയങ്ങളിലായി ശേഖരിച്ച വിവരങ്ങൾ കൃത്യതയോടെ രേഖപ്പെടുത്തിവയ്ക്കാൻ കഴിഞ്ഞാലോ?
'ഐ നാച്ചുറലിസ്റ്റ്' (iNaturalist) എന്ന സംവിധാനം
അതാണ് സിറ്റിസൺ സയൻസ് മൊബൈൽ ആപ്ലിക്കേഷനുകൾ (ആപുകൾ) ചെയ്യുന്നത്. എന്നാൽ കുറച്ചുകൂടെ ഘടനാനുസൃതമാണെന്നു മാത്രം. ഉദാഹരണത്തിന് 'ഐ നാച്ചുറലിസ്റ്റ്' (iNaturalist) എന്ന സംവിധാനം നോക്കാം. മുൻപ് വിവരിച്ച രീതിയിൽ ശേഖരിച്ച വിവരം ഈ സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്യുമ്പോൾ (ചിത്രവും അതിനോടൊപ്പം മറ്റ് വിവരങ്ങളും - തിരിച്ചറിഞ്ഞ പേരുൾപ്പെടെ) അത് മറ്റുള്ളവർക്ക് കാണാവുന്ന രീതിയിൽ ഒരു ഡിജിറ്റൽ ഭൂപടത്തിൽ ലഭ്യമാക്കുന്നു.
ലഭ്യമാക്കിയ സ്ഥലത്തെക്കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെ നിന്നും മറ്റുള്ളവർ മുൻപ് രേഖപ്പെടുത്തിയ ജീവികൾ ഏതൊക്കെയാണെന്നും അവയെക്കുറിച്ചുള്ള വിവരങ്ങളും കൂടെ വെബ്സൈറ്റ് ആപ്പ് ലഭ്യമാക്കും പിന്നെ സെർച്ച് ചെയ്യുമ്പോൾ. ഇങ്ങനെ മറ്റുള്ളവർ പങ്കുവച്ച ചിത്രങ്ങളുമായി താരതമ്യം ചെയ്ത് ഒരിനത്തെ തിരിച്ചറിഞ്ഞത് ശരിയായിരുന്നോ എന്ന് പരിശോധിക്കാം ഇത്തരത്തിൽ പ്രാഥമികമായി നാം പങ്കുവയ്ക്കുന്ന വിവരങ്ങൾ പ്രസ്തുത ജീവികളെപ്പറ്റി മുൻപരിചയമോ വൈദഗ്ധ്യമോ ഉള്ള മറ്റ് വ്യക്തികൾ - അത് ഒരു സാധാരണക്കാരനാകാം. ശാസ്ത്രജ്ഞനാകാം. പ്രകൃതി നിരീക്ഷകനാകാം - ഒന്നുകൂടി പരിശോധിക്കുന്നു.
ഇത്തരത്തിൽ ഒരു നിശ്ചിത എണ്ണം ആളുകൾ നിരീക്ഷണത്തെ ശരി വയ്ക്കുകയാണെങ്കിൽ അതിനെ 'റിസർച്ച് ഗ്രേഡ്' അഥവാ ഗവേഷണത്തിന് ഉതകുന്ന ഒരു സംഭാവനയായി അംഗീകരിക്കുന്നു. ഈ രീതിക്ക് ഒരു ഗുണം കൂടിയുണ്ട്. ചിത്രത്തിൽ ഉള്ളത് ഏത് ജീവിയാണെന്ന് കൃത്യമായി അറിയില്ലെന്നിരിക്കട്ടെ, അതും ആ വ്യക്തിക്ക് പങ്കുവയ്ക്കാം.
ഉദാഹരണത്തിന് ഒരു പൂമ്പാറ്റയുടേതാണെന്ന് വിവരം നൽകിയാൽ ആ ചിത്രം പൂമ്പാറ്റകൾ എന്ന താളിനു കീഴിൽ ശേഖരിക്കപ്പെടും. പിന്നീട് മറ്റാരെങ്കിലും അതിന്റെ കുടുംബം, ജനുസ്സ്. സ്പീഷീസ് തലത്തിലുള്ള തിരിച്ചറിയലുകൾ നടത്തുമ്പോൾ അതിനനുസരിച്ച് വർഗ്ഗീകരിക്കപ്പെടും. പ്രകൃതി നിരീക്ഷണത്തോട് താത്പര്യമുള്ള ആളുകൾക്ക് അവർ ശേഖരിക്കുന്ന വിവരങ്ങൾ ശാസ്ത്ര ലോകത്തിനും അതുവഴി പൊതുസമൂഹത്തിന് ഒന്നാകെയും സംഭാവന ചെയ്യാൻ കഴിയുന്നു എന്നത് ചെറിയ കാര്യമല്ല.