സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ ചാലക്കുടി നിയോജകമണ്ഡലത്തില്‍ കൃഷി കാര്‍ഷികവൃത്തികളും വ്യാപകമാക്കാന്‍ ബി ഡി ദേവസ്സി എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു. കാര്‍ഷിക മേഖലയില്‍ പുതിയ മാറ്റം കൊണ്ടുവരുന്നതിനും ഭക്ഷ്യോത്പാദന മേഖലയില്‍ വര്‍ദ്ധനവിനുമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
തരിശ് ഭൂമിയില്‍ കൃഷി ചെയ്യുന്നതിന് വേണ്ട പ്രോത്സാഹനം നല്‍കുക, ഇടവിള കൃഷിയ്ക്ക് പ്രാധാന്യം നല്‍കുക, വീട്ടുവളപ്പിലെ കൃഷി, ഞാറ്റുവേല ചന്ത, ഫലവര്‍ഗ വിളകളുടെ നടീല്‍ വസ്തുക്കളുടെ വിതരണം എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
കൃഷി പാഠശാലകള്‍ രൂപീകരിക്കും
കൃഷിയുമായി ബന്ധപ്പെട്ട കര്‍ഷകരുടെ സംശയങ്ങള്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് കൃഷി പാഠശാലകള്‍ രൂപീകരിക്കും. കൃഷിവകുപ്പിന് പുറമെ ക്ഷീര വികസനം, മൃഗ സംരക്ഷണം, ഫിഷറീസ്, തദ്ദേശസ്വയംഭരണം, സഹകരണ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പില്‍ കൊണ്ടുവരും. ഇതിനായി പഞ്ചായത്ത് തലത്തില്‍ വിവിധ കമ്മറ്റികള്‍ രൂപീകരിക്കും. ഓരോ പദ്ധതികള്‍ക്കും വകുപ്പുതല സബ്‌സിഡികളും ബാങ്ക് വായ്പയും ലഭ്യമാക്കും. കൃഷി ഭവന് കീഴില്‍ വരുന്ന തരിശു ഭൂമിയില്‍ കൃഷിയിറക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ അധ്യക്ഷന്മാരായ കമ്മിറ്റി രൂപീകരിക്കും. ഇതില്‍ കൃഷി ഓഫീസര്‍ കണ്‍വീനറായിരിക്കും.
സമിതികള്‍ രൂപീകരിക്കും
വാര്‍ഡ് മെമ്പര്‍മാര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും. ഫാം പ്ലാന്‍ തയ്യറാക്കല്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കല്‍, ജലസേചന സൗകര്യം, കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രാദേശിക സംഭരണം തുടങ്ങിയ കാര്യങ്ങളില്‍ കമ്മിറ്റി തീരുമാനമെടുക്കും. യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഷീജു, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എല്‍സി അഗസ്റ്റിന്‍, ഫിഷറീസ് പ്രൊജക്റ്റ് ഓഫീസര്‍ ജോമോള്‍, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി എഫ് സെബിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.