കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന മില്‍മ ഗോള്‍ഡ് (Milma gold) കാലിത്തീറ്റ സമ്മാന കൂപ്പണ്‍ (Gift coupon) പദ്ധതിക്ക് തുടക്കം. കാലിത്തീറ്റ വില വര്‍ധനയില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം പകരുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കൂപ്പണ്‍ പുറത്തിറക്കി.
ഒരു ചാക്ക് മില്‍മ ഗോള്‍ഡ് കാലിത്തീറ്റ വാങ്ങുന്നവര്‍ക്ക് 100 രൂപയുടെ സമ്മാന കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പൺ ഉപയോഗിച്ച്, മില്‍മയുടെ ധാതുലവണ മിശ്രിതമായ മില്‍മാമിനും മറ്റ് പാലുൽപ്പന്നങ്ങളും വാങ്ങാം. ആലപ്പുഴയിലെ പട്ടണക്കാടും, പാലക്കാട് മലമ്പുഴ കാലിത്തീറ്റ ഫാക്ടറികളിലൂടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്. മില്‍മയുടെ പ്രീമിയം കാലിത്തീറ്റയായ മില്‍മ ഗോള്‍ഡിന്റെ വില്‍പന വര്‍ധനവ് കൂടിയാണ് ഇതിലൂടെ ലക്ഷ്യം വക്കുന്നത്.
മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, എം.ഡി ഡോ. പാട്ടീല്‍ സുയോഗ് സുഭാഷ് റാവു, എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
കാലത്തീറ്റ വില വർധനവ് ക്ഷീരകർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. എന്നാൽ, കിസാൻ റെയിൽവഴി കാലിത്തീറ്റ കേരളത്തിലേക്ക് എത്തിക്കാൻ സർക്കാർ ശ്രമം നടത്തുന്നതായി മന്ത്രി ജെ. ചിഞ്ചുറാണി അടുത്തിടെ വ്യക്തമാക്കിയിരുന്നു.
'പാലിന്റെ ഉൽപ്പാദനക്ഷമതയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കാനുള്ള കർമപദ്ധതികൾ സർക്കാർ നടപ്പാക്കിവരികയാണ്.' ക്ഷീരമേഖലയിലെ ഉൽപ്പാദനച്ചെലവ് കുറയ്‌ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലേക്ക് കാലിത്തീറ്റ എത്തിക്കാനുള്ള നടപടികൾ യാഥാർഥ്യമായാൽ കുറഞ്ഞ ചെലവിൽ കാലിത്തീറ്റ ക്ഷീരകർഷകർക്ക് ലഭിക്കും. സൈലജ് തീറ്റയുടെ പ്രധാന അസംസ്‌കൃതവസ്‌തുവായ ചോളം പാലക്കാട് മുതലമടയിൽ കൃഷി ചെയ്യുന്നുണ്ട്. ഇത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും. എല്ലാ ബ്ലോക്കുകൾക്കും ആധുനിക സംവിധാനമുള്ള മൃഗസംരക്ഷണ ആംബുലൻസുകൾ ഉടൻ വിതരണം ചെയ്യും. തൈരിനും സംഭാരത്തിനും ലസ്സിക്കും ജിഎസ്‌ടി ഏർപ്പെടുത്തിയതിലും 50,000 രൂപയിലധികം വരുമാനമുള്ള ക്ഷീരസംഘങ്ങൾക്ക് വരുമാനനികുതി ഏർപ്പെടുത്തിയതിലും കേന്ദ്രത്തെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മിൽമ തൃപ്പൂണിത്തുറ പ്ലാന്റിൽ ആരംഭിക്കുന്ന സോളാർ പാനലിന് കേന്ദ്രസഹമന്ത്രി ഡോ. എൽ മുരുകൻ കല്ലിട്ടു. പദ്ധതി പൂർത്തിയായാൽ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡെയ്‌റിയായി തൃപ്പൂണിത്തുറ ഡെയ്‌റി മാറും. വ്യവസായമന്ത്രി പി രാജീവ് ഓൺലൈനിൽ അധ്യക്ഷനായി.
അടുത്തിടെ ഉണ്ടായ ജിഎസ്ടി വില വർധനവിലും മിൽമ ക്ഷീര ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയിരുന്നു. പാൽ ഒഴികെ, തൈര്, മോര്, സംഭാരം എന്നിവയുടെ വിലയിൽ രണ്ട് ദിവസം മുൻപ് 5 ശതമാനം വില കൂടിയിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കന്നുകാലികളിലെ ബ്രൂസല്ല രോഗത്തെ അറിയുക
വില കൂട്ടിയില്ലെങ്കിൽ പ്രതിദിനം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്ന കണക്കിലാണ് ഉൽപ്പന്നങ്ങൾക്ക് വില കൂട്ടാൻ കമ്പനി തീരുമാനിച്ചത്. പ്രീ–പാക്ക് ചെയ്ത മാംസം, മീൻ, തേൻ, ശർക്കര, പനീർ, ലെസ്സി, പപ്പടം, പാക്കറ്റിലാക്കി വിൽക്കുന്ന ഗോതമ്പുപൊടി എന്നിവ ഉൾപ്പെടെയുള്ളവയ്ക്കാണ് 5 ശതമാനം നികുതി വർധിപ്പിച്ചത്.