1. Livestock & Aqua

പശുക്കൾക്ക് നൽകാം സ്പെഷ്യൽ ധാതു-ജീവക മിശ്രിതം

പശുക്കളുടെ തീറ്റ പോഷകസമൃദ്ധവും സമീകൃതവുമാവണമെങ്കിൽ പുല്ലും വൈക്കോലും കാലിത്തീറ്റയും മാത്രം പോര, ദിവസേന മതിയായ അളവിൽ ധാതുലവണ മിശ്രിതങ്ങളും തീറ്റയിൽ ഉൾപ്പെടുത്തണം. ജീവകം എ., ജീവകം ബി., ജീവകം ഡി, നിയാസിൻ, കാത്സ്യം, കോപ്പർ, മഗ്നീഷ്യം, അയഡിൻ, ഫോസ്ഫറസ് തുടങ്ങി പശുക്കളുടെ ശാരീരിക ഉപാപചയ പ്രവർത്തനങ്ങൾക്ക് അനിവാര്യമായ ജീവകങ്ങളും മുഖ്യധാതുക്കളും ഏറെയാണ്.

Dr. Sabin George PhD
പശുക്കളുടെ തീറ്റ പോഷകസമൃദ്ധവും സമീകൃതവുമാവണമെങ്കിൽ ധാതുലവണ മിശ്രിതങ്ങളും തീറ്റയിൽ ഉൾപ്പെടുത്തണം
പശുക്കളുടെ തീറ്റ പോഷകസമൃദ്ധവും സമീകൃതവുമാവണമെങ്കിൽ ധാതുലവണ മിശ്രിതങ്ങളും തീറ്റയിൽ ഉൾപ്പെടുത്തണം

പശുക്കളുടെ തീറ്റ പോഷകസമൃദ്ധവും സമീകൃതവുമാവണമെങ്കിൽ പുല്ലും വൈക്കോലും കാലിത്തീറ്റയും മാത്രം പോര, ദിവസേന മതിയായ അളവിൽ ധാതുലവണ മിശ്രിതങ്ങളും തീറ്റയിൽ ഉൾപ്പെടുത്തണം. ജീവകം എ., ജീവകം ബി., ജീവകം ഡി, നിയാസിൻ, കാത്സ്യം, കോപ്പർ, മഗ്നീഷ്യം, അയഡിൻ, ഫോസ്ഫറസ് തുടങ്ങി പശുക്കളുടെ ശാരീരിക ഉപാപചയ പ്രവർത്തനങ്ങൾക്ക് അനിവാര്യമായ ജീവകങ്ങളും മുഖ്യധാതുക്കളും ഏറെയാണ്. പുല്ലിലൂടെയും കാലിത്തീറ്റയിലൂടെയും മാത്രം ഈ പോഷകാംശങ്ങള്‍ എല്ലാം ലഭ്യമാവും എന്ന് കരുതുകയുമരുത്. മണ്ണിന്റെ ഗുണത്തിന്റെയും മഴലഭ്യതയുടെയുമൊക്കെ അടിസ്ഥാനത്തില്‍ പുല്ലില്‍ നിന്നും മറ്റുമുള്ള ധാതു-ജീവക ലഭ്യതയുടെ കാര്യത്തില്‍  ഏറ്റക്കുറച്ചിലുകളുമുണ്ടാവും.

കേരളത്തിലെ പശുക്കളിലെ ഉല്‍പ്പാദനക്കുറവിന്റെയും പ്രത്യുല്‍പ്പാദനക്ഷമതയില്ലായ്മയുടെയും വളര്‍ച്ചാകുറവിന്റെയും മുഖ്യകാരണങ്ങളിലൊന്ന് തീറ്റയിലെ പോഷകപര്യാപ്തതയാണെന്ന് മൃഗസംരക്ഷണവകുപ്പിന്റെ തന്നെ വാര്‍ഷിക പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ക്ഷീര കര്‍ഷകര്‍ ജാഗ്രത! ജന്തുജന്യ രോഗവ്യാപനത്തിൽ പ്രത്യേക കരുതല്‍ നല്‍കണം

ധാതു-ജീവക ലഭ്യത കുറഞ്ഞാല്‍

പോഷക ലഭ്യത കുറയുന്നതോടെ വളര്‍ച്ചാ മുരടിപ്പ്, വിളര്‍ച്ച, വന്ധ്യത, ഗര്‍ഭമലസല്‍, സാംക്രമിക രോഗങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ തൊഴുത്തിന്റെ പടി കയറിയെത്തും. ധാതുജീവക ഘടകങ്ങളുടെ കുറവ് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതിന് കാരണമാവുന്നതിനാല്‍ പോഷകാപര്യാപ്തതയുള്ള പശുക്കളില്‍ സാംക്രമിക രോഗസാധ്യതയും ഉയര്‍ന്നതാണ്. ശരീരത്തില്‍ ആവശ്യമായ അളവില്‍ ധാതുജീവക ലഭ്യതയില്ലാത്ത പശുക്കളില്‍ വേനലിലും തണുപ്പുകാലത്തുമൊക്കെ  ശരീരസമ്മര്‍ദ്ദവും കൂടുതലായിരിക്കും. കിടാരി പശുക്കള്‍ മദിലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ വൈകുമെന്ന് മാത്രമല്ല ക്യത്രിമബീജാധാനം നടത്തിയവയില്‍ ഗര്‍ഭധാരണം കൃത്യമായി നടക്കാതിരിക്കുന്നതിനും ജീവകധാതു അപര്യാപ്തത മുഖ്യ കാരണമാണ്.

സര്‍ക്കാരിന്റെ പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സബ്‌സിഡി നിരക്കില്‍ സാന്ദ്രീകൃത തീറ്റയും ധാതുജീവക മിശ്രിതങ്ങളും നല്‍കി വളര്‍ത്തിയ കിടാക്കളില്‍ ആദ്യ മദി കാണിക്കുന്ന ശരാശരി പ്രായം 12-15 മാസവും, പ്രസവം 26-27 മാസം പ്രായത്തിലുമാണ്. എന്നാല്‍ പദ്ധതിയ്ക്ക് പുറത്തുള്ള കിടാരികളില്‍ ഇത് പൊതുവായി യഥാക്രമം 18-20 മാസവും 33-35 മാസവുമാണ്. ഈ കണക്കുകള്‍ ഉത്പാദനക്ഷമതയോട് കൂടിയ വളര്‍ച്ചയില്‍ ധാതുജീവക മിശ്രിതങ്ങള്‍ക്കുള്ള പ്രാധാന്യം അടിവരയിടുന്നുണ്ട്. പ്രസവാനന്തര മദിയും ഗര്‍ഭധാരണവും വൈകുന്നതിനും അപര്യാപ്തതകള്‍ കാരണമാവും.

ധാതുജീവക മിശ്രിതങ്ങള്‍ മതിയായ അളവില്‍ നല്‍കാതെ വളര്‍ത്തുന്ന പശുക്കളില്‍ കുളമ്പുമായി ബന്ധപ്പെട്ട (കുളമ്പു തേയ്മാനം, കുളമ്പു ചീയല്‍, കുളമ്പുകേട്) തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത 80% വരെ ഉയര്‍ന്നതാണെന്ന് മണ്ണുത്തി വെറ്ററിനറി കോളേജില്‍ നടത്തിയ പഠനം തെളിയിച്ചിട്ടുണ്ട്. പശുക്കളുടെ പ്രായം, ഉല്‍പ്പാദനം എന്നിവയുടെയെല്ലാം അടിസ്ഥാനത്തില്‍ ദിനംപ്രതി തീറ്റയില്‍ നിശ്ചിത അളവില്‍ ധാതുജീവക മിശ്രിതങ്ങള്‍ ഉള്‍പ്പെടുത്തി നല്‍കുക എന്നതാണ്  ഈ ആരോഗ്യപ്രശ്‌നങ്ങളെ  അതിജീവിക്കാനുള്ള ഏക വഴി.

ബന്ധപ്പെട്ട വാർത്തകൾ: ഇനി ഒന്നാം മാസത്തിൽ കന്നുകാലികളിൽ ഗർഭനിർണയം നടത്താം

ചീലേറ്റഡ് ധാതുലവണ മിശ്രിതങ്ങള്‍ നല്‍കിയാല്‍ ഗുണമെന്ത്?

വളര്‍ച്ചയ്ക്കും ഉത്പാദനത്തിനുമാവശ്യമായ ഇനോര്‍ഗാനിക് രൂപത്തിലുള്ള ധാതുലവണങ്ങളെ പ്രത്യേക സാങ്കേതികവിദ്യ വഴി മാംസ്യ തന്മാത്രകളുമായും അമിനോ അമ്ലങ്ങളുമായും സംയോജിപ്പിച്ച് സംയുക്ത രൂപത്തിലാക്കുന്നതിനെയാണ് ചീലേഷന്‍ എന്ന് പറയുന്നത്. പ്രസ്തുത ധാതുവിന്റെ ദഹനവും ആഗിരണവും കാര്യക്ഷമമാക്കാനും, ജൈവലഭ്യത ഉയര്‍ത്താനും ചീലേഷന്‍ വിദ്യ വഴി കഴിയും. ഇങ്ങനെ തയ്യാറാക്കുന്ന ഖനിജ മിശ്രിതങ്ങളെ ചീലേറ്റഡ് മിശ്രിതങ്ങള്‍ എന്ന് വിളിക്കുന്നു.

ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി തയ്യാറാക്കിയ നിരവധി ധാതുലവണ മിശ്രിതങ്ങള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. സാധാരണ രൂപത്തിലുള്ള ധാതുജീവക മിശ്രിതങ്ങളേക്കാളും വിലയൊരല്പം കൂടുതലാണെങ്കിലും ചിലേറ്റഡ് ധാതുലവണമിശ്രിതങ്ങള്‍ വാങ്ങി പശുക്കള്‍ക്ക് നല്‍കിയാല്‍ വളര്‍ച്ചയിലും ഉല്‍പ്പാദനത്തിലും മികവ് നേടാം എന്നതില്‍ സംശയമില്ല. സാധാരണ ധാതുമിശ്രിതങ്ങള്‍ നല്‍കുന്നതിനേക്കാള്‍ അളവ് കുറച്ച് ചീലേറ്റഡ് മിശ്രിതങ്ങള്‍ നല്‍കിയാല്‍ മതി എന്ന നേട്ടവുമുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കന്നുകാലികളിലെ ബ്രൂസല്ല രോഗത്തെ അറിയുക

ധാതു ജീവക മിശ്രിതങ്ങള്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കാന്‍

പ്രായത്തിന്റെയും ശരീര വളര്‍ച്ചയുടെയും അടിസ്ഥാനത്തിലാണ് ധാതുമിശ്രിതങ്ങള്‍ നല്‍കേണ്ടത്. ധാതുമിശ്രിതങ്ങള്‍ കാലിത്തീറ്റയില്‍ നിര്‍മ്മാണവേളയില്‍ തന്നെ ഉള്‍പ്പെടുത്തിയോ അല്ലെങ്കില്‍ പ്രത്യേകമായോ പശുക്കള്‍ക്ക് നല്‍കാം. ആകെ സാന്ദ്രീകൃത തീറ്റയുടെ 2% എന്ന അളവില്‍ ധാതുമിശ്രിതങ്ങളും 1% വീതം ഉപ്പും തീറ്റയുടെ നിര്‍മ്മാണവേളയില്‍ ഉള്‍പ്പെടുത്താം. പ്രത്യേകമായാണ് നല്‍കുന്നതെങ്കില്‍ ദിനംപ്രതി 25-30 ഗ്രാം വരെ ധാതുലവണങ്ങള്‍ കിടാരികള്‍ക്കും 30-50 ഗ്രാം വീതം പശുക്കള്‍ക്കും ശരീരഭാരമനുസരിച്ച് നല്‍കാം.

കിടാക്കള്‍ക്ക് വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ ജീവകം എ, ബി,ഡി എന്നിവയെല്ലാം ഉയര്‍ന്ന അളവില്‍ വേണ്ടതുണ്ട്. ഈ ഘടകങ്ങള്‍ ധാരാളമായി അടങ്ങിയ പച്ചപ്പുല്ല് അടക്കമുള്ള പരുഷാഹാരങ്ങള്‍ കിടാക്കള്‍ പൂര്‍ണ്ണമായി കഴിച്ച് തുടങ്ങിയിട്ടില്ലാത്തതിനാല്‍ പോഷക ന്യൂനതയ്ക്ക്  കാരണമാവും. രോമം കൊഴിച്ചില്‍, കണ്ണില്‍ നിന്ന് വെള്ളമൊലിക്കല്‍, വരണ്ട ത്വക്ക്, വിളര്‍ച്ച, മണ്ണുതിന്നല്‍ എന്നിവയെല്ലാം പോഷക ന്യൂനതയുള്ള കിടാക്കളുടെ  ലക്ഷണമാകാം. ജീവകം എ, ഡി എന്നിവയെല്ലാം ഉയര്‍ന്ന തോതില്‍ അടങ്ങിയ മിശ്രിതങ്ങള്‍ വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ കിടാക്കള്‍ക്ക് നല്‍കണം.

കിടാരികള്‍ക്ക് സിങ്ക്, ഇരുമ്പ്, കോപ്പര്‍, സെലിനിയം, മാംഗനീസ് തുടങ്ങിയ സവിശേഷ മൂലകങ്ങള്‍ നിര്‍ബന്ധമായും അടങ്ങിയ ധാതുലവണ മിശ്രിതങ്ങള്‍ വേണം നല്‍കേണ്ടത്. വിപണിയില്‍ ഇന്ന് ലഭ്യമായ ഒട്ടുമിക്ക ധാതു ജീവക മിശ്രിതങ്ങളിലും ഈ ഘടകങ്ങള്‍ എല്ലാം നിശ്ചിത അനുപാതത്തില്‍ അടങ്ങിയിട്ടുണ്ട്. കാത്സ്യം അടങ്ങിയ ധാതുലവണ മിശ്രിതങ്ങള്‍ ഗര്‍ഭവതികളായ പശുക്കള്‍ക്ക് ചെനയുടെ 8 മാസം വരെ മാത്രം നല്‍കാന്‍ ശ്രദ്ധിക്കണം. തുടര്‍ന്നും കാത്സ്യമടങ്ങിയ ധാതുമിശ്രിതങ്ങള്‍ നല്‍കുന്നത് പ്രസവാനന്തരം ക്ഷീരസന്നിയടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. കാത്സ്യം, കൊബാള്‍ട്ട്, അയഡിന്‍, ഫോസ്ഫറസ്. മഗ്നീഷ്യം, നിയാസിന്‍, ജീവകം എ, ബി, ഡി തുടങ്ങിയവയെല്ലാം ഉയര്‍ന്ന അളവില്‍ അടങ്ങിയ ധാതു ജീവക മിശ്രിതങ്ങളും കാത്സ്യം ടോണിക്കുകളുമാണ്  പ്രസവാനന്തരം നല്‍കേണ്ടത്. അത്യുഷ്ണം മൂലം ശരീരസമ്മര്‍ദ്ദം കൂടുന്ന വേനലില്‍ സെലിനിയം, കൊബാള്‍ട്ട്, കാഡ്മിയം, സിങ്ക് തുടങ്ങിയ മിശ്രിതങ്ങള്‍ മെച്ചമായ അളവില്‍   നല്‍കണം. ഇത് ഉഷ്ണസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

മാംസ്യ സമ്പുഷ്ടമായ സാന്ദ്രീകൃത തീറ്റകള്‍ക്കൊപ്പം വേണം ധാതു മിശ്രിതങ്ങള്‍ നല്‍കേണ്ടത്. വൈക്കോല്‍, പച്ചിലകള്‍, പച്ചപ്പുല്ല് തുടങ്ങിയ പരുഷാഹാരങ്ങള്‍ക്കൊപ്പവും ഊര്‍ജ്ജ സാന്ദ്രത ഉയര്‍ന്ന പുളിങ്കുരുപ്പൊടി, ചോളം, ധാന്യങ്ങള്‍ തുടങ്ങിയ സാന്ദ്രീകൃത തീറ്റകള്‍ക്കൊപ്പവും ധാതുജീവക മിശ്രിതങ്ങള്‍ നല്‍കിയാല്‍ ഫലപ്രദമായ ദഹനവും ആഗിരണവും തടസ്സപ്പെടാനിടയുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലെ കന്നുകാലികളിൽ രക്തക്കുറവ് വ്യാപകമാകുന്നതെന്തുകൊണ്ട്?

വളർത്തു മൃഗങ്ങളും ജല കൃഷിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Livestock & Aqua'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Special healthy food can be given to cows

Like this article?

Hey! I am Dr. Sabin George PhD. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds