1. റേഷൻ വാങ്ങിയില്ലെങ്കിൽ വെള്ള കാർഡുകൾ റദ്ദാക്കുമെന്ന പ്രചരണം വ്യാജമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. വെളള കാർഡിന് ലഭിക്കുന്ന റേഷൻ സാധനങ്ങൾ വാങ്ങാത്തവർ ഉണ്ടെങ്കിൽ ഈ മാസം 30ന് മുമ്പായി സാധനങ്ങൾ വാങ്ങി കാർഡ് ലൈവ് ആക്കണമെന്നും ഇല്ലെങ്കിൽ കാർഡ് റദ്ദാക്കും എന്നുമായിരുന്നു പ്രചരണം. കൂടാതെ, ഏപ്രിൽ ഒന്ന് മുതൽ റേഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ഏറ്റെടുക്കുമെന്നും വാട്ട്സാപ്പിലും ഫേസ്ബുക്കിലും വാർത്തകൾ വന്നിരുന്നു. വ്യാജ പ്രചരണങ്ങൾക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു.
കൂടുതൽ വാർത്തകൾ: Aadhaar card Updates; ആധാർ കാർഡുകൾ സൗജന്യമായി പുതുക്കാം
2. കേരളത്തിലെ വ്യവസായ സംരംഭകത്വ മേഖലയിലുണ്ടായത് ചരിത്രപരമായ മാറ്റമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം ജില്ലാതല നിക്ഷേപകസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതി വഴി ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരത്തിൽപരം സംരംഭങ്ങൾ ഇതിനോടകം കേരളത്തിൽ ആരംഭിച്ചു. ഇതിൽ 14,000 സംരംഭങ്ങളും ആരംഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
3. കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യം ഉറപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. കോഴിക്കോട് സംഘടിപ്പിച്ച ‘ഒപ്പം’ പദ്ധതിയുടെ ജില്ലാ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവശരായ ഉപഭോക്താക്കൾക്ക് റേഷൻവിഹിതം ഓട്ടോറിക്ഷയിൽ നേരിട്ട് വീട്ടിലെത്തിക്കുന്ന പൊതുവിതരണ വകുപ്പിന്റെ പദ്ധതിയാണ് ഒപ്പം.
കേരളത്തിൽ കൃഷി ചെയ്യുന്ന ചെറുധാന്യങ്ങൾ സംഭരിച്ച് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നത് പരിഗണനയിലാണെന്നും കെ സ്‌റ്റോർ പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
4. റബ്ബര്‍തൈകള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നു. റബ്ബര്‍ബോര്‍ഡ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ റബ്ബര്‍ബോര്‍ഡ് എക്‌സിക്യൂട്ടീവും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ കൊച്ചി റീജിയണല്‍ മാനേജരും ഒപ്പുവെച്ചു. വടക്കുകിഴക്കന്‍ മേഖലയിലെ എന്‍.ഇ.മിത്ര പദ്ധതിയില്‍ ഉള്‍പെടുന്ന തോട്ടങ്ങള്‍ക്കും പരമ്പരാഗതമേഖലയിലെ തോട്ടങ്ങള്‍ക്കുമാണ് ഈ പദ്ധതിയിലൂടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുക. മരമൊന്നിന് രണ്ടു രൂപയാണ് പ്രതിവര്‍ഷ പ്രീമിയം. ഒന്നു മുതല്‍ ഏഴു വര്‍ഷം വരെ പ്രായമായ തൈ ഒന്നിന് പരമാവധി 300 വരെ രൂപയും ടാപ്പുചെയ്യുന്നതിന് പാകമായ ഒരു മരത്തിന് പരമാവധി 1000 വരെ രൂപയും നഷ്ടപരിഹാരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിയണല്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി (04812576622) ബന്ധപ്പെടുക.
5. കേരഗ്രാമം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ രണ്ടാം ഘട്ട ആനുകൂല്യം വിതരണം ചെയ്തു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നാളികേര വികസനത്തിനായി നടപ്പാക്കുന്ന പദ്ധതിയാണ് കേരഗ്രാമം . 966 കർഷകർക്ക്, വളം, കുള്ളൻതെങ്ങ്, മാവ്, മാങ്കോസ്റ്റിൻ, വിയറ്റ്നാം ഏർലി പ്ലാവ് എന്നീ ഗ്രാഫ്റ്റഡ് ഇനങ്ങളാണ് വിതരണം ചെയ്തത്. നേരത്തെ രാസവളം, ജൈവ വളം, കുമ്മായം എന്നിവ വിതരണം ചെയ്തിരുന്നു. 3 വര്‍ഷം നീണ്ടുനില്‍ക്കുന്ന കേരഗ്രാമം പദ്ധതി വഴി 76 ലക്ഷം രൂപയുടെ ആനുകുല്യങ്ങളാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. തെങ്ങ് തടം തുറക്കല്‍, ജൈവവളം, തെങ്ങിന്‍തൈ വിതരണം, ഇടവിള കൃഷി, ജലസേചന സംവിധാനം, തെങ്ങുകയറ്റ യന്ത്രം, ജൈവവള യുണിറ്റ് എന്നീ ഇനങ്ങള്‍ക്കായിരുന്നു ആദ്യഘട്ടത്തിൽ ആനുകൂല്യം നല്‍കിയിരുന്നത്.
6. മത്സ്യ വിപണനത്തിനായി ഐസ് ബോക്‌സ് ഘടിപ്പിച്ച മുച്ചക്രവാഹനം, ഇൻസുലേറ്റഡ് വാഹനം എന്നിവ ലഭിക്കുന്ന പദ്ധതികളിലേക്ക് അപേക്ഷിക്കാം. പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പ്രകാരം കോട്ടയം ജില്ലയിലുള്ളവർക്ക് ആനുകൂല്യം ലഭിക്കും. മുച്ചക്രവാഹനത്തിനായി ത്രീവീലർ ലൈസൻസുള്ള രജിസ്റ്റേഡ് മത്സ്യത്തൊഴിലാളി / അനുബന്ധ തൊഴിലാളികൾക്ക് അപേക്ഷിക്കാം. വനിത അപേക്ഷകർക്ക് മുൻഗണനയുണ്ട്. 3 ലക്ഷം രൂപ വരെയുള്ള പദ്ധതി തുകയുടെ 40 ശതമാനം സബ്‌സിഡി ലഭിക്കും. 60 ശതമാനം ഗുണഭോക്തൃവിഹിതമാണ്. ദിവസേന 3 ടൺ മത്സ്യം കൈകാര്യം ചെയ്യുന്നതിന് ശേഷിയുള്ള ഇൻസുലേറ്റഡ് വെഹിക്കിൾ വാങ്ങാൻ താൽപര്യമുള്ളവർക്കും അപേക്ഷിക്കാം. 20 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്. യൂണിറ്റ് ചെലവിന്റെ 40 ശതമാനം സബ്‌സിഡി ലഭിക്കും. 60 ശതമാനം ഗുണഭോക്തൃവിഹിതമാണ്. മാർച്ച് 25നകം അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക് ഫോൺ: കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് - 0481 2566823, വൈക്കം മത്സ്യഭവൻ-04829 291550, കോട്ടയം മത്സ്യഭവൻ-0481 2434039, പാലാ മത്സ്യഭവൻ -0482 2299151.
7. കാര്‍ഷിക വായ്പകള്‍ക്ക് നൽകി വരുന്ന കടാശ്വാസത്തിന് ജൂണ്‍ 30 വരെ അപേക്ഷിക്കാം. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ 2016 മാര്‍ച്ച് 31 വരെയും, ഇടുക്കി വയനാട് ജില്ലകളിലെ കര്‍ഷകര്‍ക്ക് 2020 ആഗസ്റ്റ് 31 വരെയും കടാശ്വാസത്തിന് പരിഗണിക്കാവുന്ന വായ്പാ തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വർഷം ജനുവരി 1 മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. സഹകരണ ബാങ്കുകളില്‍ നിന്നോ/സംഘങ്ങളില്‍ നിന്നോ കർഷകർ എടുത്ത വായ്പകള്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് കടാശ്വാസം അനുവദിക്കുന്നത്.
8. കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കേന്ദ്ര കൃഷി കർഷക ക്ഷേമ വകുപ്പിന് കീഴിലുള്ള അഗ്രിക്കൾച്ചറൽ സയന്റിസ്‌റ്റ് റിക്രൂട്ട്‌മെന്റ് ബോർഡ് സബ്‌ജക്ട് മാറ്റർ സ്‌പെഷ്യലിസ്‌റ്റ്, സീനിയർ ടെക്‌നിക്കൽ ഓഫീസർ തസ്‌തികളിലേക്ക് നിയമനം നടക്കും. കേരളത്തിൽ കാസർകോട് CPCRI, എറണാകുളം CMFRI എന്നിവിടങ്ങളിൽ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുണ്ടായിരിക്കണം. പ്രായപരിധി 21 വയസിനും 35നും ഇടയിലാണ്. ഈ മാസം 22 മുതൽ ഏപ്രിൽ 10 വരെ അപേക്ഷിക്കാം. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ വച്ച് ഓൺലൈൻ എഴുത്തുപരീക്ഷ നടത്തും. വിശദവിവരങ്ങൾക്ക് http://www.asrb.org.in/ സന്ദർശിക്കാം.
9. നോമ്പുകാലം അടുത്തതോടെ മാർക്കറ്റുകളിൽ നാടൻ പച്ചക്കറിയുടെ ലഭ്യത ഉറപ്പുവരുത്താനൊരുങ്ങി ബെഹ്റൈൻ കൃഷി മന്ത്രാലയം. നാഷനൽ ഇനിഷ്യേറ്റിവ് ഫോർ ദ ഡെവലപ്മെന്റ് ഓഫ് അഗ്രികൾചറുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വദേശികളും വിദേശികളും ഉൾപ്പെടെ ബുദയ്യ മാർക്കറ്റിൽ നാടൻ പച്ചക്കറി വാങ്ങാനെത്തുന്നവർ ഏറെയാണ്. റമദാൻ സീസണിലാണ് ബെഹറൈനിൽ നാടൻ പച്ചക്കറിയുടെ വിൽപന കൂടുതൽ നടക്കുന്നത്.
10. കേരളത്തിൽ വേനൽമഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ നേരിയ തോതിൽ മഴ ലഭിക്കും. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.