കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വു നല്‍കാന്‍ വനിതാ തൊഴില്‍സേന തയ്യാര്‍.കൊല്ലം:ജില്ലയിൽ യന്ത്രവല്‍കൃത കൃഷിരീതിയില്‍ പ്രാവീണ്യം നേടിയ വനിതകളാണ് കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. നിലമൊരുക്കാനും തെങ്ങുകയറാനുമൊക്കെ ഇനി ഇവരെ ആശ്രയിക്കാം. ഗ്രാമവികസന വകുപ്പ് വഴി നടപ്പിലാക്കുന്ന സ്ത്രീ ശാക്തീകരണ നെല്‍കൃഷി വികസന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഇവരുടെ സേവനം ലഭ്യമാക്കും.
തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് സേന രൂപീകരിച്ചത്.യന്ത്രവല്‍കൃത ഞാറ് നടീല്‍ മുതല്‍ തെങ്ങ് കയറ്റത്തില്‍വരെ പരിശീലനം നല്‍കി. വിളയിറക്കാനും വിളവെടുക്കാനുമാവശ്യമായ യന്ത്രങ്ങളും നല്‍കി.ഓരോ പഞ്ചായത്തില്‍ നിന്നും പ്രതിവര്‍ഷം കുറഞ്ഞത് 40 ദിവസമെങ്കിലും മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുത്തിട്ടുള്ള വനിതകളെയാണ് സേനയില്‍ ഉള്‍പ്പെടുത്തിയത്. 10 സ്ത്രീ തൊഴിലാളികള്‍ അടങ്ങുന്ന ഓരോ പഞ്ചായത്തുകളിലെയും തൊഴില്‍ സേനയില്‍ 18 മുതല്‍ 50 വരെ പ്രായമുള്ളവരാണ് അംഗങ്ങള്‍.
ഓരോ പഞ്ചായത്തില്‍ നിന്നും തിരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ ഗ്രീന്‍ ആര്‍മി വഴി മൂന്ന് ദിവസത്തെ പ്രാഥമിക പരിശീലനം നല്‍കി. പുതിയ ബാച്ചിന് പിന്നാലെ നല്‍കും. വിവിധ കൃഷി രീതികളില്‍ ഘട്ടംഘട്ടമായി വിദഗ്ധ പരിശീലനവുമുണ്ട്. കൊട്ടാരക്കര, മുഖത്തല, വെട്ടിക്കവല, ഇത്തിക്കര, ഓച്ചിറ, ചവറ ശാസ്താംകോട്ട, എന്നീ ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന 40 പഞ്ചായത്തുകളിലെ അംഗങ്ങള്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞു.
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളെ സൗത്ത് – ഈസ്റ്റ് ഫെഡറേഷന്‍ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സൗത്ത് ഫെഡറേഷനില്‍ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രമാക്കി ശാസ്താംകോട്ട, ഓച്ചിറ, ഇത്തിക്കര, ചവറ, ചിറ്റുമല ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നു. ഈസ്റ്റ് ഫെഡറേഷനില്‍ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രമാക്കി കൊട്ടാരക്കര, പത്തനാപുരം, അഞ്ചല്‍, ചടയമംഗലം ബ്ലോക്കുകളിലെ പഞ്ചായത്തുകളുമാണുള്ളത്.യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ഞാറ് നടീല്‍, കളപറിയ്ക്കല്‍, കൊയ്ത്ത്, മെതി, തെങ്ങ് കയറ്റം, കളനാശിനി പ്രയോഗം, മറ്റ് കാര്‍ഷിക രീതികള്‍ എന്നിവയിലാണ് ഇവരുടെ വൈദഗ്ധ്യം. കൃഷിക്ക് ആവശ്യമായ യന്ത്രങ്ങള്‍ എം. കെ. എസ്. പി. പദ്ധതി വഴിയാണ് ലഭ്യമാക്കുന്നത്.ഗ്രീന്‍ ആര്‍മിയില്‍ നിന്നുള്ള രണ്ട് പരിശീലകര്‍ മാതൃക പ്രദര്‍ശന തോട്ടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനവും നല്‍കുകയാണ്.
.ആവശ്യക്കാര്‍ക്ക് നെല്‍കൃഷി, പച്ചക്കറി കൃഷി, ഡ്രിപ് ഇറിഗേഷന്‍, തെങ്ങ് കയറ്റം, കിണര്‍ റീചാര്‍ജിങ് എന്നീ മേഖലകളില്‍ തൊഴിലാളികളെ ലഭ്യമാക്കും. ഇതില്‍ നിന്ന് ലഭിക്കുന്ന തുക ഫെഡറേഷന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അടയ്ക്കണം. ഫെഡറേഷന്‍ വഴിയാണ് ഈ തുക തുല്യമായി വീതിച്ചു നല്‍കുന്നത്.കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സ്ത്രീകള്‍ക്ക് കൃഷിയുടെ സമസ്ത മേഖലകളിലും പ്രവര്‍ത്തിക്കാനുള്ള അവസരം ഒരുക്കുകയാണ് ഇപ്പോള്‍. മി. ഫെഡറേഷനുകള്‍ കേന്ദ്രീകരിച്ച് പച്ചക്കറിതൈ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.