രാജ്യത്തെ പൊതുവായുള്ള തൊഴിൽ സംസ്കാരത്തിൽ മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തി ദിനങ്ങളുടെ എണ്ണത്തിലും ജോലി സമയത്തിലുമെല്ലാം പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. 2022ൽ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിൽ അതായത് 2022-23 കാലയളവിൽ ഇത് നടപ്പിലാക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
പുതിയ നിയമങ്ങൾ പ്രകാരം ഓരോ ആഴ്ചയിലും മൂന്ന് ദിവസങ്ങൾ അവധിയും മറ്റ് നാല് ദിവസങ്ങൾ പ്രവൃത്തിദിനങ്ങളുമായിരിക്കും. ഇതിനായി കേന്ദ്രം ഇതിനോടകം അന്തിമ രൂപം നൽകിയതായും, ഇനി സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നുള്ള വ്യവസ്ഥകൾ കൂടിയാണ് വിഭാവനം ചെയ്യേണ്ടതെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഇതുവരെ 13 സംസ്ഥാനങ്ങൾ തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കരട് പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, അരുണാചല്‍ പ്രദേശ്, ഹരിയാന, ജാര്‍ഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ബീഹാര്‍, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളാണ് തൊഴിൽ നിയമഭേദഗതിയ്ക്ക് അനുകൂലമായി നിലപാട് എടുത്തത്.
ബന്ധപ്പെട്ട വാർത്തകൾ: 2022 ജനുവരിയിലെ ബാങ്ക് അവധികൾ: പൊതു, സ്വകാര്യ ബാങ്കുകൾ 16 ദിവസത്തേക്ക് അടച്ചിടും| ലിസ്റ്റ്
ബാക്കി സംസ്ഥാനങ്ങളുടെ നിലപാട് വ്യക്തമായി കഴിഞ്ഞാൽ, മൂന്ന് അവധി ദിവസങ്ങൾ, നാല് പ്രവൃത്തി ദിവസങ്ങൾ എന്ന പുതിയ തൊഴിൽ സമ്പ്രദായവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകും. വേതനം, സാമൂഹിക സുരക്ഷ, വ്യാവസായിക ബന്ധങ്ങൾ, തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയിലാണ് നാല് പുതിയ ലേബർ കോഡുകൾ രാജ്യത്ത് നടപ്പാക്കുന്നത്.
2021 ഫെബ്രുവരി 21നാണ് ഇതുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകൾക്ക് സർക്കാർ രൂപം നൽകിയത്. മൂന്ന് ദിവസം വിശ്രമം ലഭിക്കുമ്പോൾ, ബാക്കി നാല് ദിവസങ്ങളിലെ തൊഴിൽ സമയത്തും കാര്യമായ മാറ്റങ്ങൾ വരുന്നുണ്ട്. പ്രവൃത്തി ദിനങ്ങളായുള്ള നാല് ദിവസങ്ങളിൽ 12 മണിക്കൂറാണ് ജോലി സമയം. അതായത്, ആഴ്ചയിൽ 48 മണിക്കൂർ ജോലി എന്ന നിബന്ധന പാലിക്കുന്നതിനാണിത്.
പിഎഫ് കൂടും, ശമ്പളം കുറയും
പുതിയ നിയമ പ്രകാരം, ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും ഉയർന്ന പ്രൊവിഡന്റ് ഫണ്ട് ബാധ്യത വഹിക്കേണ്ടിവരുന്നു. ഇങ്ങനെ പിഎഫ് ഫണ്ട് ഉയർത്തേണ്ട സാഹചര്യം വരുന്നതിനാൽ, ശമ്പളമായി ലഭിക്കുന്ന തുകയിൽ കുറവ് വരുമെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ടേക്ക് ഹോം പേയിൽ കുറവ് വരുമെന്നത് പലരെയും ബുദ്ധിമുട്ടിലാക്കാൻ സാധ്യതയുണ്ട്.
പിഎഫിലെ വർധനവും ശമ്പളത്തിലെ കുറവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. അതിനാൽ തന്നെ ശമ്പളത്തിന്റെ പകുതി അടിസ്ഥാന വേതനവും അലവൻസുകൾ 50 ശതമാനമായി പരിമിതപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
വേതനം സംബന്ധിച്ച ചട്ടത്തിന്റെ കരട് നിയമങ്ങള്‍ 24 സംസ്ഥാനങ്ങള്‍ മുന്‍കൂട്ടി
പ്രസിദ്ധീകരിച്ചു കഴിഞ്ഞു. കര്‍ണാടക, തെലങ്കാന, പുതുച്ചേരി,ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഒഡീഷ, പഞ്ചാബ്, ഛത്തീസ്ഗഢ്, ത്രിപുര, രാജസ്ഥാന്‍, മധ്യപ്രദേശ്, ബിഹാര്‍, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഗോവ, മിസോറാം, അസം, മണിപ്പൂര്‍ , ജമ്മു കാശ്മീര്‍ എന്നിവയാണവ.