കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ക്കെതിരെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. കാലാവസ്ഥാ അതിജീവനശേഷിയും ഊര്‍ജ കാര്യക്ഷമതയും കാര്‍ഷിക മേഖലയില്‍ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ജില്ലാതല ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥയുമായി ബന്ധപ്പെട്ട് നടക്കുന്ന ഏകദിന ശില്പശാലയ്ക്ക് ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തിയുണ്ട്. പ്രളയത്തെ അതിജീവിക്കാന്‍ തയ്യാറായിരുന്ന നമ്മള്‍ ഇപ്പോള്‍ വരള്‍ച്ചയെ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന് നമ്മള്‍ തന്നെയാണ് കാരണക്കാര്‍. ഭൂമിയില്‍ മനുഷ്യര്‍ വരുത്തുന്ന മാറ്റങ്ങളാണ് ഇന്നത്തെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കാരണം.
ആലുവയിലെ 13 ഏക്കര്‍ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം ഏറെ അഭിമാനത്തോടെയാണ് ജില്ലാ പഞ്ചായത്ത് പിന്തുണ നല്‍കുന്നത്. അത്തരത്തില്‍ നല്ല മാറ്റങ്ങള്‍ക്കുവേണ്ടി നമ്മള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. കാലാവസ്ഥാ വ്യതിയാനം ഉത്പാദന മേഖലയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ തടയുവാന്‍ സാധിക്കണം. കാലാവസ്ഥയിലെ മാറ്റങ്ങള്‍ ഗൗരവമായി കണ്ട് അടുത്ത തലമുറയ്ക്ക് വേണ്ടി പ്രവര്‍ത്തനങ്ങള്‍ ഏകോകിപ്പിക്കണം. കാര്‍ഷിക മേഖലയിലെ ഉദ്യോഗസ്ഥരും മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥരും കാര്യക്ഷമമായി തന്നെ പ്രവര്‍ത്തിക്കണമെന്നും കര്‍ഷകരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചു വലിയ മുന്നേറ്റം സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശില്പശാലയില്‍ നടക്കുന്ന ചര്‍ച്ചകള്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് നമ്മള്‍ ഓരോരുത്തരും പ്രവര്‍ത്തിക്കണമെന്നും സംയോജിത പ്രവര്‍ത്തനത്തിലൂടെ നല്ല മാറ്റം സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 2018, 2019 ആഗസ്റ്റ് മാസത്തിലെ കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. 2023 ആഗസ്റ്റ് മാസത്തില്‍ വെള്ളപ്പൊക്കത്തെ നേരിടാന്‍ തയ്യാറായിരുന്ന നമ്മള്‍ ഇപ്പോള്‍ വരള്‍ച്ചയും കുടിവെള്ളക്ഷാമവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ വളരെ ഏറെ പ്രാധാന്യമുള്ള വിഷയത്തെ ആസ്പദമാക്കിയാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. ജീവിതത്തില്‍ കാലാവസ്ഥയുടെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കണം.
കാലാവസ്ഥാ വ്യതിയാനവുമായി കര്‍ഷകര്‍ പൊരുത്തപ്പെടണം. പരിസ്ഥിതിയിലെ മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ ഉദ്യോഗസ്ഥര്‍ കര്‍ഷകരെ പ്രാപ്തരാക്കണം. കാലാവസ്ഥ മാറ്റങ്ങള്‍ക്ക് അനുസൃതമായി കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കണം. അതിനനുസരിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സ്‌കീമുകളെ കുറിച്ചും ധനസഹായങ്ങളെ കുറിച്ചും കര്‍ഷകരില്‍ അവബോധം സൃഷ്ടിക്കണമെന്നും ശില്പശാലയില്‍ നടക്കുന്ന ചര്‍ച്ചയിലെ പ്രധാന കണ്ടെത്തലുകള്‍ ഡോക്യുമെന്റ് ചെയ്തു തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
കാര്‍ഷിക മേഖലയിലെ കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതത്തെ കുറിച്ചും കാലാവസ്ഥ പ്രതിരോധശേഷിയും ഊര്‍ജ കാര്യക്ഷമതയും കെട്ടിപ്പടുക്കേണ്ടതിൻ്റെ ആവശ്യകതയെകുറിച്ചും തണല്‍ മുന്‍ ഡയറക്ടര്‍ ഉഷ ശൂലപാണി വിഷയാവതരണം നടത്തി. പ്രാദേശിക കര്‍ഷകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതികളെ കുറിച്ചും മണ്ണിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിച്ചു കൃഷിയെ വളര്‍ത്തിയെടുക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ചും അവര്‍ വിശദീകരിച്ചു.
തുടര്‍ന്ന് ഊര്‍ജ കാര്യക്ഷമത കൈവരിക്കല്‍, കാലാവസ്ഥ പ്രതിരോധം കെട്ടിപ്പടുക്കല്‍ എന്നിവയെ ആസ്പദമാക്കി വീഡിയോ അവതരണവും ചര്‍ച്ചയും നടന്നു. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് എത്തിയവര്‍ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ചര്‍ച്ച നയിച്ചത്.സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എനര്‍ജി മാനേജ്‌മെന്റ് സെന്ററും കേന്ദ്രസര്‍ക്കാരിന്റെ ഊര്‍ജമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയുടെ സംസ്ഥാന നിയുക്ത ഏജന്‍സിയും സംയുക്തമായി ഊര്‍ജ സംരക്ഷണവും ഊര്‍ജ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ബോധവല്‍ക്കരണ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കേരളത്തിലെ 14 ജില്ലകളിലും ജില്ലാതല ഏകദിന ശില്പശാലകള്‍ സംഘടിപ്പിക്കുന്നത്. ഇതുവരെ തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളില്‍ ശില്പശാലകള്‍ സംഘടിപ്പിച്ചു.
ഊര്‍ജ പരിവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അസര്‍, ഇക്വിനോക്ട് എന്നീ രണ്ട് സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ശില്പശാലയില്‍ ഉദ്യോഗസ്ഥരും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പങ്കെടുക്കുന്നുണ്ട്. ഒക്ടോബറില്‍ കാസര്‍ഗോഡാണ് ജില്ലാതല ശില്പശാലകള്‍ക്ക് സമാപനം കുറിക്കുന്നത്.