തിരുവനന്തപുരം: ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെയും മിഷൻ ലൈഫിന്റെയും ഭാഗമായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ, 1 കേരള നേവൽ യൂണിറ്റ് എൻസിസിയുമായി ചേർന്ന് സൈക്കിൾ റാലിയും കടൽത്തീര ശുചീകരണ യജ്ഞവും നടത്തി.
പരിസ്ഥിതിക്ക് അനുയോജ്യമായ ജീവിതശൈലി രൂപീകരിക്കുക എന്ന സന്ദേശവുമായി ലോക സൈക്കിൾ ദിനത്തിൽ ശംഖുമുഖം ബീച്ചിൽ നിന്ന് വെട്ടുകാട് ബീച്ചിലേക്ക് നടത്തിയ സൈക്കിൾ റാലിയിൽ 50 ൽ അധികം പേർ പങ്കെടുത്തു.
സെൻട്രൽ ബ്യൂറോ ഒാഫ് കമ്മ്യൂണിക്കേഷൻ കേരള, ലക്ഷദ്വീപ് റീജിയൻ അഡീഷണൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി ഐഐഎസ്, എൻസിസി തിരുവനന്തപുരം ഗ്രൂപ് കമാൻഡർ ബ്രിഗേഡിയർ ആനന്ദ് കുമാർ എന്നിവർ ചേർന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു.
പ്രകൃതിക്ക് ഇണങ്ങിയ ജീവിതശൈലി രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ സ്വന്തം വീട്ടിൽ നിന്ന് തന്നെ ചെറിയ ചെറിയ പ്രവർത്തികളിലൂടെ കൊണ്ടുവരണമെന്ന് വി.പളനിച്ചാമി ഐഐഎസ് പറഞ്ഞു. ഇതിലൂടെ വലിയ മാറ്റങ്ങൾ സമൂഹത്തിൽ കൊണ്ടുവരാൻ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിസ്ഥിതി ക്വിസ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 200 ൽ അധികം വൃക്ഷത്തൈകളും വിതരണം ചെയ്തു. പരിസ്ഥിതിയെ കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രതിജ്ഞയും ചെയ്തു. വൃക്ഷത്തൈ നടൽ, ലഘുനാടകം എന്നിവയും നടത്തി.
സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ജോയിൻറ് ഡയറക്ടർ വി. പാർവതി , ഡിഫൻസ് പിആർഒ സുധ നമ്പൂതിരി, ഫീൽഡ് എക്സിബിഷൻ ഓഫീസർ ജൂണി ജേക്കബ്, എൻസിസി കമാൻഡിങ് ഓഫീസർ ലെഫ്റ്റനൻ്റ് കമാൻഡർ നിർമൽ എബ്രഹാം, ഫാദർ വൈ. എം. എഡിസൺ എന്നിവർ പ്രസംഗിച്ചു.
പരിസ്ഥിതിക്കനുയോജ്യമായ ജീവിതശൈലി എന്ന ആശയം മുൻ നിർത്തിയാണ് മിഷൻ ലൈഫ് ഉദ്യമത്തിന് കേന്ദ്രസർക്കാർ 2022ൽ തുടക്കമിട്ടത്.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായുള്ള വ്യക്തിപരവും കൂട്ടായതുമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയുടെ നേതൃത്വത്തിലുള്ള ആഗോള ബഹുജന പ്രസ്ഥാനമായാണ് മിഷൻ ലൈഫ് വിഭാവനം ചെയ്തിരിക്കുന്നത്.