Updated on: 4 December, 2020 11:18 PM IST
Painted storks at Koonthakulam-Photo-P.R.Sreekumar

( വള്ളിത്തായ്  എന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍ പി.ആര്‍.ശ്രീകുമാറിന്റെ ലേഖനം. ഫോണ്‍- 9447221429)

2020 മെയ് 9 -ലോകം അന്തര്‍ദേശീയ ദേശാടന പക്ഷിദിനം ആചരിക്കുകയാണ്. എല്ലാ വര്‍ഷവും മെയ്മാസത്തിലെ രണ്ടാം ശനിയാഴ്ച ഇന്ത്യ ഉള്‍പ്പെടെയുള്ള കുറെ രാജ്യങ്ങള്‍ ഈ ദിനം ആചരിക്കുമ്പോള്‍ തെക്കേ അമേരിക്ക,മെക്‌സിക്കോ,കരീബിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഒക്ടോബറിലെ രണ്ടാം ശനിയാഴ്ചയാണ് ദേശാടനപക്ഷി ദിനമായി ആചരിക്കുന്നത്. അനുകൂല കാലാവസ്ഥ പരിഗണിച്ചാണ് ഈ ദിനമാറ്റം. ലോകത്തിലെ വൈവിധ്യമാര്‍ന്ന ആവാസമേഖലയുടെ സംരക്ഷണത്തിനും അവയുടെ തനത് അവസ്ഥ പുന:സ്ഥാപിക്കുന്നതിനും പാരിസ്ഥിതികമായ ബന്ധം ഉറപ്പുവരുത്തുന്നതിനും ദേശാടനപക്ഷികളുടെ പങ്ക് അനിവാര്യമാണെന്നതിലേക്ക് വിരല്‍ ചൂണ്ടിയാണ് 'Birds connect our world' എന്ന സന്ദേശം ഈ വര്‍ഷത്തെ ദിനാചരണ വിഷയമായി സ്വീകരിച്ചിരിക്കുന്നത്.

Balpandyan with Grey pelican

കേരളത്തിലെ ദേശാടനപ്പക്ഷികള്‍

നമ്മുടെ കേരളത്തിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് ദേശാടനപക്ഷികള്‍ കൂടുതലായി എത്തുന്നത്. കൂടാതെ ആസ്‌ട്രേലിയ,റഷ്യ,സ്വിറ്റ്‌സര്‍ലന്റ്,നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമൊക്കെ പക്ഷികള്‍ കൃത്യമായി എത്തിച്ചേരുന്നുണ്ട്. ജനസാന്ദ്രത ഏറിയ കേരളത്തില്‍ വെള്ളായണി, അഷ്ടമുടി,വേമ്പനാട് എന്നീ കായലുകലോടനുബന്ധിച്ചും ഭാരതപ്പുഴ, ചാലിയാര്‍,കടലുണ്ടിപ്പുഴ തുടങ്ങിയ നദികളുടെ തീരപ്രദേശങ്ങളിലും ഇപ്പോഴും ദേശാടനപ്പക്ഷികള്‍ ധാരാളമായി എത്തിച്ചേരുന്നു. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ദേശാടനപ്പക്ഷികള്‍ ധാരാളമായി കാണപ്പെടുന്നത് അരിയകുളം,വേടന്‍ താങ്കള്‍, കൂന്തക്കുളം,മുന്‍ടെഴുപ്പ് തുടങ്ങിയ സ്ഥലങ്ങളിലാണ്.

200 ലേറെ വര്‍ഷത്തെ സൗഹൃദം

ദേശാടനപക്ഷികള്‍ കൂന്തക്കുളത്ത് വരാന്‍ തുടങ്ങിയിട്ട് 200 വര്‍ഷത്തിലേറെയായി എന്നാണ് കരുതപ്പെടുന്നത്. ദേശാടകരായി ഇവിടെ എത്തുന്ന പക്ഷികളെ വരവേല്‍ക്കാന്‍ ഗ്രാമവാസികളും കാത്തിരിക്കും. വിരുന്നുകാരായ പക്ഷികള്‍ മുട്ടയിട്ട് കുഞ്ഞുങ്ങളുമായി തിരികെപോകുംവരെ കുടുംബത്തിലെ അംഗങ്ങളെപേലെ കരുതി പക്ഷികളുടെ സംരക്ഷകരാകുന്നു ഈ നാട്ടുകാര്‍.ശക്തമായകാറ്റത്തും മഴയത്തും മരങ്ങളിലെ കൂടുകളില്‍ നിന്നും താഴെവീണു് പരുക്കേല്‍ക്കുന്ന പക്ഷിക്കുഞ്ഞുങ്ങളുടെ സംരക്ഷണം സ്വയം ഏറ്റെടുത്തയാളാണ് കൂന്തക്കുളത്തെ ബാല്‍പാണ്ഡ്യന്‍. അദ്ദേഹത്തിന്റെ വലംകൈയ്യായി നിന്ന് പക്ഷിക്കുഞ്ഞുങ്ങളെ പറക്കമുറ്റുംവരെ വളര്‍ത്തി തിരികെ സ്വതന്ത്രയാക്കുന്ന ഉത്തരവാദിത്തം ഏറ്റെടുത്തിരുന്ന അമ്മയാണ് ബാല്‍പാണ്ഡ്യന്റെ ഭാര്യ വള്ളിത്തായ്. സ്വന്തം മക്കളേക്കാളേറെ പക്ഷികളെ സ്‌നേഹിച്ച വള്ളിത്തായ് ക്രമേണ കൂന്തക്കുളമെന്ന ഗ്രാമത്തിന്റെ ഹൃദയമിടിപ്പായി മാറി.

കൂന്തക്കുളത്തെ പക്ഷിസങ്കേതം

ദേശാടനപക്ഷികളുടെ തമിഴ്‌നാട്ടിലെ പ്രധാന സങ്കേതമാണ് കൂന്തക്കുളം. തിരുനെല്‍വേലി ജില്ലയുടെ തെക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഗ്രാമമാണിത്. പക്ഷികളും അവയെ സംരക്ഷിക്കുന്ന മനുഷ്യരും ചേര്‍ന്നപ്പോള്‍ കൂന്തക്കുളമെന്ന ഗ്രാമം ലോകശ്രദ്ധ നേടി. വിദേശങ്ങളില്‍ നിന്നും വന്നെത്തുന്ന ഫ്‌ളെമിംഗോ,കാര്‍ഗണി,ബാര്‍ ഹെഡഡ് ഗൂസ് തുടങ്ങി 19 ഇനം പക്ഷികളും ഭാരതത്തിന്റെ വിവധഭാഗങ്ങളില്‍ നിന്നുമെത്തുന്ന പെയിന്റഡ് സ്റ്റോര്‍ക്ക്,േ്രഗ പെലിക്കന്‍,സ്പൂണ്‍ ബില്‍ തുടങ്ങിയ പക്ഷികളും തദ്ദേശീയരായ പക്ഷികളുമുള്‍പ്പെടെ ഏകദേശം 173 ഇനം പക്ഷികളാണ് കൂന്തക്കുളത്തുള്ളത്.

 

Vallithai Balpandian -photo by P.R.Sreekumar

പക്ഷികളുടെ പോറ്റമ്മ

 കൂന്തക്കുളത്തെ സ്ത്രീകളുടെ കഷ്ടപ്പാടുകള്‍ക്കൊരു പരിഹാരമുണ്ടാകണം എന്ന വള്ളിത്തായുടെ ചിന്തയില്‍ നിന്നാണ് ഓറഞ്ച് വനിത സ്വയം സഹായ സംഘം. (ഓറഞ്ച് മകളീര്‍ സുയ ഉതവി കുളു) രൂപപ്പെട്ടത്. പത്തു വര്‍ഷം ഓറഞ്ചിന് നേതൃത്വം നല്‍കിയ വള്ളിത്തായ് അവിടുത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും പെണ്‍കുട്ടികളുടെ വിവാഹത്തിനും സ്വയംതൊഴില്‍ കണ്ടെത്താനും വൃദ്ധന്മാരുടെയും സ്ത്രീകളുടെയും ചികിത്സയ്ക്കും ധനസഹായം നല്‍കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി. കുട്ടികളുടെയും സ്ത്രീകളുടെയും ഇടയില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കാനും പക്ഷി സംരക്ഷണത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും പ്രവര്‍ത്തിച്ചു. അവരുടെ സഹകരണത്തോടെ ആയിരത്തിലധികം മരങ്ങളും കൂന്തക്കുളത്ത് നട്ടുപിടിപ്പിച്ചു.

Dancer Kala Gokuldas as Vallithai
നികത്താനാവാത്ത നഷ്ടം
 
1995 ല്‍ ഹൃദയശസ്ത്രക്രിയ നടത്തേണ്ടി വന്നെങ്കിലും വള്ളിത്തായ് അതൊന്നും വകവയ്ക്കാതെ ജീവിച്ചു. കൂന്തക്കുളത്തെ മനുഷ്യര്‍ക്കും പക്ഷികള്‍ക്കുമായി ജീവിതം ആത്മസമര്‍പ്പണം ചെയ്തു. 2008 ജൂലൈ 17 ന് രണ്ടാമതൊരു ശസ്ത്രക്രിയ കൂടി അതിജീവിക്കാന്‍ ആ ഹൃദയത്തിന് കഴിഞ്ഞില്ല. മധുര രാജാജി ആശുപത്രിയില്‍ വള്ളിത്തായ് അവസാന ശ്വാസമെടുക്കമ്പോള്‍ ലോകത്ത് പലയിടത്തായി പറന്നു നടക്കുന്ന വള്ളിത്തായിയുടെ പ്രിയരായ കുഞ്ഞുങ്ങളുടെ ഹൃദയവും ഒരു നിമിഷം പിടച്ചിട്ടുണ്ടാകും. അത്രക്ക് ആത്മാര്‍ത്ഥത നിറഞ്ഞതായിരുന്നു ആ ജീവിതം. നൂറുകണക്കിന് മനുഷ്യര്‍ക്കും പക്ഷികള്‍ക്കും ആശ്രയമായ വളളിത്തായിയുടെ വിയോഗം ഉയര്‍ത്തിയ ശൂന്യത വളരെ വലുതായിരുന്നു. കൂന്തക്കുളം പക്ഷിസങ്കേതത്തിലെ പക്ഷി സംരക്ഷകനായി നിയോഗിക്കപ്പെട്ട ബാല്‍പാണ്ഡ്യന്റെ ചെറിയ വരുമാനത്തില്‍ നിന്നുകൊണ്ട്, നാല് മക്കളടങ്ങിയ തന്റെ കുടുംബം നോക്കാനും പരിക്കേറ്റ് ,തങ്ങളുടെ സംരക്ഷണയിലിരിക്കുന്ന പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് മീന്‍ വാങ്ങാനും ത്യാഗങ്ങള്‍ സഹിച്ച വള്ളിത്തായ്ക്കു പകരം വയ്ക്കാന്‍ മറ്റൊരാളില്ല.
Documentary Director - P.R.Sreekumar

( കുറിഞ്ഞിയുടെ ബാനറില്‍ ശ്രീകുമാര്‍ സംവിധാനം ചെയ്ത വള്ളിത്തായ് ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി മേളകളില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. 2010ലെ കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വ ചിത്രമേളയിലും 2011 ലെ ഫ്രാന്‍സില്‍ നടന്ന സ്ട്രാസ്ബര്‍ഗ് ഡോക്യുമെന്ററി മേളയിലും മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നിങ്ങള്‍ക്കും യൂട്യൂബില്‍ ചിത്രം കാണാം-- https://youtu.be/JI18dkl18lA)

English Summary: World Migratory birds Day - we can remember the foster mother of migratory birds Vallithai
Published on: 09 May 2020, 08:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now